ചെന്നൈ: കരസേന ക്വാര്‍ട്ടേഴ്‌സില്‍ ദില്‍ഷന്‍ എന്ന പതിമൂന്നുകാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ മുന്‍സൈനികന്‍ ലഫ്. കേണല്‍ കന്തസാമി രാമരാജിനെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രാമരാജിന് കോടതി 60,000 രൂപ പിഴയും ചുമത്തി. ഇതില്‍ 50,000 രൂപ ദില്‍ഷന്റെ മാതാവിന് നല്‍കാനും കോടതി നിര്‍ദേശിച്ചു.
ഇതിന് പുറമെ കലാവധി കഴിഞ്ഞ തോക്ക് ലൈസന്‍സ് കൈവശം വച്ചതിന് മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷയും ഒരു വര്‍ഷത്തെ വെറും തടവും കന്തസവാമി അനുഭവിക്കണം. എല്ലാ ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. കൊലപാതകം, ലൈസന്‍സിലാത്ത തോക്ക് കൈവശം വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് രാമരാജിനെതിരെയുള്ളത്.
കഴിഞ്ഞ വര്‍ഷം ജൂലായ് മൂന്നിന് കരസേന ക്വാര്‍ട്ടേഴ്‌സിന്റെ കോമ്പൗണ്ടില്‍ ബദാം പറിക്കാനായി എത്തിയപ്പോഴാണ് ദില്‍ഷന് വെടിയേറ്റത്. ഇന്ദിരാനഗര്‍ ചേരി നിവാസിയാണ് ദില്‍ഷന്‍.
ജൂലൈ മൂന്നിന് ഉച്ചയോടെ ദില്‍ഷനും മൂന്ന് കൂട്ടുകാരും ബദാംപെറുക്കാന്‍ നിരോധിത മേഖലയായ കോംപൗണ്ടില്‍ പ്രവേശിച്ചു. മരത്തില്‍ കയറിയ കുട്ടികളെ സൈനികര്‍ വിരട്ടിയോടിച്ചു. കൂടെയുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ മതില്‍ചാടി കടന്നു പുറത്തെത്തിയെങ്കിലും ദില്‍ഷനു കടക്കാനായില്ല. പുറത്തെത്തിയ കുട്ടികള്‍ നാട്ടുകാരെ കൂട്ടിയെത്തിയപ്പോള്‍ മതിലിന് പുറത്തുനെറ്റിയില്‍ വെടിയേറ്റ നിലയില്‍ ദില്‍ഷനെ കണ്ടെത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ജയലളിത കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ജൂലൈ 10ന് കന്തസ്വാമിയെ പിടികൂടി. കേസില്‍ എഴുപത് സാക്ഷികളെയാണ് വിസ്തരിച്ചത്.