രണ്ട് പ്രാവശ്യം പ്രിവ്യൂ കണ്ടിട്ടും രോമാഞ്ചം വര്‍ക്കാവില്ലെന്ന് ആ നിര്‍മാതാവ് പറഞ്ഞു, റിലീസിന് ശേഷം മൂന്ന് തവണയാണ് അദ്ദേഹം തിയേറ്ററില്‍ വന്നത്: ദിലീഷ് പോത്തന്‍
സിനിമ ഹിറ്റാവുന്നതിന് പിന്നിലുള്ള ഘടകങ്ങളെ പറ്റി സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍. റിലീസിന് മുമ്പ് ഒരു സിനിമയെ ജഡ്ജ് ചെയ്യാന്‍ സാധിക്കില്ലെന്നും അത് മനസിലാക്കാന്‍ സാധിക്കുമെങ്കില്‍ എല്ലാവരുടെയും ചിത്രം തിയേറ്ററുകളില്‍ ഓടേണ്ടതാണെന്നും ദിലീഷ് പറഞ്ഞു. രോമാഞ്ചം എന്ന ചിത്രം രണ്ട് പ്രാവശ്യം പ്രിവ്യൂ കണ്ടിട്ടും ഓടില്ലെന്ന് വിചാരിച്ച ഒരു നിര്‍മാതാവിന്റെ അനുഭവവും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍ പങ്കുവെച്ചു.
‘റിലീസിന് മുമ്പ് ഒരു സിനിമ ജഡ്ജ് ചെയ്യാന്‍ പറ്റുമെങ്കില്‍ എല്ലാവരും നല്ല സിനിമകള്‍ മാത്രമല്ലേ എടുക്കുകയുള്ളൂ. നമുക്ക് പറയാന്‍ പറ്റില്ല. അങ്ങനെ പറ്റുമെങ്കില്‍ എല്ലാവരുടേയും സിനിമ ഓടണ്ടേ.
രോമാഞ്ചം കാണാന്‍ തിയേറ്ററില്‍ പോയപ്പോള്‍ ഒരു നിര്‍മാതാവിനെ അവിടെ വെച്ച് യാദൃശ്ചികമായി കണ്ടു. ഞാനിത് മൂന്നാമത്തെ പ്രാവശ്യമാണ് കാണാന്‍ വരുന്നത്, രണ്ട് പ്രാവശ്യവും ഇതിന്റെ പ്രിവ്യൂ കണ്ടിരുന്നു, രണ്ട് തവണയും വര്‍ക്കാവുമെന്ന് കരുതിയില്ല, പക്ഷേ അപ്രതീക്ഷിതമായി തിയേറ്ററില്‍ വര്‍ക്കായിരിക്കുകയാണ്, എന്തുകൊണ്ടാണ് ഇത് വര്‍ക്കായതെന്ന് മനസിലാക്കാന്‍ വേണ്ടി മൂന്നാമതും വന്നതാണെന്ന് എന്നോട് പറഞ്ഞു. അതാണ് സിനിമയുടെ മാജിക്. രോമാഞ്ചത്തിന്റെ ഗാംബ്‌ളിങ് സ്വഭാവം അത് തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്.
എല്ലാ സിനിമക്കും ആ പ്ലോട്ട് പോയിന്റ് മുമ്പോട്ട് കൊണ്ടുപോകുന്ന ഒരു രസച്ചരട് ഉണ്ടാവും. ചിലത് തമാശ കൊണ്ടാവും മുമ്പോട്ടേക്ക് പോകുന്നത്, ചിലതില്‍ ഉദ്വേഗജനകമായ സാഹചര്യം ഉള്ളതുകൊണ്ടാവാം, ചിലതിനെ അതിലെ ഇമോഷന്‍സായിരിക്കാം ഡ്രൈവ് ചെയ്യുന്നത്. ഓരോ സിനിമയേയും മുമ്പോട്ട് ഡ്രൈവ് ചെയ്യുന്നത് ഓരോ തരത്തിലുള്ള ഡിമാന്‍ഡ് ആയിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.
സിനിമയെ പറ്റിയുള്ള റിവ്യൂകള്‍ താന്‍ കാണാറുണ്ടെന്നും റിവ്യൂ ചെയ്യുന്ന ആളെ കൂടിയാണ് അപ്പോള്‍ വിലയിരുത്തുന്നതെന്നും ദിലീഷ് പറഞ്ഞു.
‘ഞാന്‍ റിവ്യൂവിനെ അത്ര ഭയപ്പെടുന്ന ഒരാളല്ല. റിവ്യൂകളൊക്കെ കാണാറുണ്ട്. കാണുമ്പോള്‍ രണ്ട് കാര്യങ്ങളാണ് ചെയ്യുക. റിവ്യൂ ചെയ്യുന്ന ആളെ കൂടിയാണ് ഞാന്‍ വിലയിരുത്തുന്നത്. ആരെങ്കിലും ഒരാള്‍ നല്ലതാണെന്ന് പറഞ്ഞിട്ട് ഞാന്‍ സിനിമ കാണാന്‍ പോവാറില്ല. ഇദ്ദേഹം മുമ്പ് ഏതൊക്കെ സിനിമ നല്ലതാണെന്ന് പറഞ്ഞു, അദ്ദേഹം ഒരു സിനിമയെ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഞാന്‍ ആ റിവ്യൂവിനെ വിലയിരുത്തുന്നത്. അല്ലാതെ ഒരാള്‍ ഒരു സിനിമ മോശമാണെന്ന് പറഞ്ഞാല്‍ അത് വേണ്ടെന്ന് വെക്കുന്ന ആളല്ല ഞാന്‍,’ ദിലീഷ് പറഞ്ഞു.