| Monday, 3rd June 2024, 3:02 pm

135 കോടി കണക്കില്‍ മാത്രം; പ്രേമലുവില്‍ നിന്ന് പ്രൊഡ്യൂസര്‍ക്ക് കിട്ടിയത്? ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിച്ച ഒരു ചിത്രമാണ് പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് ഇത്.

135 കോടി കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പ്രേമലുവിന്റെ കളക്ഷനെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍.

‘ഒരുപാട് സന്തോഷമുണ്ട്. 135 കോടിയെന്ന് പറയുന്നത് കണക്കില്‍ ഒക്കെയെ ഉള്ളൂ. ഈ 135ല്‍ നിന്ന് ടാക്‌സൊക്കെ കഴിഞ്ഞിട്ടാണ് പ്രൊഡ്യൂസര്‍ക്ക് കിട്ടുക. ഇതിനിടയില്‍ ടാക്‌സ്, തിയേറ്റര്‍ ഷെയര്‍, ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ ഉള്‍പ്പെടെയുള്ള ഒത്തിരി വെട്ടുണ്ടല്ലോ. ഇതൊക്കെ കഴിഞ്ഞ് പ്രൊഡ്യൂസറിന്റെ അടുത്ത് എത്തുമ്പോഴേക്കും കോടികളൊക്കെ കണക്കാണ്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

എങ്കിലും സിനിമയില്‍ നിന്ന് പ്രൊഡ്യുസര്‍ക്ക് എത്ര കോടി കിട്ടുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന അവതാരകയുടെ ചോദ്യത്തിന് എല്ലാം ഇന്‍ങ്കം ടാക്‌സില്‍ സബ്മിറ്റ് ചെയ്തിട്ടുണ്ടെന്നും വിവരാവകാശ കമ്മീഷന് കൊടുക്കൂവെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘എല്ലാം ഇന്‍ങ്കം ടാക്‌സില്‍ സബ്മിറ്റ് ചെയ്തിട്ടുണ്ട്. വിവരാവകാശ കമ്മീഷന് കൊടുക്കൂ. ഇതൊക്കെ കഴിഞ്ഞ് എനിക്ക് കുറച്ചേ കിട്ടിയുള്ളൂ എന്നല്ല ഞാന്‍ പറഞ്ഞത് (ചിരി). 135 കോടിയുടെ കണക്ക് പറഞ്ഞത് കൊണ്ട് മാത്രം പറഞ്ഞതാണ് ഞാന്‍,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

മലയാളത്തില്‍ ഈയിടെ ഇറങ്ങിയ മികച്ച റോമാന്റിക് കോമഡി ചിത്രങ്ങളില്‍ ഒന്നായ പ്രേമലുവില്‍ നസ്‌ലെന്‍, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, മീനാക്ഷി രവീന്ദ്രന്‍, അല്‍ത്താഫ് സലീം തുടങ്ങി യുവതാരങ്ങളാണ് ഒന്നിച്ചത്. ചിത്രത്തില്‍ മാത്യൂ തോമസ് ഒരു ഗസ്റ്റ് റോളില്‍ എത്തിയിരുന്നു.

ചിത്രം തെലുങ്കിലും തമിഴിലുമെല്ലാം ഒരുപോലെ സ്വീകരിക്കപ്പെട്ടിരുന്നു. സംവിധായകന്‍ രാജമൗലിയടക്കമുള്ള പ്രമുഖര്‍ സിനിമയെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. സിനിമ വമ്പന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.


Content Highlight: Dileesh Pothan Talks About Premalu Collection

We use cookies to give you the best possible experience. Learn more