നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് താന്‍ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് ബംഗാള്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ ദീലീപ് ഘോഷ് എം.പി. ആലോചിച്ച് ഉറച്ചു തന്നെയാണ് ആ പ്രസ്താവന നടത്തിയതെന്നും ദിലീപ് ഘോഷ് പറഞ്ഞു.
നിങ്ങള്‍ കരുതുന്നത് ഞാന്‍ പറഞ്ഞത് തെറ്റാണ് എന്നാണെങ്കില്‍ ഗവേഷണം നടത്തി തെളിയിക്കൂ ഞാന്‍ പറഞ്ഞത് തെറ്റാണെന്ന്. ആര്‍ക്കാണോ ഗവേഷണം നടത്തേണ്ടതില്ല എന്ന് തോന്നുന്നത് അവര്‍ക്ക് നമ്മുടെ പൈതൃകത്തോട് സ്നേഹമുണ്ട്- ദിലീപ് ഘോഷിന്റെ പ്രതികരണം.
താന്‍ പറഞ്ഞത് പോളണ്ട്, അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നടന്ന ഗവേഷണങ്ങളില്‍ തെളിഞ്ഞതാണെന്നും ദിലീപ് ഘോഷ് പറഞ്ഞു. ആളുകള്‍ തന്നെ എതിര്‍ക്കുന്നത് താന്‍ ബി.ജെ.പിക്കാരനായതു കൊണ്ടാണ്. ബീഫ് കഴിക്കുന്നവര്‍ക്ക് പാലിന്റെ മഹാത്മ്യം എങ്ങനെ മനസ്സിലാവാനാണ് എന്നും ദീലീപ് ഘോഷ് പ്രതികരിച്ചു.
ദീലീപ് ഘോഷിന്റെ വാക്കുകള്‍ ബുദ്ധിമുട്ടിലാക്കിയത് മണപ്പുറം ഫിനാന്‍സിനെ. ബംഗാളിലെ ദാങ്കുനിയിലെ മണപ്പുറം ഫിനാന്‍സിന്റെ ശാഖയിലേക്കൊരാള് എത്തിയത് രണ്ട് പശുക്കളുമായാണ്. ആവശ്യം ഗോള്‍ഡ് ലോണാണ്.ഈ രണ്ട് പശുക്കളെയും പണയമായി സ്വീകരിച്ച് തനിക്ക് ഗോള്‍ഡ് ലോണ്‍ അനുവദിക്കണമെന്നാണ് ആവശ്യം. പശുവിന് പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് ബി.ജെ.പി നേതാവ് പറഞ്ഞത് കേട്ടപ്പോള്‍ ഈ വ്യക്തി കരുതിയത് തനിക്ക് പശുക്കളെ പണയം വെച്ചാല്‍ ഗോള്‍ഡ് ലോണ്‍ ലഭിക്കുമെന്നാണ്. ഒരു പ്രാദേശിക ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഞാനിവിടെ എത്തിയത് എന്നോടൊപ്പമുള്ള പശുക്കളെ നല്കി ഗോള്‍ഡ് ലോണ്‍ എടുക്കാനാണ്. ഞാന്‍ കേട്ടു പശുവിന് പാലിന് സ്വര്‍ണ്ണമുണ്ടെന്ന്. എന്റെ കുടുംബം കഴിയുന്നത് പശുക്കളെ ആശ്രയിച്ചാണ്. എനിക്ക് 20 പശുക്കളുണ്ട്, എനിക്ക് ഈ ലോണ്‍ കിട്ടുകയാണെങ്കില്‍ എന്റെ വ്യവസായം വിപുലീകരിക്കാന്‍ കഴിയുമെന്ന് ഇയാള്‍ ചാനലിനോട് പറഞ്ഞു.
അതിനിടെ ഗരള്ഗച്ച ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍ മനോജ് സിംഗ് ദിലീപ് ഘോഷ് എം.പിക്കെതിരെ രംഗത്തെത്തി. പശുവിന്‍പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് അവകാശപ്പെട്ടതിന് ദിലീപ് ഘോഷിന് നോബല്‍ സമ്മാനം നല്‍കണം. പശുവിന്‍പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് ദീലീപ് ഘോഷ് പറഞ്ഞതിന് ശേഷം എല്ലാ ദിവസവും ആളുകള്‍ എന്നോട് വന്ന് ചോദിക്കുകയാണ് പശുവിനെ പണയം വച്ചാല്‍ എത്ര രൂപ വായ്പ ലഭിക്കുമെന്ന്. അവര്‍ പറയുന്നത് അവരുടെ പശു ദിനേന 15-16 ലിറ്റര്‍ പാല് തരും,അതുകൊണ്ട് അവര്‍ക്ക് വായ്പ ലഭിക്കണമെന്ന് ആവശ്യപ്പെടുകയാണെന്ന് മനോജ് സിംഗ് പറഞ്ഞു.