Entertainment news
ബിഗ് ബോസില്‍ നിന്ന് ട്രോഫിയുമായി പുറത്തിറങ്ങിയപ്പോള്‍ ചിരിക്കുന്ന ഒരു മുഖവും ഞാന്‍ കണ്ടില്ല; നേരിട്ടത് വലിയ സൈബര്‍ ആക്രമണം: ദില്‍ഷ പ്രസന്നൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 19, 11:17 am
Thursday, 19th October 2023, 4:47 pm

ബിഗ് ബോസ് സീസൺ ഫോറിന്റെ വിന്നറായിരുന്നു ദിൽഷ പ്രസന്നൻ. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ സന്തോഷിക്കുന്ന മുഖങ്ങളാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ നേരെ തിരിച്ചായിരുന്നു സംഭവിച്ചതെന്നും ദിൽഷ പറഞ്ഞു. പുറത്തിറങ്ങിയപ്പോൾ ഒരുപാട് പ്രശ്നങ്ങൾ തരണം ചെയ്യേണ്ടി വന്നിരുന്നെന്നും വായിക്കാൻ പോലും പറ്റാത്ത രീതിയിലുള്ള കമന്റുകളാണ് ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോയുടെ അടിയിൽ വന്നിരുന്നതെന്നും ദിൽഷ കൂട്ടിച്ചേർത്തു. ധന്യാവർമയുമൊത്തുള്ള അഭിമുഖത്തിലാണ് താരം തന്റെ ദുരനുഭവം പങ്കുവെച്ചത്.

‘ഒരു വിന്നർ ആയിട്ട് ഇറങ്ങുമ്പോൾ നമുക്ക് ഒരുപാട് സന്തോഷങ്ങളാണ് ഉണ്ടാവേണ്ടത്. വലിയൊരു അച്ചീവ്മെൻറ് ആണ്, വീട്ടുകാർ സന്തോഷിക്കുമെന്നായിരുന്നു ഞാൻ സ്വപ്നം കണ്ടിരുന്നത്. ഞാൻ ട്രോഫി കൊണ്ട് ഇറങ്ങുമ്പോൾ ഒരുപാട് സന്തോഷിക്കുന്ന മുഖങ്ങളാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അത് നേരെ തിരിച്ചായിരുന്നു.

പുറത്തിറങ്ങിയപ്പോൾ തന്നെ ഒരുപാട് പ്രശ്നങ്ങളായിരുന്നു ഞാൻ ഫേസ് ചെയ്യേണ്ടി വന്നത്. എന്റെ കുടുംബത്തെയും അത് നന്നായിട്ട് എഫക്ട് ചെയ്തു. പിന്നെ ഞാൻ കാണുന്നത് അച്ഛൻ, അമ്മ, ചേച്ചി,അനിയത്തി എല്ലാവരും കരയുന്നതാണ്. അങ്ങനെയുള്ള കോളുകളും മെസ്സേജുകളുമാണ് വന്നത്. അതുപോലെയുള്ള ഒരുപാട് പ്രശ്നങ്ങൾ ഞാൻ ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അത് എന്നെ ഭയങ്കരമായിട്ട് തളർത്തി.


ആ ട്രോഫി ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഒന്ന് മനസ്സമാധാനത്തോടെ കണ്ടത് ഒന്ന് രണ്ട് മാസങ്ങൾ കഴിഞ്ഞതിനുശേഷമാണ്.

 

എനിക്ക് ഒരുപാട് ഹേറ്റേഴ്സ് ഉണ്ടായിട്ടുണ്ട്. ഞാൻ പുറത്തിറങ്ങിയതിനു ശേഷം സോഷ്യൽ മീഡിയയിൽ എന്നെ ഫോളോ ചെയ്ത ആളുകൾ തന്നെ അൺഫോളോ ചെയ്യാൻ വേണ്ടി ക്യാമ്പയിൻ തുടങ്ങി. ഞാനൊരു വീഡിയോയോ ഫോട്ടോയോ ഇട്ടു കഴിഞ്ഞാൽ അതിനു താഴെ നെഗറ്റീവ് കമന്റുകൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്ന രീതിയിലായിരുന്നു.

ഞാൻ ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോ ഇടുമ്പോൾ അതിന്റെ താഴെയുള്ള കമൻറ്സ് നോക്കാൻ എനിക്ക് പേടിയാണ്. എന്നെക്കുറിച്ച് മാത്രമല്ല എന്റെ ചേച്ചിയെയും, അമ്മയെയും അച്ഛനെയും അനിയത്തിയേയുമെല്ലാം ചേർത്താണ് കമന്റ്സ് ഇടാറുള്ളത്,’ ദിൽഷ പ്രസന്നൻ പറഞ്ഞു.

Content Highlight: Dilsha prasannan about her bad experience after big boss