ഷാജി കൈലാസിന്റെ സിനിമകളില്‍ അദ്ദേഹത്തെ അസിസ്റ്റ് ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നുവെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍. കടുവയില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പോകാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. കാപ്പ എന്ന ഷാജി കൈലാസ് ചിത്രത്തിന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ വലിയ ആഗ്രഹമായിരുന്നു ഷാജി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നത്. അഭിനയിക്കാനല്ല സാറിനെ അസിസ്റ്റ് ചെയ്യാനായിരുന്നു എന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ സിനിമയൊക്കെ കാണുമ്പോള്‍ പണ്ടു മുതലെ എനിക്ക് അങ്ങനെ തോന്നിയിരുന്നു. അസിസ്റ്റ് ചെയ്യാനുള്ള അവസരം ഇതുവരെയും എനിക്ക് കിട്ടിയിട്ടില്ല.
ഇതിന് മുമ്പ് കടുവ സിനിമ ചെയ്യുമ്പോള്‍ ഷാജി സാര്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചിരുന്നു. എനിക്ക് അന്ന് ചില ആരോഗ്യ പ്രശ്‌നങ്ങളൊക്കെ വന്നപ്പോള്‍ ആ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. ശരിക്കും പറഞ്ഞാല്‍ ആദ്യം ഞാന്‍ ആ സിനിമയില്‍ ജോയിന്‍ ചെയ്തിരുന്നു. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ പറ്റാതെ അവസാനിപ്പിക്കുകയായിരുന്നു.
മൂന്നാലഞ്ച് ദിവസം ഞാന്‍ അഭിനയിച്ചിരുന്നു. പിന്നീടാണ് എനിക്ക് ഒരു അപകടം സംഭവിക്കുന്നത്. എന്താണ് ഷാജി സാറിന്റെ മാജിക് എന്നറിയാനാണ് ഞാന്‍ പോയത്. ഇക്കാര്യം ഞാന്‍ പല സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. സാറിനോടൊപ്പം വര്‍ക്ക് ചെയ്തത് എനിക്ക് വളരെ നല്ലൊരു അനുഭവമായിരുന്നു.
അദ്ദേഹം ചെയ്യുന്നത് പോലെയുള്ള സിനിമകള്‍ ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമയില്‍ പലതും കണ്ടുപഠിക്കാന്‍ എനിക്ക് സഹായകമായി. കടുവ സിനിമ ചെയ്യാന്‍ പോയപ്പോള്‍ തന്നെ പരിപാടി നോക്കി പഠിക്കാനാണ് ഞാന്‍ വന്നതെന്ന് ഷാജി സാറിനോട് പറഞ്ഞിരുന്നു.
സാറിന്റെ സിനിമയില്‍ വളരെ രസമുള്ള കഥാപാത്രങ്ങളും ഉണ്ടാകാറുണ്ട്. അതിപ്പോള്‍ ഏത് ഴോണറിലുള്ള സിനിമയാണെങ്കിലും അങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ പലതും അതുകൊണ്ടാണ് നമ്മുടെ മനസില്‍ തങ്ങി നില്‍ക്കുന്നത്. ഒരുപാട് നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് അദ്ദേഹം.
കാപ്പയില്‍ ആണെങ്കിലും വളരെ ആഴമുള്ള കഥാപാത്രങ്ങളാണുള്ളത്. കാപ്പയിലെ എന്റെ കഥാപാത്രവും അങ്ങനെ തന്നെയാണ്. അത് ചെയ്യുന്നതില്‍ ഒരു ബുദ്ധിമുട്ടും എനിക്ക് തോന്നിയില്ല. സ്‌റ്റൈലൈസ്ഡായിട്ടുള്ള കഥാപാത്രം ചെയ്യുക എന്നത് കുറച്ച് ബുദ്ധിമുട്ടാണ്. എന്നെ സംബന്ധിച്ച് റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ ചെയ്യാനാണ് എളുപ്പം. അതുകൊണ്ടാണ് ഞാന്‍ അങ്ങനത്തെ സിനിമ ചെയ്യുന്നത്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.
content highlight: dileesh pothan talks about shaji kailas