സ്വന്തം ഡയലോഗില്‍ ഒരു കുത്തിന്റെ കുറവുണ്ടെങ്കില്‍ പോലും ആ നടന്‍ ഇറിറ്റേറ്റഡാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്: ദിലീഷ് പോത്തന്‍
Entertainment
സ്വന്തം ഡയലോഗില്‍ ഒരു കുത്തിന്റെ കുറവുണ്ടെങ്കില്‍ പോലും ആ നടന്‍ ഇറിറ്റേറ്റഡാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th December 2024, 11:42 am

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് റൈഫിള്‍ ക്ലബ്. ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമയുടെ കഥ എഴുതിയത്.

ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ വിജയരാഘവന്‍, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ് തുടങ്ങിയ മികച്ച താരനിരയാണ് അഭിനയിച്ചത്.

റൈഫിള്‍ ക്ലബില്‍ കുഴിവേലി ലോനപ്പനായി വിജയരാഘവനും സെക്രട്ടറി അവറാനായി ദിലീഷ് പോത്തനുമാണ് എത്തിയത്. ഇപ്പോള്‍ വിജയരാഘവനെ കുറിച്ച് പറയുകയാണ് ദിലീഷ്. വിജയരാഘവന്‍ തന്റെ ഡയലോഗില്‍ ഒരു കുത്തിന്റെ കുറവുണ്ടെങ്കില്‍ പോലും ഇറിറ്റേറ്റഡാകുമെന്നും അത് മറ്റുള്ളവര്‍ക്ക് മനസിലാകുമെന്നും അദ്ദേഹം പറയുന്നു.

തന്റെ കഥാപാത്രത്തെ ബാധിക്കുന്ന ഒരു ചെറിയ കാര്യം ഓര്‍ത്ത് പോലും വിജയരാഘവന്‍ ഒരുപാട് വിഷമിക്കുമെന്നും അദ്ദേഹം തന്റെ സിനിമക്ക് വേണ്ടി അത്രയേറെ ചിന്തിക്കുകയും എഫേര്‍ട്ട് എടുക്കുകയും ചെയ്യുമെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു നടന് നല്ല കഥയും കഥാപാത്രങ്ങളും വന്നുചേരുക എന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. അപ്പോഴും വന്നുചേരുന്ന കഥാപാത്രങ്ങള്‍ക്ക് വേണ്ടി നന്നായി പണിയെടുക്കുകയെന്ന മറ്റൊരു കാര്യം കൂടെയുണ്ട്. ഒരുപാട് ആളുകള്‍ക്ക് ഇപ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നുണ്ട്.

പക്ഷെ കൃത്യമായി ഇത്രയും ഏറെ വര്‍ഷങ്ങള്‍ തളരാതെ പണിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. റൈഫിള്‍ ക്ലബില്‍ മാത്രമല്ല ഒരുപാട് സിനിമകളില്‍ ഞാന്‍ കുട്ടേട്ടന്റെ (വിജയരാഘവന്‍) കൂടെ അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹം ഡയലോഗില്‍ ഒരു കുത്തിന്റെ കുറവുണ്ടെങ്കില്‍ പോലും ഇറിറ്റേറ്റഡാകും. അത് നമുക്ക് മനസിലാകുകയും ചെയ്യും. കുട്ടേട്ടന്‍ അത് പ്രകടിപ്പിക്കുമെന്നല്ല ഞാന്‍ പറഞ്ഞത്.

തന്റെ കഥാപാത്രത്തെ ബാധിക്കുന്ന ഒരു ചെറിയ കാര്യം ഓര്‍ത്ത് പോലും അദ്ദേഹം ഒരുപാട് വിഷമിക്കും. കുട്ടേട്ടന്‍ തന്റെ സിനിമക്ക് വേണ്ടി അത്രയേറെ ചിന്തിക്കുകയും എഫേര്‍ട്ട് എടുക്കുകയും ചെയ്യുന്നുണ്ട്. പിന്നെ നല്ല മനസ് കാരണം അങ്ങനെയൊന്നുമല്ലെന്ന് കുട്ടേട്ടന്‍ ചുമ്മാ പറയുന്നതാണ് (ചിരി),’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Dileesh Pothan Talks About Vijayaraghavan