നേടിയത് വെറും എട്ട് റണ്‍സ്, സ്ഥാനം ഇതിഹാസങ്ങള്‍ക്കൊപ്പം; പുതിയ മൈല്‍ സ്റ്റോണില്‍ ലങ്കന്‍ സിംഹം!
Sports News
നേടിയത് വെറും എട്ട് റണ്‍സ്, സ്ഥാനം ഇതിഹാസങ്ങള്‍ക്കൊപ്പം; പുതിയ മൈല്‍ സ്റ്റോണില്‍ ലങ്കന്‍ സിംഹം!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th September 2024, 8:55 am

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ 325 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. തുടര്‍ ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് 263 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ആക്രമണമാണ് ലങ്ക അഴിച്ചുവിട്ടത്. 156 റണ്‍സിനാണ് ലങ്ക ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. ഇതോടെ 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് ലങ്കയുടെ മുന്നിലുള്ളത്. നിലവില്‍ മൂന്നാം ടെസ്റ്റിലെ മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സാണ് ലങ്ക നേടിയത്.

മികച്ച തുടക്കമാണ് ലങ്കയ്ക്ക് വേണ്ടി പാത്തും നിസംങ്ക നല്‍കിയത്. 44 പന്തില്‍ ഏഴ് ഫേര്‍ അടക്കം 53 റണ്‍സ് നേടിയാണ് താരം ക്രീസില്‍ തുടരുന്നത്. ഓപ്പണര്‍ ദിമുത് കരുണരത്‌നെ എട്ട് റണ്‍സിന് പുറത്തായിരുന്നു. എന്നിരുന്നാലും തന്റെ ടെസ്റ്റ് കരിയറില്‍ ശ്രീലങ്കയ്ക്ക് വേണ്ടി ഒരു മിന്നും നേട്ടമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ടെസ്റ്റില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് ദിമുത് കരുണരത്‌നെക്ക് സാധിച്ചത്. താരത്തിന്റെ 94ാം ടെസ്റ്റിലാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. ഇതോടെ ലങ്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാമനാകാനും ദിമുത്തിന് സാധിച്ചിരിക്കുകയാണ്.

ശ്രീലങ്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരം, ഇന്നിങ്‌സ്, റണ്‍സ്

കുമാര്‍ സംഗക്കാര – 233 – 12400

മഹേല ജയവര്‍ദനെ – 252 – 11814

ഏയ്ഞ്ചലോ മാത്യൂസ് – 198 – 7734

ദിമുത് കരുണരത്‌നെ – 180 – 7007

മത്സരത്തില്‍ മൂന്നാമന്‍ കുശാല്‍ മെന്‍ഡിസ് ആറ് ഫോര്‍ അടക്കം 30 റണ്‍സ് നേടി ക്രീസില്‍ തുടരുന്നുണ്ട്.

രണ്ടാം ഇന്നിങ്‌സില്‍ ലങ്കക്കുവേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ലാഹിരി കുമാരയാണ്. നാല് വിക്കറ്റുകളാണ് താരം നേടിയത്. വിശ്വ ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റും നേടി. അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും മിലന്‍ രത്നയാകെ ഒരു വിക്കറ്റും ടീമിന് വേണ്ടി നേടി.

ഓപ്പണിങ് ഇറങ്ങിയ ബെന്‍ ഡക്കറ്റിനെ ഏഴ് റണ്‍സിന് പുറത്താക്കിയാണ് ലങ്ക തുടങ്ങിയത്. അസിത ഫെര്‍ണാണ്ടോയാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. ശേഷം ക്യാപ്റ്റന്‍ ഒല്ലി പോപ്പിനെ ലഹിരു കുമാര 7 റണ്‍സിന് പറഞ്ഞയച്ചതോടെ ടീം സമ്മര്‍ദത്തിലായി.

പിന്നീട് 12 റണ്‍സ് നേടിയ ജോ റൂട്ടിനെയും ഇംഗ്ലണ്ടിന് നഷ്ടപ്പെടുകയായിരുന്നു. വിശ്വ ഫെര്‍ണാണ്ടോയുടെ തകര്‍പ്പന്‍ ബൗളിങ്ങില്‍ എല്‍.ബി.ഡബ്ല്യൂ ആയിട്ടാണ് താരം പുറത്തായത്.

മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി ഡാന്‍ ലോറന്‍സ് 35 പന്തില്‍ 35 റണ്‍സ് ആണ് നേടിയത്. ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയതില്‍ നിര്‍ണായ പങ്ക് വഹിച്ചത് വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്താണ്. 50 പന്തില്‍ 67 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്.

എന്നാല്‍ ഹാരി ബ്രൂക്കിനും ഗസ് ആറ്റ്കിന്‍സനും രണ്ടക്കം കടക്കാന്‍ സാധിച്ചില്ലായിരുന്നു. ക്രിസ് വോക്സിനെ പൂജ്യം റണ്‍സിനും നഷ്ടമായി. ജോഷ് ഹള്‍ ഏഴ് റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ മറ്റാര്‍ക്കും ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

 

Content Highlight: Dimuth Karunaratne In Record Achievement At Test Cricket