Sports News
ലോകത്തെ മികച്ച സ്‌ട്രൈക്കറായി ഞാന്‍ തെരഞ്ഞെടുക്കുന്നത് ക്രിസ്റ്റിയാനോയെ അല്ല: മുന്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 11, 03:39 am
Tuesday, 11th February 2025, 9:09 am

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസതാരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ തന്റെ 40ാം വയസില്‍ 924 കരിയര്‍ ഗോളുകള്‍ സ്വന്തമാക്കി ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും അധികം ഗോളുകള്‍ നേടിയ താരം എന്ന നേട്ടത്തോടെ കുതിക്കുകയാണ് റോണോ.

നിലവില്‍ ക്ലബ് ലെവലില്‍ അല്‍ നസറിനു വേണ്ടി ആറുമാസത്തെ കരാര്‍ നീട്ടിയിരിക്കുകയാണ് റൊണാള്‍ഡോ. 96 മത്സരങ്ങളില്‍ നിന്ന് 88 ഗോളുകളാണ് റൊണാള്‍ഡോ അല്‍ നസറിനു വേണ്ടി നേടിയത്. പ്രായത്തേക്കാള്‍ കവിഞ്ഞ അമ്പരപ്പിക്കുന്ന പ്രകടനമാണ് റോണോ കാഴ്ചവെക്കുന്നത്.

എന്നാല്‍ ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ  മികച്ച സ്ട്രൈക്കര്‍ റൊണാള്‍ഡോ അല്ലെന്ന് പറഞ്ഞിരിക്കുകയാണ് ബള്‍ഗേറിയയുടെ മുന്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്. റൊണാള്‍ഡോ മികച്ചതാണെന്നും, എന്നാല്‍ തന്റെ മനസിലുള്ളത് മികച്ച താരം മുന്‍ താരം മാര്‍ക്കോ വാന്‍ ബാസ്റ്റെനാണെന്നാണ് ദിമിദര്‍ പറഞ്ഞത്.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച താരമാണ്. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറായി ഞാന്‍ തെരഞ്ഞെടുക്കുന്ന താരം അത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്ല. എന്നെ സംബന്ധിച്ച് നെതര്‍ലാന്‍ഡ്സ് ഇതിഹാസം മാര്‍ക്കോ വാന്‍ ബാസ്റ്റെനാണ് ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍,’ ദിമിതര്‍ ബെര്‍ബറ്റോവ് പറഞ്ഞു.

28ാം വയസിലാണ് ഫുട്‌ബോളില്‍ മാര്‍ക്കോ അവസാന മത്സരം കളിച്ചത്. 1993ല്‍ കണങ്കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം കളത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. മൂന്ന് ബാലണ്‍ ഡി ഓര്‍ അവാര്‍ഡുകള്‍, രണ്ട് സീരി എ ടോപ് സ്‌കോറര്‍ കിരീടങ്ങള്‍, ഒരു ഫിഫ പുരുഷ കളിക്കാരനുള്ള അവാര്‍ഡ് എന്നിവ അദ്ദേഹം നേടിയിരുന്നു. 1992ലാണ് അദ്ദേഹം ഫിഫ പുരുഷ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കുന്നത്. തന്റെ ഫുട്‌ബോള്‍ കരിയറില്‍ 300 ഗോളുകള്‍ സ്വന്തമാക്കാനും വാന്‍ ബെസ്റ്റെന് സാധിച്ചു.

 

Content Highlight: Dimitar Berbatov Talking About Marco van Basten