തന്റെ വ്യത്യസ്തമായ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ദിലീഷ് പോത്തൻ. വെറും മൂന്ന് ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകനായ ദിലീഷ് പോത്തൻ ആദ്യമായി ഒരുക്കിയ ചിത്രം മഹേഷിന്റെ പ്രതികാരമായിരുന്നു.
ആദ്യചിത്രം തന്നെ സംസ്ഥാന ദേശീയ അവാർഡുകളും കരസ്ഥമാക്കി. സംവിധാനത്തിന് മുമ്പ് തന്നെ ചെറിയ കഥാപാത്രങ്ങളായി ദിലീഷ് പോത്തൻ ചില സിനിമകളുടെ ഭാഗമായിട്ടുണ്ട്.
രണ്ടാമത്തെ സിനിമയായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഏറ്റവും ഒടുവിൽ ഇറങ്ങിയ ജോജിയുമെല്ലാം റിയാലിസ്റ്റിക്കായാണ് ദിലീഷ് അണിയിച്ചൊരുക്കിയത്. അടുത്തതായി ഒരു സിനിമ സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടെന്നും റിയലിസത്തിൽനിന്ന് വിട്ട് അല്പം സിനിമാറ്റിക്ക് ആയൊരു വർക്ക് ചെയ്യാനാണ് ഇനി ശ്രമിക്കുന്നതെന്നും ദിലീഷ് പോത്തൻ പറഞ്ഞു. തിയേറ്ററിൽ പ്രദർശനം തുടരുന്ന റൈഫിൾ ക്ലബ് എന്ന താൻ അഭിനയിച്ച ചിത്രത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയിരുന്നു ദിലീഷ് പോത്തൻ.
‘അടുത്ത സിനിമയുടെ ആലോചന നടക്കുന്നു എന്നതാണ് സത്യം. ഒരുസിനിമ കഴിയുമ്പോൾ തന്നെ അടുത്ത സിനിമയെക്കുറിച്ച് ഞാൻ ആലോചിച്ച് തുടങ്ങും. നിലവിൽ മൂന്ന് കഥകളിൽ വർക്ക് ചെയ്യുന്നു. അതിൽ ഏതെങ്കിലും ഒന്ന് വൈകാതെ സിനിമയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അഭിനയത്തിനായി സംവിധാനം മാറ്റിവയ്ക്കാറില്ല.
വളരെ എക്സൈറ്റ്മെന്റ് തോന്നിക്കുന്ന ഐഡിയ കിട്ടി അതിൻ്റെ എഴുത്ത് ഒരുഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞാൽ അഭിനയത്തിൽ നിന്നെല്ലാം ഇടവേളയെടുത്ത് ആ സിനിമ ചെയ്യുന്നതാണ് രീതി. നിലവിൽ അത്തരത്തിലൊരു സമയമാണിത്. അടുത്തത് റിയലിസത്തിൽനിന്ന് വിട്ട് അല്പം സിനിമാറ്റിക്ക് ആയൊരു വർക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്. അപ്പോഴും എൻ്റേതായൊരു ലോകം ആ സിനിമയിൽ ഉണ്ടാകും.
റൈഫിൾ ക്ലബ് എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. ആഷിഖേട്ടൻ്റെ സിനിമയിൽ ഒരു പ്രധാനവേഷം ചെയ്യാൻ പറ്റി എന്നതിന്റെ സന്തോഷമുണ്ട്. ശ്യാമും ദിലീഷ് നായരുമൊക്കെ കൂടി എഴുതിയ തിരക്കഥയാണ്.
അത്തരമൊരു സിനിമയിൽ പ്രധാന കഥാപാത്രം ലഭിക്കുക, ക്രിസ്‌മസ് അവധിക്കാലത്ത് തിയേറ്ററിലെത്തുക എന്നതെല്ലാം സന്തോഷമുള്ള കാര്യമാണ്. കാരണം ഇവരെല്ലാം എന്റെ സിനിമാജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ആൾക്കാരാണ്,’ദിലീഷ് പോത്തൻ പറയുന്നു.
Content Highlight: Dileesh Pothen About His Next Film