| Saturday, 16th March 2024, 10:17 pm

പണമെറിയാന്‍ മൂന്ന് ക്ലബ്ബുകള്‍, ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സ് വിടുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും ഫോമിലുള്ള കളിക്കാരനാണ് ദിമിത്രിയോസ് ഡയമന്റക്കോസ്. ഈ സീസണിലെ ഗോള്‍ വേട്ടക്കാരില്‍ മുന്‍നിരയില്‍ ഉള്ളത് ദിമിത്രിയോസാണ്. 15 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 മെയ് 31ന് ദിമിത്രിയുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കരാര്‍ അവസാനിക്കുകയാണ്. ഈ കാര്യം മുന്നില്‍ കണ്ടുകൊണ്ട് മാനേജ്‌മെന്റ് താരവുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യങ്ങള്‍ നല്ല വഴിക്കല്ല നീങ്ങുന്നത്. അതിനാല്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഒരു തിരിച്ചടി എന്നോണം താരം ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ മൂന്ന് വമ്പന്‍ ക്ലബ്ബുകള്‍ രംഗത്തെത്തുകയും ചെയ്തു.

മോഹന്‍ ബഗാന്‍ സൂപ്പര്‍ ജെയ്ന്റ്സ്, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ എന്നീ ക്ലബ്ബുകള്‍ മുന്‍നിരയെ നയിക്കാന്‍ കരുത്തനായ ഒരു വിദേശ താരത്തെ തേടുകയാണ്. അതിനാല്‍ ഈ മൂന്നു ക്ലബ്ബുകളും താരത്തിനു വേണ്ടി കളത്തില്‍ ഇറങ്ങും.

2022-23 ഐ.എസ്.എല്‍ സീസണിലാണ് താരം ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. ഒരു വര്‍ഷമായിരുന്നു താരത്തിന്റെ കരാര്‍. മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന്റെ കരാര്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു.

തുടക്കം മുതല്‍ അഡ്രിയാന്‍ ലൂണക്കൊപ്പമുള്ള കെമിസ്ട്രി വര്‍ക്കാകുകയും മികച്ച പ്രകടനത്തില്‍ ടീമിനെ മുന്നോട്ടു കൊണ്ടുപോകാനും സഖ്യത്തിന് സാധിച്ചു. 2023ന്റെ അവസാനത്തില്‍ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് ഈ കൂട്ടുകെട്ട് കാരണമാണ്. എന്നാല്‍ അപ്രതീക്ഷിതമായി ലൂണക്ക് പരിക്ക് പറ്റിയത് ടീമിന് തിരിച്ചടി ആവുകയായിരുന്നു. എന്നാലും ദിമിത്രിയോസ് ഗോളടി തുടര്‍ന്നു.

അതേസമയം അവസാന മത്സരത്തില്‍ മോഹന്‍ ബഗാനെതിരെ തോല്‍വി വഴങ്ങിയ കേരളം ആദ്യ നാലില്‍ ഫിനിഷ് ചെയ്യാനുള്ള സാധ്യതകള്‍ ഇല്ലാതാക്കി. മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഒരു മത്സരം കൂടുതല്‍ കളിച്ച മുംബൈ 39 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്.

Content Highlight: Dimitrios Diamantakos is likely to leave Kerala Blasters

We use cookies to give you the best possible experience. Learn more