ഏത് സൂപ്പര്‍സ്റ്റാറിനും എത്ര കോടി വേണമെങ്കിലും ശമ്പളം ചോദിക്കാം, പക്ഷേ ശ്രദ്ധിക്കേണ്ട ചിലതുണ്ട്: ദിലീഷ് പോത്തന്‍
Movie Day
ഏത് സൂപ്പര്‍സ്റ്റാറിനും എത്ര കോടി വേണമെങ്കിലും ശമ്പളം ചോദിക്കാം, പക്ഷേ ശ്രദ്ധിക്കേണ്ട ചിലതുണ്ട്: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th December 2023, 12:41 pm

സൂപ്പര്‍ സ്റ്റാറുകള്‍ വാങ്ങുന്ന ശമ്പളത്തെ കുറിച്ചും അതിനെതിരെ വരുന്ന വിമര്‍ശനങ്ങളെ കുറിച്ചുമൊക്കെയുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍. സൂപ്പര്‍സ്റ്റാറുകള്‍ ശമ്പളം കൂടുതല്‍ വാങ്ങുമെന്നും അത് അവരുടെ മാര്‍ക്കറ്റിന്റെ അടിസ്ഥാനത്തിലാണെന്നും എന്നാല്‍ അവിടെ നമ്മള്‍ പരിഗണിക്കേണ്ട ചിലരുണ്ടെന്നുമായിരുന്നു ദിലീഷ് പോത്തന്‍ പറഞ്ഞത്. ദി ടാബ് ഇന്‍ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സൂപ്പര്‍സ്റ്റാറുകള്‍ ശമ്പളം കൂടുതല്‍ വാങ്ങും. അത് മാര്‍ക്കറ്റിന്റെ അടിസ്ഥാനത്തിലാണ്. ഇതൊരു അവശ്യ മേഖല അല്ലല്ലോ. സൂപ്പര്‍സ്റ്റാറുകള്‍ വലിയ ശമ്പളം വാങ്ങിക്കുന്നതില്‍ വ്യക്തിപരമായി എനിക്ക് വിരോധമൊന്നും തോന്നാറില്ല. ഏത് സൂപ്പര്‍സ്റ്റാറിനും എത്ര കോടി വേണമെങ്കിലും ശമ്പളം ചോദിക്കാം. അതിന് വിരോധമില്ല. അയാള്‍ നമുക്ക് അഫോര്‍ഡബിള്‍ അല്ലെങ്കില്‍ നമ്മള്‍ വിളിക്കില്ലല്ലോ.

ഞാന്‍ ഒരു കഥയെഴുതി ഈ പറയുന്ന ശമ്പളം കൊടുത്ത് ഒരു സൂപ്പര്‍സ്റ്റാറിനെ വെച്ച് ഈ സിനിമ ചെയ്താല്‍ അത് വര്‍ക്കൗട്ട് ആവില്ലെന്ന് എനിക്ക് തോന്നുകയാണ്. അങ്ങനെയാണൈങ്കില്‍ അത് ചെയ്യേണ്ടതില്ലല്ലോ. നമുക്ക് അടുത്ത ആളെ വെച്ച് ചെയ്യാനും ഓപ്ഷന്‍ ഉണ്ട്.
സൂപ്പര്‍സ്റ്റാറിനെ തന്നെ വെച്ച് ചെയ്യണമെന്ന് നിര്‍ബന്ധമില്ലല്ലോ.

ഓരോ ആക്ടേഴ്‌സിനും അവര്‍ക്ക് ഇഷ്ടമുള്ള ശമ്പളം ചോദിക്കാം. അതിനുള്ള ഫ്രീഡം വേണം. അപ്പോള്‍ മാത്രമേ അവരിലും വ്യക്തിപരമായി വളര്‍ച്ചയുണ്ടാകുള്ളൂ.

നമ്മള്‍ ശ്രദ്ധിക്കേണ്ടത് മിനിമം വേജ് എല്ലാ കലാകാരന്മാര്‍ക്കും കിട്ടുന്നുണ്ടോ എന്നതാണ്. പ്രത്യേകിച്ച് മലയാളം പോലുള്ള ഒരു ഇന്‍ഡസ്ട്രിയില്‍. ഞാന്‍ ഈ പറയുന്ന കാര്യം പ്രൊഡ്യൂസേഴ്‌സിനൊക്കെ ബുദ്ധിമുട്ടായിരിക്കും എന്നാലും ഞാന്‍ പറയുകയാണ്.

