| Friday, 8th December 2023, 11:09 am

ഇപ്പോള്‍ എല്ലാവരും മാസ് ഇടിപ്പടത്തിന് പിറകെ, വ്യക്തിപരമായി പറഞ്ഞാല്‍ ഇപ്പോള്‍ പെട്ടിരിക്കുകയാണ്: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ സിനിമകളാണെങ്കിലും എന്റര്‍ടൈന്‍മെന്റ് വാല്യു ഉണ്ടെങ്കില്‍ ആളുകള്‍ തിയേറ്ററില്‍ വരുമെന്നും അതിന് അതൊരു ബിഗ് ബജറ്റ് ചിത്രമാകണമെന്നില്ലെന്നും സംവിധായകന്‍ ദിലീഷ് പോത്തന്‍.

വിക്രം പോലെ കെ.ജി.എഫ് പോലൊരു പടം മലയാളത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും ദിലീഷിനെപ്പോലൊരു സംവിധായകന് മേലും മലയാളം ഇന്‍ഡസ്ട്രിക്ക് മേലും അതുണ്ടാക്കുന്ന സമ്മര്‍ദ്ദം എത്രയാണെന്നുമുള്ള ചോദ്യത്തിനായിരുന്നു ദിലീഷ് പോത്തന്റെ മറുപടി. ദി ടാബ് ഇന്‍ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ഇപ്പോള് പെട്ടിരിക്കുകയാണെന്ന് പറയാം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും കഴിഞ്ഞിട്ട് കുറച്ച് കൊമേഴ്ഷ്യല്‍ സ്ട്രക്ചറില്‍ ഉള്ള സിനിമ ചെയ്യാമെന്ന് തീരുമാനിച്ച് അതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജോജി സംഭവിച്ചത്. പിന്നെ ഇപ്പോള്‍ എല്ലാവരും മാസ് ഇടിപ്പടത്തിന്റെ പിറകെയാണ്. ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഇപ്പോള്‍ കണ്‍ഫ്യൂസ്ഡ് ആയിട്ട് ഇരിക്കുകയാണ്.

ഇന്‍ഡസ്ട്രിക്ക് ചിലപ്പോള്‍ വലിയ സിനിമകളായിരിക്കും ഗുണം ചെയ്യുക, വലിയ സിനിമകള്‍ ഉണ്ടാവണം. ഉണ്ടായിക്കോട്ടെ, അത് നല്ലതാണ്. പക്ഷേ വലിയ സിനിമകള്‍ മാത്രമാണ് ഇന്‍ഡസ്ട്രിക്ക് ഗുണം ചെയ്യുകയെന്ന തോന്നല്‍ തെറ്റിദ്ധാരണയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഓഡിയന്‍സിന് അങ്ങനെയൊരു തിരിച്ചുവ്യത്യാസം ഇല്ലെന്നാണ് കരുതുന്നത്. ഇത് എന്റെ വിശ്വാസം മാത്രമാണ്. അത് ശരിയാണെന്നല്ല. ഇപ്പോള്‍ വലിയ സിനിമകള്‍ക്ക് മാത്രമേ ആളുണ്ടാകൂ എന്നും അത്തരം സിനിമകള്‍ നല്‍കുന്ന തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് വേണ്ടി മാത്രമാണ് ആളുകള്‍ തിയേറ്ററില്‍ വരിക എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ചെറിയ സിനിമകള്‍ വന്നാലും എന്റര്‍ടൈന്‍മെന്റ് വാല്യൂ ഉണ്ടെങ്കില്‍ ആളുകള്‍ തിയേറ്ററില്‍ വരും.

നമുക്ക് ആ പടം ഭയങ്കര എക്‌സൈറ്റിങ് ആയിരിക്കണം. അത്രയേ ഉള്ളൂ. വലിയ ബഡ്ജറ്റില്‍ വരുന്ന എല്ലാ സിനിമകളും ഓടുകയാണെങ്കില്‍ നമുക്ക് മനസിലാക്കാം. എന്നാല്‍ അങ്ങനെയല്ല, അതില്‍ തന്നെ എന്റര്‍ടൈന്‍മെന്റ് ഫാക്ട്േഴ്‌സ് ഉള്ള സിനിമകള്‍ മാത്രമാണ് കളക്ട് ചെയ്യുന്നത്. വലിയ പടങ്ങള്‍ പലതും ഫ്‌ളോപ്പായി പോകുന്നുണ്ട്.

രോമാഞ്ചം വലിയ പടമായിട്ടാണോ ഇത്രയും കളക്ട് ചെയ്തത്. സിനിമ നല്ലതാണെങ്കില്‍ ഓടും. അതാണ് റിയാലിറ്റി. പക്ഷേ വളരെ നല്ലതായിരിക്കണം. പണ്ടായിരുന്നെങ്കില്‍ ഒരു ആവറേജ് കാഴ്ചാനുഭവം തരുന്ന സിനിമ തിയേറ്ററില്‍ പോയി കാണാന്‍ ആളുകള്‍ തയ്യാറായിരുന്നു. വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അതായത് കൊവിഡിന് മുന്‍പ്.

എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ആവറേജ് ആയിട്ടുള്ള സിനിമ നമുക്ക് പിന്നീട് ഒ.ടി.ടിയില്‍ കാണാമെന്നും വളരെ നല്ല സിനിമകള്‍ മാത്രം തിയേറ്ററില്‍ കാണാമെന്നുമുള്ള നിലയില്‍ ആളുകളെത്തി. ത്രില്ലര്‍ ആയിക്കോട്ടെ മാസ് ആയിക്കോട്ടെ ഫാമിലി ഡ്രാമയായിക്കോട്ടെ ഇന്റലക്ച്വല്‍ ഫിലിം ആയിക്കോട്ടെ അതിന്റെ മേഖലയില്‍ എക്‌സ്ട്രീം ഗുഡ് ആണെങ്കില്‍ ആ സിനിമ തിയേറ്ററില്‍ ഓടും.

മാത്രമല്ല ആളുകള്‍ക്ക് അത് പെട്ടെന്ന് കാണുക എന്നതു കൂടിയുണ്ട്. ആ ത്വര ഇപ്പോള്‍ കൂടുതലാണ്. ആദ്യത്തെ വീക്കില്‍ തന്നെ കാണുക എന്ന ടെന്‍ഡന്‍സി കൂടുതലുണ്ട്. നല്ല ഒരു സിനിമയ്ക്ക് വേണ്ടി മാത്രമേ നമ്മള്‍ ആ എഫേര്‍ട്ട് എടുക്കേണ്ടതുള്ളൂ എന്നതും ഫാക്ടറാണ്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Dileesh pothen about mass Movies and small budget Movies

Latest Stories

We use cookies to give you the best possible experience. Learn more