കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ ന്യായീകരിച്ച് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്.
മമത ബാനര്‍ജി തങ്ങളുടെ മുഖ്യമന്ത്രിയാണെന്നും ബംഗാളിന്റെ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയില്‍ അവര്‍ പ്രവര്‍ത്തിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു.
” ഒരു സ്ത്രീ സാരിയില്‍ കാലുകള്‍ കാണിക്കുന്നത് അനുചിതമാണ്. ആളുകള്‍ എതിര്‍ക്കുന്നു. ഞാനും അതിനെ എതിര്‍ക്കുന്നു, അതിനാല്‍ ഞാന്‍ അത് പറഞ്ഞു,’ ദിലീപ് ഘോഷ് പറഞ്ഞു.
മമതയ്‌ക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ ദിലീപ് ഘോഷിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ് തന്റെ പ്രസ്താവനയെ ന്യായീകരിച്ച് ഇയാള്‍ രംഗത്തെത്തിയത്.
പുരുലിയയിലെ റാലിക്കിടെയായിരുന്നു മമതയെ അധിക്ഷേപിച്ചുകൊണ്ടുള്ള ദിലീപ് ഘോഷിന്റെ പരാമര്‍ശം.
‘പ്ലാസ്റ്റര്‍ മുറിച്ചുമാറ്റി ഒരു ക്രേപ്പ് ബാന്റേജ് ഇട്ടു. ഇപ്പോള്‍ അവര്‍ എല്ലാവര്‍ക്കുമായി അവരുടെ കാല്‍ പ്രദര്‍ശിപ്പിക്കുകയാണ്. സാരി ധരിച്ചെങ്കിലും അവരുടെ ഒരു കാല് കാണുന്നുണ്ട്. ആരും ഇതുപോലെ സാരി ഉടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. നിങ്ങളുടെ കാലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എന്തിനാണ് സാരി ഉടുക്കുന്നത്,ഒരു ജോടി ബര്‍മുഡ ധരിക്കുക, അങ്ങനെയാണെങ്കില്‍ എല്ലാവര്‍ക്കും ശരിക്കും കാണാന്‍ കഴിയും,” എന്നായിരുന്നു ദിലീപ് ഘോഷിന്റെ അധിക്ഷേപം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക