'നോ ബീഫ് ഒണ്‍ലി ഉള്ളിക്കറി,' തിയേറ്ററില്‍ ചിരിയുണര്‍ത്തി ദിലീഷ് പോത്തന്‍
Film News
'നോ ബീഫ് ഒണ്‍ലി ഉള്ളിക്കറി,' തിയേറ്ററില്‍ ചിരിയുണര്‍ത്തി ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th March 2022, 9:27 am

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ട് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം തിയേറ്ററുകളില്‍ വ്യാഴാഴ്ച റിലീസ് ചെയ്തിരിക്കുകയാണ്. കൊവിഡിന്റെ നീണ്ട ഇടവേളക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് മമ്മൂട്ടി നടത്തിയിരിക്കുന്നത്. തിയേറ്ററുകള്‍ പൂരപ്പറമ്പാക്കിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വലിയ താരനിര അണിനിരന്ന ചിത്രത്തിലെ പല കഥാപാത്രങ്ങളും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ദിലീഷ് പോത്തന്‍ അവതരിപ്പിച്ച ജെയിംസ് എന്ന കഥാപാത്രം. ഒരു രാഷ്ട്രീയക്കാരനായിട്ടാണ് ദിലീഷ് പോത്തന്‍ ഈ ചിത്രത്തിലെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സമകാലിക രാഷ്ട്രീയ സംഭവങ്ങള്‍ ദിലീഷ് പോത്തനിലൂടെ അവതരിപ്പിക്കുന്നുണ്ട്.

ബീഫ് രാഷ്ട്രീയവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമെല്ലാം ഇതില്‍ ഉള്‍പ്പെടും. സിനിമയില്‍ ദിലീഷിന്റെ കഥാപാത്രം ഹോട്ടലില്‍ കയറുമ്പോള്‍ കഴിക്കാന്‍ ബീഫ് പറയട്ടെയെന്ന് ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി ദിലീഷ് പറയുന്നത് ‘നോ ബീഫ് ഒണ്‍ലി ഉള്ളിക്കറി,’ എന്നാണ്. ഈ രംഗം തിയേറ്ററില്‍ ചിരി പടര്‍ത്തിയിരുന്നു.

അതുപോലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കാര്യം ദിലീഷിന്റെ മദാമ്മയും മകനും സംഭാഷണത്തിലൂടെയും കടന്നുവരുന്നുണ്ട്.

മദാമ്മക്കും മകനും തിരുത വാങ്ങിക്കൊണ്ടു പോകുന്ന മുന്‍ എം.പിയായ കോണ്‍ഗ്രസ് നേതാവിനെയാണ് ദിലീഷ് പോത്തനിലൂടെ അവതിരിപ്പിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്

Bheeshma Parvam on Twitter: "Here's the Character poster 5 from #BheeshmaParvam Dileesh Pothan as JAMES #Mammootty https://t.co/HWZ14pmkNk" / Twitter

എണ്‍പതുകളിലെ കഥയാണ് പറഞ്ഞതെങ്കിലും സമകാലിക സാമൂഹിക രാഷ്ട്രീയ സംഭവങ്ങള്‍ ചിത്രത്തില്‍ പറഞ്ഞുപോകുന്നുണ്ട്. എന്തായാലും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി നിറഞ്ഞ തിയേറ്ററുകളില്‍ ഭീഷ്മ പര്‍വം പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ മാസ് എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

അമല്‍ നീരദും മമ്മൂട്ടിയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്താണോ അത് കൃത്യമായി തരാന്‍ ഭീഷ്മ പര്‍വ്വത്തിനായിട്ടുണ്ട്. മാസ്, സ്ലോ മോഷന്‍, പഞ്ച് ഡയലോഗ്സ്, സ്‌റ്റൈലിഷ് മേക്കിങ്ങ്, ബി.ജി.എം ഇതെല്ലാം ചേര്‍ന്ന് തിയേറ്ററില്‍ മികച്ച ഒരു എക്സ്പീരിയന്‍സ് തന്നെയാണ് ഭീഷ്മ പര്‍വ്വം നല്‍കുന്നുണ്ട്.


Content Highlight: dileesh pothen character in bheeshma parvam