Entertainment
അയാള്‍ ഫഹദിനൊപ്പം ജോജിയില്‍ വന്നാല്‍ നന്നാകുമെന്ന് തോന്നി; പറഞ്ഞ സാലറി കൂടുതലായതിനാല്‍ വേണ്ടെന്ന് വെച്ചു: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 07, 02:02 pm
Friday, 7th March 2025, 7:32 pm

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും, ജോജി തുടങ്ങി വെറും മൂന്ന് ചിത്രങ്ങളിലൂടെ തന്നെ മലയാളത്തിലെ മികച്ച സംവിധായകനായി മാറിയ ആളാണ് ദിലീഷ് പോത്തന്‍. ഇപ്പോള്‍ ഫഹദ് ഫാസില്‍ നായകനായി എത്തിയ ജോജി സിനിമയില്‍ അഭിനയിക്കാനായി ഒരു നടനെ വിളിച്ചതിനെ കുറിച്ച് പറയുകയാണ് അദ്ദേഹം.

എന്നാല്‍ ആ നടന്‍ പറഞ്ഞ തുക തങ്ങള്‍ക്ക് താങ്ങാവുന്നതിനും മുകളിലായത് കൊണ്ട് അദ്ദേഹത്തെ വേണ്ടെന്ന് വെക്കുകയായിരുന്നു എന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘ചിലരെ സിനിമയിലേക്ക് വിളിക്കുമ്പോള്‍ അവര്‍ പറയുന്ന തുക നമുക്ക് അഫോര്‍ഡബിളാകില്ല. നമ്മള്‍ ഒരു പടം പ്രൊഡ്യൂസ് ചെയ്യുന്നുവെന്ന് കരുതുക. അതിലേക്ക് ചില അഭിനേതാക്കളെയും ചില ടെക്‌നീഷ്യന്‍സിനെയും നമ്മള്‍ ആഗ്രഹത്തോടെ വിളിക്കും.

പക്ഷെ അവര്‍ അവസാനം നമുക്ക് അഫോര്‍ഡബിള്‍ അല്ലെന്ന് മനസിലാകും. അപ്പോള്‍ നമുക്ക് ചെയ്യാന്‍ പറ്റുന്നത്, അവരെ മാറ്റി മറ്റൊരാളെ വെയ്ക്കുക എന്നത് മാത്രമാണ്. അതില്‍ വേറെ അത്ഭുതങ്ങളൊന്നുമില്ല. സിനിമയില്‍ എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് അത്.

ഞാന്‍ ജോജി സിനിമ ചെയ്യുന്ന സമയത്ത് അതിലെ ഒരു ക്യാരക്ടര്‍ ഒരാള്‍ ചെയ്യണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം ആ കഥാപാത്രം ചെയ്താല്‍ നന്നാകുമെന്ന് ഞങ്ങള്‍ക്ക് തോന്നി. അന്ന് അയാളെ വിളിച്ചപ്പോള്‍ ആ വേഷം ചെയ്യാമെന്ന് പറഞ്ഞു.

ജോജി എന്ന സിനിമ ചെയ്യാന്‍ അദ്ദേഹം ഒരുപാട് എക്‌സൈറ്റഡായി. പക്ഷെ അയാള്‍ സാലറി പറഞ്ഞപ്പോള്‍ അന്നത്തെ അവസ്ഥയില്‍ ഞങ്ങള്‍ക്ക് അഫോര്‍ഡബിളല്ലായിരുന്നു. ആ ബജറ്റ് ഞങ്ങള്‍ക്ക് ഓക്കെയായിരുന്നില്ല.

അവസാനം ഞാന്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ചു. ‘നമുക്ക് അത്രയും ബജറ്റില്ല, നമുക്ക് മറ്റേതെങ്കിലും പടത്തില്‍ സഹകരിക്കാം’ എന്ന് ഞാന്‍ പറഞ്ഞു. ഒരാളുടെ ശമ്പളം നമുക്ക് പറ്റാത്തതാണെങ്കില്‍ അയാള്‍ക്ക് പകരം മറ്റൊരാളെ കണ്ടെത്തുക എന്നതാണ് കാര്യം,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Dileesh Pothen Talks About Joji Movie