ഇപ്പോഴത്തെ നായകന്‍ അഞ്ചലോ മാത്യൂസ് ഉള്‍പ്പെടെ പല താരങ്ങളുടെയും അന്നത്തെ പെരുമാറ്റം സംശയകരമായിരുന്നെന്ന് ദില്‍ഷന്‍.
കൊളംബോ: സഹതാരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ശ്രീലങ്കന്‍ ടീമില്‍ നിന്നും വിരമിച്ച തിലകരത്‌ന ദില്‍ഷന്‍. താന്‍ ക്യാപ്റ്റനായ 2011 ഏപ്രിലിനും 2012 ജനുവരിയ്ക്കും ഇടയിലുള്ള കാലത്ത് ചില സഹതാരങ്ങളില്‍ നിന്നും തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ല എന്നാണ് ദില്‍ഷന്‍ പറഞ്ഞത്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം നായകസ്ഥാനത്തു നിന്നും പെട്ടെന്ന് പുറത്താക്കിയത് തന്നെ അത്യന്തം വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ കരിയറിലെ അവസാന ഏകദിനം കളിച്ച ശേഷമായിരുന്നു ദില്‍ഷന്റെ വെളിപ്പെടുത്തല്‍. കുമാര്‍ സംഗക്കാരയ്ക്കും മഹേള ജയവര്‍ദ്ധനയ്ക്കും ശേഷമാണ് ദില്‍ഷന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നത്.
” ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ എനിക്കു പദ്ധതിയുണ്ടായിരുന്നില്ല. മറ്റാരെയെങ്കിലും കണ്ടെത്തുന്നവരെ ആറുമാസം സ്ഥാനം ഏറ്റെടുക്കാന്‍ എസ്.എല്‍.സി പ്രസിഡന്റ് ആവശ്യപ്പെടുകയായിരുന്നു.” ദില്‍ഷന്‍ പറയുന്നു.
” ദൗര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് രണ്ടു ബൗളര്‍മാരെക്കൂടി നഷ്ടപ്പെട്ടു. മുരളി (മുത്തയ്യ മുരളീധരന്‍) വിരമിച്ചു. നുവാന്‍ കുലശേഖരയ്ക്കു പരുക്കും. അജാന്ത മെന്തിനു പരുക്കേറ്റു. എനിക്കു വലിയ റിസോഴ്‌സ് കിട്ടിയില്ല.” അദ്ദേഹം പറയുന്നു.
ഇപ്പോഴത്തെ നായകന്‍ അഞ്ചലോ മാത്യൂസ് ഉള്‍പ്പെടെ പല താരങ്ങളുടെയും അന്നത്തെ പെരുമാറ്റം സംശയകരമായിരുന്നെന്ന് ദില്‍ഷന്‍ പറയുന്നു. മാത്യൂസ് താന്‍ നായകനായ ഒരു വര്‍ഷം പരിക്ക് കാരണം കളിച്ചിരുന്നില്ലെന്നും എന്നാല്‍ നായക സ്ഥാനത്ത് നിന്നും താന്‍ മാറി ഒരാഴ്ച്ചക്കകം മാത്യൂസ് കളിക്കളത്തില്‍ തിരിച്ചെത്തിയതായും ദില്‍ഷന്‍ സൂചിപ്പിക്കുന്നു.
“ആഞ്ചലോ മാത്യൂസിന് പരുക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം ബോളിങ്ങില്‍ നിന്നു വിട്ടുനിന്നു. അതെല്ലാം എന്റെ ദൗര്‍ഭാഗ്യം കാരണമായിരിക്കാം. കാരണം ഞാന്‍ താഴെയിറങ്ങിയശേഷം ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ ഓസ്‌ട്രേലിയയിലേക്കു പോയി. ആ ആഴ്ച മാത്യൂസ് ബൗള്‍ ചെയ്യാന്‍ തുടങ്ങി. അതൊരുപക്ഷേ മഹേളയുടെ ഭാഗ്യമാവാം.” അദ്ദേഹം അഭിപ്രായപ്പെട്ടു.
നായക സ്ഥാനത്തു നിന്നും പുറത്താക്കിയത് വേദനിപ്പിച്ചെങ്കിലും തുടര്‍ന്ന് നടന്ന ഓസീസ് പര്യടനത്തില്‍ 500ല്‍ അധികം റണ്‍സ് നേടാനും പരമ്പരയിലെ കേമന്‍ പട്ടം സ്വന്തമാക്കാനും തനിക്ക കഴിഞ്ഞു. നായക സ്ഥാനത്തു നിന്നും തന്നെ പുറന്തള്ളുന്നതിന് ആരാണ് ചരടുവലിച്ചതെന്നത് എന്നെ സംബന്ധിച്ചിടത്തോളം അപ്രസക്തമായിരുന്നു. എന്നും രാജ്യത്തിനായാണ് കളിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.