|

നിവിന്‍ പോളിക്ക് പകരമായിരിക്കും ധ്യാന്‍ എന്നെ വിളിച്ചതെന്ന് വിചാരിച്ചു, പക്ഷെ നയന്‍താരക്ക് പകരം നിഷ ചേച്ചി: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ദിലീഷ് പോത്തന്‍, നിഷ സാരംഗ്, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രകാശന്‍ പറക്കട്ടെയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശന്‍ പറക്കട്ടെ ടീം. ദിലീഷ് പോത്തന്‍, നിഷ സാരംഗ്, മാത്യു തോമസ് എന്നിവരാണ് അഭിമുഖത്തില്‍ സിനിമയെക്കുറിച്ചും തങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കുന്നത്.

ഈ സിനിമക്ക് വേണ്ടി ധ്യാന്‍ ശ്രീനിവാസന്‍ തന്നെ വിളിച്ചതിനെക്കുറിച്ച് ദിലീഷ് പോത്തന്‍ രസകരമായി മറുപടി പറയുന്നുണ്ട്. റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ കൂടുതലായി അഭിനയിക്കുന്നതിനെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദിലീഷ്.

”റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ തന്നെയായിരിക്കും കൂടുതല്‍ ചെയ്തിട്ടുണ്ടാവുക. അല്ലാത്തത് ചെയ്യാന്‍ എനിക്ക് കൂടുതല്‍ പേടിയും ബുദ്ധിമുട്ടുമാണ്.

പിന്നെ ആളുകള്‍ എന്നെ വിളിക്കുന്നതിന് അനുസരിച്ചാണല്ലോ. എന്നെ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്കേ വിളിക്കാറുള്ളൂ.

അജു വര്‍ഗീസ് വിളിച്ചിട്ട്, ധ്യാന്‍ ശ്രീനിവാസന്‍ സ്‌ക്രിപ്റ്റ് എഴുതുന്ന ഒരു പടമുണ്ട്, ഒന്ന് കേട്ട് നോക്കൂ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഇതിന്റെ കഥ കേള്‍ക്കുന്നത്.

പ്രകാശന്‍ പറക്കട്ടെയുടെ കഥ പറഞ്ഞപ്പോള്‍, നിങ്ങളൊക്കെയാണ് പ്രധാന കഥാപാത്രങ്ങള്‍ എന്ന് എന്നോട് പറഞ്ഞു. അപ്പൊ ഞാന്‍ ഓര്‍ത്തത്, ഇതിന് മുമ്പ് ധ്യാന്‍ എഴുതിയത് ലവ് ആക്ഷന്‍ ഡ്രാമയാണല്ലോ.

അങ്ങനെ, നിവിന്‍ പോളിക്ക് പകരമായിരിക്കും എന്ന് വിചാരിച്ചാണ് ഞാന്‍ വന്നത് (ചിരി). അപ്പോഴാണ് പറഞ്ഞത് മാത്യുവിന്റെ അച്ഛനായുള്ള കഥാപാത്രമാണെന്ന്. അനാദിപ്പീടികക്കാരന്‍ അച്ഛന്‍.

നയന്‍താരക്ക് പകരം നിഷ ചേച്ചിയും,” ദിലീഷ് പോത്തന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ജൂണ്‍ 17നാണ് പ്രകാശന്‍ പറക്കട്ടെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

Content Highlight: Dileesh Pothen about his role in Prakashan Parakkatte movie

Latest Stories

Video Stories