വ്യത്യസ്തമായ സിനിമകളിലൂടെ മലയാളികള്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും, ജോജി തുടങ്ങി വെറും മൂന്ന് ചിത്രങ്ങളിലൂടെയാണ് മലയാളത്തിലെ മികച്ച സംവിധായകനായി അദ്ദേഹം മാറിയത്.
ദിലീഷ് പോത്തന്‍ അഭിനയിച്ച് ഈയിടെ തിയേറ്ററില്‍ എത്തിയ ചിത്രമാണ് റൈഫിള്‍ ക്ലബ്. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സെക്രട്ടറി അവറാന്‍ എന്ന ശക്തമായ കഥാപാത്രമായിട്ടാണ് ദിലീഷ് എത്തിയത്. സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു സെക്രട്ടറി അവറാന്റേത്.
ഇപ്പോള്‍ ഈ സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും പറയുകയാണ് ദിലീഷ് പോത്തന്‍. സെക്രട്ടറി അവറാനെ പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ സന്തോഷമാണെന്നും അങ്ങനെ സിനിമാറ്റിക്കായ കഥാപാത്രങ്ങള്‍ വളരെ കുറച്ച് ചെയ്തിട്ടുള്ള നടനാണ് താനെന്നുമാണ് അദ്ദേഹം പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.
‘സെക്രട്ടറി അവറാനെ പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ സന്തോഷമാണ്. എനിക്ക് അത്തരം കഥാപാത്രങ്ങള്‍ കുറച്ച് കൗതുകം കൂടെയാണ്. കാരണം ഞാന്‍ അങ്ങനെ സിനിമാറ്റിക് ആയ കഥാപാത്രങ്ങള്‍ വളരെ കുറച്ച് ചെയ്തിട്ടുള്ള നടനാണ്. ഞാന്‍ എപ്പോഴും സിനിമ തെരഞ്ഞെടുക്കുമ്പോള്‍ റിയലിസ്റ്റിക്കായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കാറുള്ളത്.
എനിക്ക് ഹീറോ ഫീച്ചേഴ്‌സ് കുറവാണെന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. കണ്‍വെന്‍ഷണല്‍ ഹീറോയുടെ ഫീച്ചേഴ്‌സ് ഒക്കെ കുറവാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതുകൊണ്ട് ക്യാരക്ടര്‍ റോളുകള്‍ തെരഞ്ഞെടുക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. റൈഫിള്‍ ക്ലബ് പോലെയുള്ള പടങ്ങളിലാണ് എനിക്ക് ഒരല്‍പ്പം ഹീറോയിസമുള്ള മൊമന്റുകളൊക്കെ കിട്ടിയത്. അപ്പോള്‍ അത് കണ്ടുകൊണ്ടിരിക്കാന്‍ നല്ല രസമാണ് (ചിരി).
പ്രേക്ഷകര്‍ തിയേറ്ററില്‍ ഇരുന്ന് കാണുമ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്തതിന്റെ ഭാഗമായി ഒരു ചെറിയ ഇവന്റ് പോലും വലുതായിട്ട് സെലിബ്രേറ്റ് ചെയ്യപ്പെടുന്നത് പോലെയുള്ള ഒരു അവസ്ഥയാകും. എഴുത്തുകാരനും സംവിധായകനും അത് ഒരു ഹീറോയിക് ഇവന്റില്‍ എത്തിച്ചിട്ടുണ്ടാകും. അപ്പോള്‍ നമുക്ക് അധികം എഫേര്‍ട്ട് ഇല്ലാതെ കയ്യടി കിട്ടുന്നത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ ദിലീഷ് പോത്തന്‍ പറയുന്നു.
Content Highlight: Dileesh Pothen Talks About Rifle Club Movie