| Thursday, 2nd November 2023, 7:10 pm

തലയരിഞ്ഞ അഞ്ച് പേരും കൊമ്പന്‍മാര്‍; മുത്തയ്യക്ക് പോലും സാധിക്കാത്തത് ചെയ്തുകാട്ടി 23കാരന്‍, ഇതാ ലങ്കയുടെ ഭാവി

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ 32ാം മത്സരത്തിന് മുംബൈ വാംഖഡെ സ്റ്റേഡിയം വേദിയാവുകയാണ്. മുന്‍ ചാമ്പ്യന്‍മാരായ ഇന്ത്യയും ശ്രീലങ്കയുമാണ് സ്റ്റാര്‍ സ്റ്റഡ്ഡഡ് ക്ലാഷില്‍ കൊമ്പുകോര്‍ക്കുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് നേടി. ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.

യുവതാരം ദില്‍ഷന്‍ മധുശങ്കയാണ് ലങ്കക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞത്. പത്ത് ഓവറില്‍ 80 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് മധുശങ്ക നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് ഈ ഇടംകയ്യന്‍ പേസര്‍ പുറത്താക്കിയത്.

ലോകകപ്പില്‍ ശ്രീലങ്കക്കായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന നാലാമത് മാത്രം താരമാണ് ദില്‍ഷന്‍ മധുശങ്ക. അഷാന്ത ഡി മെല്‍, ചാമിന്ദ വാസ്, ലസിത് മലിംഗ എന്നിവരാണ് ലങ്കക്കായി ഇതിന് മുമ്പ് ലോകകപ്പുകളില്‍ ശ്രീലങ്കക്കായി അഞ്ച് വിക്കറ്റ് നേടിയ താരങ്ങള്‍.

ലോകകപ്പില്‍ ശ്രീലങ്കക്കായി ഫൈഫര്‍ പൂര്‍ത്തിയാക്കിയ താരങ്ങള്‍

(താരം – വര്‍ഷം – എതിരാൡകള്‍ എന്നീ ക്രമത്തില്‍)

അഷാന്ത ഡി മെല്‍ – പാകിസ്ഥാന്‍ – 1983

അഷാന്ത ഡി മെല്‍ – ന്യൂസിലാന്‍ഡ് – 1983

ചാമിന്ദ വാസ് – ബംഗ്ലാദേശ് – 2003

ലസിത് മലിംഗ – കെനിയ – 2011

ദില്‍ഷന്‍ മധുശങ്ക – ഇന്ത്യ – 2023

ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയതോടെ 2023 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനും മധുശങ്കക്കായി. നിലവില്‍ 18 വിക്കറ്റാണ് ലങ്കന്‍ ലെഫ്റ്റ് ആം പേസറുടെ പേരിലുള്ളത്.

മധുശങ്കക്ക് പുറമെ ദുഷ്മന്ത ചമീര മാത്രമാണ് ഇന്ത്യക്കെതിരെ വിക്കറ്റ് നേടിയത്. സൂപ്പര്‍ താരം മുഹമ്മദ് ഷമിയും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും റണ്‍ ഔട്ടാവുകയായിരുന്നു.

വിക്കറ്റ് നേടാന്‍ സാധിച്ചില്ലെങ്കിലും സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഏയ്ഞ്ചലോ മാത്യൂസിന്റെ ബൗളിങ് പ്രകടനവും ശ്രദ്ധ നേടിയിരുന്നു. മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 3.67 എന്ന മികച്ച എക്കോണമിയില്‍ 11 റണ്‍സ് മാത്രമാണ് മാത്യൂസ് വഴങ്ങിയത്.

ഇന്ത്യയുയര്‍ത്തിയ 357 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ലങ്കക്ക് തുടക്കത്തിലേ പിഴച്ചിരിക്കുകയാണ്. സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടാണ് ലങ്ക ഉഴറുന്നത്.

ആദ്യ ഓവറിലെ ആദ്യ പന്തില്‍ ജസ്പ്രീത് ബുംറ പാതും നിസംഗയെ വിക്കറ്റിന് മുമ്പില്‍ കുടുക്കി പുറത്താക്കിയപ്പോള്‍ രണ്ടാം ഓവരിലെ ആദ്യ പന്തില്‍ ദിമുത് കരുണ രത്‌നയെ മുഹമ്മദ് സിറാജും എല്‍.ബി.ഡബ്ല്യൂവിലൂടെ പുറത്താക്കി.

നിലവില്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ലങ്ക. സധീര സമരവിക്രമയുടെ വിക്കറ്റാണ് ലങ്കക്ക് മൂന്നാമതായി നഷ്ടമായത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ ശ്രേയസ് അയ്യരിന് ക്യാച്ച് നല്‍കിയാണ് സമരവിക്രമ പുറത്തായത്.

Content Highlight: Dilshan Madhushanka picks 5 wickets against India

We use cookies to give you the best possible experience. Learn more