മോഹന്‍ലാലിന്റെ വില്ലന്‍ വേഷം ചെയ്യാനൊരുങ്ങി ദിലീഷ് പോത്തന്‍
Mollywood
മോഹന്‍ലാലിന്റെ വില്ലന്‍ വേഷം ചെയ്യാനൊരുങ്ങി ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th April 2018, 12:24 pm

സഹനടനായും സംവിധായകനായും എത്തി മഹേഷിന്റെ പ്രതികാരം എന്ന സിനിമയൊരുക്കി പ്രേക്ഷകശ്രദ്ധ നേടിയ വ്യക്തിയാണ് ദിലീഷ് പോത്തന്‍. സംവിധായകന്‍ എന്നതിലുപരി നടന്‍ എന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചതാണ്.

പിന്നീട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രമൊരുക്കി പ്രേക്ഷകരെ വീണ്ടും തന്റെ സംവിധാന മികവ് അദ്ദേഹം കാണിച്ചു. ഇപ്പോഴിതാ മലയാളികളെ വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ് ദിലീഷ്.

നടനായും സംവിധായകനായും തിളങ്ങിയ ദിലീഷ് ഒരു വില്ലനായി ഒരു ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്നാണ് പുതിയവാര്‍ത്ത. മോഹന്‍ലാല്‍ നായകനായെത്തുന്ന നീരാളി എന്ന ചിത്രത്തിലാണ് ദിലീഷിന്റെ വില്ലന്‍ വേഷം അരങ്ങേറ്റം നടത്തുന്നത്.


ALSO READ: എന്നെ ഇത്രയും നാള്‍ സഹിച്ചതിന് നസ്രിയയ്ക്ക് ഒരായിരം നന്ദി’; പുരസ്‌കാര വേദിയില്‍ വികാരധീനനായി ഫഹദ്- വീഡിയോ


അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഷങ്ങള്‍ക്കുശേഷം നദിയ മൊയ്തു മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നു എന്ന പ്രത്യേകതയും നീരാളിക്കുണ്ട്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാര്‍വ്വതി നായരാണ്.

വില്ലനായി മാത്രമല്ല നായകനായും താന്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ദിലീഷ് പോത്തന്‍. ബിജു ദാസ് സംവിധാനം ചെയ്യുന്ന ലിയാന്‍സ് എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് നായകനായി എത്താന്‍ തയ്യാറാകുന്നത്. പ്രമുഖ താരം ഹരീഷ് പേരടി ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.