ഭയങ്കരമായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ഒരുപാട് ലേബേര്‍സ് ഉള്ള ഇന്‍ഡസ്ട്രിയാണ് മലയാളം. ബാക്കി എല്ലാ ഇന്‍ഡസ്ട്രിയിലും രാവിലെ 6 to 6 ആണ് കോള്‍ ഷീറ്റ്. ഇവിടെ അത് 6 to 9: 30 ആണ്. ഒരു മനുഷ്യന് വര്‍ക്ക് ചെയ്യാവുന്ന മണിക്കൂറിന് ഒരു ലിമിറ്റുണ്ട്.

ഇവിടുത്തെ പല ഷൂട്ടുകളും ലേബര്‍ നിയമ പ്രകാരം ചിലപ്പോള്‍ നിമയവിരുദ്ധമാണെന്നാണ് ഞാന്‍ കരുതുന്നത്. വര്‍ക്ക് ചെയ്യുന്നവര്‍ അവര്‍ ആര്‍ടിസ്റ്റ് ആയിക്കോട്ടെ, ടെക്‌നീഷ്യനായിക്കോട്ടെ അവര്‍ രാവിലെ മുതല്‍ പാതിരാവരെ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. ഉറങ്ങാന്‍ പോലുംസമയില്ലാതെ വീക്കിലി ഓഫ് ഇല്ലാതെ തുടര്‍ച്ചായി വര്‍ക്ക് ചെയ്യേണ്ടി വരുന്നു. അവര്‍ക്ക് അതിനനുസരിച്ചുള്ള പ്രതിഫലം കൂടുതല്‍ ഉറപ്പിക്കുക എന്നതുള്ളത് സൊസൈറ്റിയുടെ ആവശ്യമാണ്, ടെക്‌നീഷ്യന്‍സിന്റേയും പ്രോഡ്യൂസേഴ്‌സിന്റേയും ആവശ്യമാണ്. അവര്‍ അര്‍ഹിക്കുന്ന വേതനം കൊടുക്കേണ്ടതുണ്ട്.

സീനിയര്‍ ആക്ടര്‍ എന്ന നിലയില്‍ ഒരു സെറ്റില്‍ എനിക്ക് എല്ലാ സൗകര്യവും കിട്ടും, ഉറങ്ങാന്‍ സമയം കിട്ടും. പക്ഷേ ചെറിയ ആളുകള്‍ക്കും ടെക്‌നീഷ്യന്‍സിനും ഇത് പൂര്‍ണമായി കിട്ടുന്നില്ല എന്ന യാഥാര്‍ഥ്യം ഉണ്ട്. ആഴ്ചയില്‍ ഒരു ദിവസം ഓഫ് സാധ്യമാക്കേണ്ടതുണ്ട്.
ചില സാഹചര്യങ്ങളില്‍ ചിലപ്പോള്‍ നമുക്ക് അങ്ങനെ പറ്റില്ലായിരിക്കും.

ചിലപ്പോള്‍ ഒരു മാസം ഒരുമിച്ച് വര്‍ക്ക് ചെയ്യേണ്ടതായി വരും. അങ്ങനെയാണെങ്കില്‍ അതിനുള്ള പേ ഓഫ് കൊടുക്കണം. റെസ്റ്റ് കൊടുക്കാതിരിക്കുന്നത് അവരുടെ മെന്റല്‍ ഹെല്‍ത്തിനെയും ആരോഗ്യത്തേയുമൊക്കെ ബാധിക്കും. നിലവില്‍ നമ്മുടെ ഇന്‍ഡസ്ട്രി അങ്ങനെ ആണ് റണ്‍ ചെയ്യുന്നത്. അതാണ് എനിക്ക് കൂടുതലായി തോന്നുന്നത്.

സൂപ്പര്‍സ്റ്റാറുകള്‍ അവര്‍ക്ക് ഒരു മാര്‍ക്കറ്റുള്ളതുകൊണ്ടാണ് വലിയ ശമ്പളം ചോദിക്കുന്നത്. അവര്‍ ആരേയും നിര്‍ബന്ധിക്കുന്നിലല്ലോ. ആവശ്യമുള്ളവര്‍ അവരുടെ അടുത്ത് ചെന്നാല്‍ മതി. നമ്മുടെ മാര്‍ക്കറ്റിന്റെ അവസ്ഥ അങ്ങനെയാണ്. ഇന്‍ഡസ്ട്രിയുടെ അവസ്ഥ അങ്ങനെയാണ്. അവനവന്റെ മാര്‍ക്കറ്റിന് അനുസരിച്ചാണ് സെയില്‍ നടക്കുന്നത്. അതിനെ റെസ്‌പെക്ടോടു കൂടിയാണ് കാണുന്നത്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Dileesh Pothen about Superstars and Minimum Wage