| Thursday, 6th July 2023, 11:41 am

ചേട്ടന്‍ അവിടെ ഇരുന്നേ പറ്റുകയുള്ളൂ, ഇന്ദ്രന്‍സേട്ടനെ ഞാന്‍ വഴക്ക് പറഞ്ഞു: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ദ്രന്‍സിനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ദിലീഷ് പോത്തന്‍. പാല്‍തൂ ജാന്‍വര്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഇന്ദ്രന്‍സിന് സീറ്റ് നല്‍കിയാലും ഇരിക്കില്ലെന്നും ഒടുവില്‍ താന്‍ വഴക്ക് പറയുമെന്നും ദിലീഷ് പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.

‘ഇന്ദ്രന്‍സേട്ടന്‍ വിനയത്തിന്റെ നിറകുടമാണ്. പാല്‍തൂ ജാന്‍വര്‍ എന്ന സിനിമയിലാണ് ഞാന്‍ ഇന്ദ്രന്‍സേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളത്. അതില്‍ നൈറ്റ് ഷൂട്ടുണ്ടായിരുന്നു. രാത്രി രണ്ടുമൂന്ന് മണിയായി. മലയുടെ മണ്ടയിലാണ് ഷൂട്ട്. അത് നടന്നുകയറുമ്പോള്‍ തന്നെ നമുക്ക് അവശതയാവും.

ഇന്ദ്രന്‍സേട്ടന് പ്രായമുണ്ട്, ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കഷ്ടപ്പെട്ട് മുകളിലേക്ക് കയറി വരും. അപ്പോള്‍ കസേര ഇട്ടുകൊടുത്താലും ഇരിക്കില്ല. ബാക്കിയുള്ളവര്‍ക്ക് കൊടുക്കാന്‍ പറയും. ഇന്ദ്രന്‍സേട്ടാ ഇത് ആരോഗ്യത്തിന്റെ കേസാണ്, ചേട്ടന്‍ അവിടെ ഇരുന്നേ, ഇരുന്നേ പറ്റുകയുള്ളൂ എന്ന് ഞാന്‍ വഴക്ക് പറയും. സെറ്റില്‍ പണിയെടുക്കുന്ന ആളുകളെ കുറിച്ചും കൂടി ചിന്തിക്കുന്ന നല്ല മനുഷ്യനാണ് ഇന്ദ്രന്‍സേട്ടന്‍. നല്ല നടനാണ്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

ജോജു ജോര്‍ജിനെ പറ്റിയും അഭിമുഖത്തില്‍ ദിലീഷ് സംസാരിച്ചിരുന്നു. ‘ജോജുവിനൊപ്പം അമേരിക്കയില്‍ ഒരു യാത്രക്ക് പോയിരുന്നു. അപ്പോഴാണ് നല്ല കമ്പനിയായത്. സന്തോഷിക്കാന്‍ ഭയങ്കര ആഗ്രഹമുള്ള മനുഷ്യനാണ്. ഓപ്പണ്‍ മൈന്‍ഡാണ്, നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റും.

ഒരു നടനാവാന്‍ അത്രയധികം ആഗ്രഹിക്കുന്ന, അതിന് ശ്രമിക്കുന്ന അപൂര്‍വം ആള്‍ക്കാരില്‍ ഒരാളാണ് ജോജു. അതിനുവേണ്ടി ഭയങ്കര എഫേര്‍ട്ട് എടുക്കുന്നുണ്ട്. ഞങ്ങള്‍ കട്ടക്ക് ഒരുമിച്ച് വന്നിട്ടുള്ളത് ജോസഫിലാണ്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

ഒ. ബേബിയാണ് ഒടുവില്‍ പുറത്തുവന്ന ദിലീഷിന്റെ ചിത്രം. രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി ജൂണ്‍ ഒമ്പതിനാണ് റിലീസ് ചെയ്തത്.

അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ, ദേവ്ദത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: dileesh pothen about indrans

We use cookies to give you the best possible experience. Learn more