| Saturday, 28th October 2023, 1:01 pm

ഇപ്പോള്‍ സന്തോഷിക്കുന്നതിന് പിന്നില്‍ ഒരുപാട് സങ്കടങ്ങള്‍; എനിക്ക് സിന്‍ഡ്രെല കഥയുമായി ഒരു ബന്ധമുണ്ട്: ദില്‍ഷ പ്രസന്നന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നെ വെറുക്കുന്നവരുണ്ടെങ്കിലും തനിക്ക് ആരെയെങ്കിലും വെറുക്കണമെന്നോ ദേഷ്യം കാണിക്കണമെന്നോയില്ലെന്ന് ദില്‍ഷ പ്രസന്നന്‍. തന്റെ ആദ്യ സിനിമയായ ഓഹ് സിന്‍ഡ്രെലയുടെ ഭാഗമായി കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

താന്‍ സിനിമയുടെ കാര്യത്തില്‍ അധികം പബ്ലിസിറ്റി കൊടുത്തിരുന്നില്ലെന്നും ഇപ്പോള്‍ ഈ സന്തോഷിക്കുന്നതിന്റെ പിന്നില്‍ ഒരുപാട് സങ്കടങ്ങളുണ്ടായിട്ടുണ്ടെന്നും ദില്‍ഷ പറയുന്നു. ശോഭന ചെയ്തത് പോലെയുള്ള കഥാപാത്രങ്ങളെ ചെയ്യാനാണ് ആഗ്രഹമെന്നും ദില്‍ഷ കൂട്ടിചേര്‍ത്തു.

സിന്‍ഡ്രെല എന്ന ഫാന്റസി കഥയുമായി തന്റെ സിനിമക്ക് ഒരു ബന്ധവുമില്ലെങ്കിലും പേഴ്‌സണല്‍ ലൈഫിന് സിന്‍ഡ്രെല കഥയുമായി ബന്ധമുണ്ടെന്നും ദില്‍ഷ പറയുന്നുണ്ട്.

‘എനിക്ക് ആഗ്രഹം ശോഭന ചേച്ചി ചെയ്തത് പോലെയുള്ള കഥാപാത്രങ്ങളെ ചെയ്യാനാണ്. മണിചിത്രത്താഴ് പോലെയുള്ളവ. ഡാന്‍സുമായി ബന്ധപ്പെട്ട സിനിമ തന്നെ വേണമെന്നില്ല. മണിചിത്രത്താഴ് സിനിമയില്‍ ശോഭന ചേച്ചി ഡാന്‍സ് മാത്രമല്ലല്ലോ ചെയ്യുന്നത്. അതില്‍ നന്നായിട്ട് അഭിനയിക്കാനുമുണ്ടല്ലോ. അതു കൊണ്ട് അങ്ങനെയൊന്ന് ചെയ്യാനാണ് താല്‍പര്യം. അത്യാവശ്യം നമ്മുടെ കഴിവുകള്‍ കാണിക്കാന്‍ പറ്റുന്ന കഥാപാത്രങ്ങളോടാണ് താല്‍പര്യമുള്ളത്.

ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഈ സന്തോഷിക്കുന്നതിന്റെ പിന്നില്‍ ഒരുപാട് സങ്കടങ്ങളുണ്ടായിട്ടുണ്ട്. സിനിമയിലെ കഥയെ എന്റെ കഥയായിട്ട് വേണമെങ്കില്‍ പറയാം. പക്ഷെ ഞങ്ങളുടെ സിനിമയുടെ പേര് ഓ സിന്‍ഡ്രെല എന്നാണെങ്കിലും സിന്‍ഡ്രെല എന്ന ഫാന്റസി കഥയുമായി സിനിമക്ക് ഒരു ബന്ധവുമില്ല. അതില്‍ വേറെ തന്നെയൊരു കഥയാണ് പറയുന്നത്. എന്നാല്‍ എന്റെ പേഴ്‌സണല്‍ ലൈഫിന് സിന്‍ഡ്രെല കഥയുമായി ബന്ധമുണ്ട്.

ഞാന്‍ സിനിമയുടെ കാര്യത്തില്‍ അധികം പബ്ലിസിറ്റി കൊടുത്തിരുന്നില്ല. ഞാന്‍ ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് പറയുകയോ സിനിമയുടെ ഷൂട്ടിങ്ങിലാണെന്ന് എവിടെയെങ്കിലും പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. എങ്കിലും കുറച്ച് പേര്‍ക്ക് ഞാന്‍ സിനിമ ചെയ്യുന്നകാര്യം അറിയാമായിരുന്നു. ആ സിനിമയുടെ പോസ്റ്റര്‍ റിലീസായതും എനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്റെ ഫാമിലിയിലുള്ളവരും ഫ്രണ്ട്‌സുമൊക്കെ എന്നെ വിളിച്ചു. അതോടെ കൂടുതല്‍ സന്തോഷം തോന്നി.

എന്നെ വെറുക്കുന്നവരും ഇഷ്ടപ്പെടുന്നവരുമുണ്ട്. എന്നാല്‍ എനിക്ക് അങ്ങനെ ആരെയെങ്കിലും വെറുക്കണമെന്നോ ദേഷ്യം കാണിക്കണമെന്നോയില്ല. എന്നെ വെറുക്കുന്നവരെ തിരിച്ച് ഞാന്‍ വെറുക്കണമെന്നുള്ള മൈന്‍ഡ് സെറ്റുള്ള ആളല്ല ഞാന്‍. എന്റെ അടുത്തേക്ക് ആരു വന്ന് ചിരിച്ചു സംസാരിച്ചാലും ഞാന്‍ തിരിച്ച് അങ്ങോട്ടും അങ്ങനെ ചിരിച്ചു കൊണ്ട് സംസാരിക്കും. ആരെന്നെ വെറുത്താലും ഞാന്‍ എവിടെയെത്തണമെന്ന കാര്യത്തില്‍ എനിക്കൊരു ലക്ഷ്യമുണ്ട്. അവിടെയെത്തും വരെ ഞാന്‍ പ്രയത്‌നിക്കും. ഒരുപാട് ആളുകള്‍ എന്നെ വെറുക്കുന്ന സമയത്തും ഞാന്‍ എവിടെയും നിന്നു പോയിട്ടില്ല,’ ദില്‍ഷ പറയുന്നു.

Content Highlight: Dilsha About Her LIfe And Movie

Latest Stories

We use cookies to give you the best possible experience. Learn more