ഫുട്ബോളിനോടുള്ള അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ എന്താണെന്ന് അന്ന് ഞാൻ നേരിട്ട് കണ്ടു: ബെർബറ്റോവ്
Football
ഫുട്ബോളിനോടുള്ള അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ എന്താണെന്ന് അന്ന് ഞാൻ നേരിട്ട് കണ്ടു: ബെർബറ്റോവ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th September 2024, 1:38 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പമുള്ള സമയത്തെ ഓര്‍മകളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ദിമിത്താര്‍ ബെര്‍ബറ്റോവ്. ദി ടെലിഗ്രാഫിന് നല്‍കിയ ആഭിമുഖത്തിലാണ് മുന്‍ ഇംഗ്ലണ്ട് താരം ഇക്കാര്യം പറഞ്ഞത്.

‘ഞാനും റൊണാള്‍ഡോയും ഒരുമിച്ച് ഒരു വര്‍ഷം കളിച്ചു. റൊണാള്‍ഡോ ആ സമയങ്ങളില്‍ ഒരു അനിമലിനെ പോലെയാണ് പരിശീലനം നടത്തിയത്. ഏറ്റവും മികച്ചവനാവാന്‍ അവന്‍ പരമാവധി ശ്രമിച്ചു. അവന്റ ആ ഡെഡിക്കേഷന്‍ നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. അവന്‍ ഒരു പരിശീലന സെക്ഷനുകളും നഷ്ടമാക്കിയതായി ഞാന്‍ ഓര്‍ക്കുന്നില്ല,’ ബെര്‍ബറ്റോവ് പറഞ്ഞു.

റൊണാള്‍ഡോ 2003ലാണ് സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. പിന്നീട് റെഡ് ഡെവിള്‍സിനൊപ്പം അവിസ്മരണീയമായ ഒരു ഫുട്‌ബോള്‍ യാത്രയാണ് പോര്‍ച്ചുഗീസ് ഇതിഹാസം സൃഷ്ടിച്ചെടുത്തത്.

2008ലാണ് ബെര്‍ബറ്റോവ് ഓള്‍ഡ് ട്രാഫോഡില്‍ എത്തുന്നത്. ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നുമാണ് ബെര്‍ബറ്റോവ്വ് റെഡ് ഡെവിള്‍സിന്റെ തട്ടകത്തിലെത്തിയത്. റൊണാള്‍ഡോയും ബെര്‍ബറ്റോവും ഒരു വര്‍ഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പന്തുതട്ടിയത്. ഇരുവരും, 39 മത്സരങ്ങളിലാണ് റെഡ് ഡെവിള്‍സിനായി ഒരുമിച്ച് കളിച്ചിട്ടുള്ളത്. ഇതില്‍ അഞ്ച് സംയുക്ത ഗോളുകളും ഇരുവരും ചേര്‍ന്ന് നേടി.

2009ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ എത്തുന്നത്. പിന്നീട് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റ്‌സിന് വേണ്ടിയും റൊണാള്‍ഡോ ബൂട്ട് കെട്ടി.

2021ല്‍ റൊണാള്‍ഡോ വീണ്ടും തന്റെ പഴയ തട്ടകമായ ഓള്‍ഡ് ട്രാഫോഡിലേക്ക് ചേക്കേറിയിരുന്നു. രണ്ട് കാലഘട്ടങ്ങളിലായി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പന്തുതട്ടിയ റൊണാള്‍ഡോ 346 മത്സരങ്ങളില്‍ നിന്നും 145 ഗോളുകളും 64 അസിസ്റ്റുകളുമാണ് നേടിയത്.

2022ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍ നിന്നും സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറുന്നത്. സൗദി വമ്പന്‍മാര്‍ക്ക് വേണ്ടി പ്രായത്തെ വെല്ലുന്ന പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

സൗദി ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ അല്‍ വെഹ്ദയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തില്‍ അല്‍ നസറിനായി റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു.

അല്‍ നസറിനു വേണ്ടി റൊണാള്‍ഡോ നേടുന്ന 70ാംഗോള്‍ ആയിരുന്നു ഇത്. ഈ ഗോള്‍ നേടിയതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടവും അല്‍ നസര്‍ നായകന്‍ സ്വന്തമാക്കിയിരുന്നു. നാല് വ്യത്യസ്ത ക്ലബ്ബുകള്‍ക്ക് വേണ്ടി 70 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടത്തിലേക്കാണ് റൊണാള്‍ഡോ നടന്നുകയറിയത്.

ഇനി റൊണാള്‍ഡോയുടെ മുന്നിലുള്ളത് ഇന്ന് നടക്കുന്ന എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിലെ മത്സരമാണ്. അല്‍ അവാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ റയാനെയെയാണ് അല്‍ നസര്‍ നേരിടുക.

 

Content Highlight: Dimitar Berbetov Talks About Cristiano Ronaldo