| Wednesday, 31st July 2024, 4:29 pm

ചരിത്രത്തിലെ ആദ്യ താരം! കാനഡയിൽ ഇടിമിന്നലും കൊടുങ്കാറ്റും ഒരുമിച്ചെത്തി

സ്പോര്‍ട്സ് ഡെസ്‌ക്

ഗ്ലോബല്‍ കാനഡ ടി-20 ലീഗില്‍ മോന്റ്‌റിയല്‍ ടൈഗേഴ്‌സിന് തകര്‍പ്പന്‍ ജയം. ബ്രാംറ്റണ്‍ വോള്‍വസിനെ 42 റണ്‍സിനാണ് ടൈഗേഴ്‌സ് പരാജയപ്പെടുത്തിയത്. ബ്രാംപറ്റണിലെ സി.എ.എ സെന്ററില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ടൈഗേഴ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വോള്‍വസ് 18.5 ഓവറില്‍ 124 റണ്‍സിന് പുറത്താവുകയായിരുന്നു.

ടൈഗേഴ്‌സിന് വേണ്ടി സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് കാനഡ താരം ദില്‍പ്രീത് ബജ്‌വ നടത്തിയത്. 55 പന്തില്‍ പുറത്താവാതെ 100 റണ്‍സാണ് താരം നേടിയത്. 10 ഫോറുകളും ആറ് സിക്‌സുകളുമാണ് ദില്‍പ്രീത് അടിച്ചെടുത്തത്.

ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കി. ഗ്ലോബല്‍ ടി-20 കാനഡയില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഡൊമസ്റ്റിക് താരമെന്ന നേട്ടമാണ് ദില്‍പ്രീത് സ്വന്തമാക്കിയത്. ഇതിനുപുറമേ ഈ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി മാറാണ് കാനഡ താരത്തിന് സാധിച്ചു. ഇതിന് മുമ്പ് ഈ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടിയത് മുന്‍ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ്‌ലും സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍താരം ഹെന്റിച്ച് ക്ലാസനുമാണ്.

അതേസമയം ബ്രാംപ്റ്റണിനായി ആന്‍ഡ്രൂ ടൈ മൂന്ന് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ജാക്ക് ജാര്‍വിസ്, ബ്യൂ വെബ്സ്റ്റര്‍, അഖില്‍ കുമാര്‍, അഭിജയ് മാന്‍സിങ് എന്നിവര്‍ ഓരോ വീതം വിക്കറ്റും നേടി.

ടൈഗേഴ്‌സ് ബൗളിങ്ങില്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം അസ്മത്തുള്ള ഒമര്‍ സായി നാല് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ വോള്‍വസ് തകര്‍ന്നടിയുകയായിരുന്നു. കലിം സന, സഹൂര്‍ ഖാന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റും അയാന്‍ അഫ്‌സല്‍ ഖാന്‍, ഷറഫാനെ റൂനഥര്‍ ഫോര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

വോള്‍വസിനായി നാല് പന്തില്‍ 54 റണ്‍സ് നേടി ജോര്‍ജ് മുന്‍സി മികച്ച പ്രകടനം നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ജയത്തോടെ മൂന്നു മത്സരങ്ങളില്‍ മൂന്ന് വിജയിച്ചു കൊണ്ട് ആറു പോയിന്റവിടെ ഒന്നാം സ്ഥാനത്താണ് മോന്റ്‌റിയല്‍. മറുഭാഗത്ത് മൂന്നു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും രണ്ടു തോല്‍വിയും അടക്കം രണ്ടു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്രാംപ്റ്റണ്‍.

ഓഗസ്റ്റ് ഒന്നിന് വാന്‍കുവര്‍ നൈറ്റ്‌സിനെതിരെയാണ് വോള്‍വസിന്റെ അടുത്ത മത്സരം. ഓഗസ്റ്റ് രണ്ടിന് നടക്കുന്ന മത്സരത്തില്‍ ടൈഗേഴ്‌സ് ടോറന്റൊ നാഷണല്‍സിനെയും നേരിടും.

Content Highlight: Dilpreet Bajwa Greate Performance in GT20 Canada League

We use cookies to give you the best possible experience. Learn more