2023 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആവേശത്തോടെ നടന്നുകൊണ്ടിരിക്കുകയാണ്. ടൂര്‍ണമെന്റിലെ ആദ്യപകുതി പിന്നിടുമ്പോള്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 23 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എഫ്. സി ഗോവയും 11 മത്സരങ്ങളില്‍ നിന്നും 23 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സുമാണ് രണ്ടാം സ്ഥാനത്ത്.
ഇപ്പോഴിതാ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമാന്റക്കോസ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 11 ക്ലബ്ബുകള്‍ക്കെതിരെയും ഗോള്‍ നേടുന്ന ഏക താരമെന്ന നേട്ടമാണ് ഈ ഗ്രീക്ക് സ്‌ട്രൈക്കര്‍ സ്വന്തമാക്കിയത്.
കേരള ബ്ലാസ്റ്റേഴ്‌സ് 2022ല്‍ ടീമിലെത്തിച്ച ഡയമന്‍ഡക്കോസ് ഐ.എസ്.എല്ലിൽ കളിക്കുന്ന എല്ലാ ടീമുകള്‍ക്കെതിരെയും ഗോള്‍ നേടിയെന്ന സവിശേഷമായ നേട്ടമാണ് താരം സ്വന്തം പേരില്‍ കുറിച്ചത്.
കേരളത്തിനായി 30 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഡയമന്‍ഡക്കോസ് 16 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. ഈ സീസണിലും മിന്നും ഫോമിലാണ് താരം കളിക്കുന്നത്. ഇതിനോടകം തന്നെ ഈ സീസണില്‍ 9 മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് ഡയമന്‍ഡക്കോസിന്റെ സമ്പാദ്യം. ഗ്രീക്ക് താരത്തിന്റെ മിന്നും ഫോമാണ് കേരളത്തെ പോയിന്റ് ടേബിളിള്‍ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത്.
കഴിഞ്ഞ ദിവസം കേരളത്തിന്റെ ഹോം ഗ്രൗണ്ട് ആയ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മുംബൈക്കെതിരെ നടന്ന മത്സരത്തിലും ഡയമന്‍ഡക്കോസ് മികച്ച പ്രകടനം നടത്തിയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും നേടികൊണ്ടാണ് താരം ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്.
നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ 11 റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ എഴു വിജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയും അടക്കം 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മഞ്ഞപ്പട. ഒന്നാം സ്ഥാനത്തുള്ള ഗോവയുമായി അഞ്ച് ഗോള്‍ വ്യത്യാസമാണ് കേരളത്തിലുള്ളത്.
ഐ.എസ്.എല്ലില്‍ ഡിസംബര്‍ 27ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. മോഹന്‍ ബഗാന്റെ തട്ടകമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Dimitrios diamantakos create a new record in ISL.