| Friday, 23rd December 2022, 5:55 pm

മമ്മൂക്കയെ എടാ എന്ന് വിളിക്കാന്‍ പറഞ്ഞു, ഇതിനൊക്കെ ഒരു മര്യാദയില്ലേടോയെന്ന് ഞാന്‍ ചോദിച്ചു: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂക്ക വളരെ ഡെഡിക്കേറ്റടായിട്ടുള്ള വ്യക്തിയാണെന്നും, അതുകൊണ്ടാണ് മലയാള സിനിമയുടെ നെടുംതൂണായി ഇത്രയും വര്‍ഷം നിലനില്‍ക്കാന്‍ കഴിയുന്നതെന്നും നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍. മമ്മൂട്ടിയുടെ കൂടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങളും താരം പങ്കുവെച്ചു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മമ്മൂക്ക വളരെ നല്ല വ്യക്തിയാണ്, അദ്ദേഹം അത്രയേറെ ഡെഡിക്കേറ്റടാണ്. ഇത്രയും വര്‍ഷം ഒരു ഇന്‍ഡസ്ട്രിയുടെ നെടുംതൂണായി നില്‍ക്കാന്‍ കഴിയുക എന്നത് ചെറിയ കാര്യമില്ല. സിനിമയിലേക്ക് വരാന്‍ ഭയങ്കര എളുപ്പമാണ് എന്നാല്‍ ഇവിടെ നിലനില്‍ക്കാനാണ് ബുദ്ധിമുട്ട്. എന്നിട്ടും ഇപ്പോഴും അദ്ദേഹത്തിന് ഇവിടെ നിലനില്‍ക്കാന്‍ കഴിയുന്നത് ഈ പ്രായത്തിലും അത്രയും ഡെഡിക്കേറ്റട് ആയതുകൊണ്ട് തന്നെയാണ്.

അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നമുക്ക് അത് കൃത്യമായി മനസിലാകും. നമ്മളേക്കാളും ആഗ്രഹത്തിലാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളും ചെയ്യുന്നത്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ ഞങ്ങളുടെ കഥാപാത്രം സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ ഭയങ്കര സ്വാതന്ത്ര്യം എടുത്ത് പെരുമാറണമായിരുന്നു.

ആ സിനിമയില്‍ ഒരു സീനുണ്ട്. ഞാന്‍ കാറില്‍ വരുമ്പോള്‍ മമ്മൂക്ക വഴിയില്‍ നിന്നും ചായകുടിച്ച് കൊണ്ടിരിക്കുകയാണ്, മമ്മൂക്കയെ കാണുമ്പോള്‍ എടാ എന്ന് വിളിക്കണം. അപ്പോള്‍ ഞാന്‍ സംവിധായകനോട് ചോദിച്ചു, എടോ ഒരു മര്യാദയില്ലേ. മമ്മൂക്കയെ ഒക്കെ ഞാന്‍ എങ്ങനെയാണ് എടാ എന്നൊക്കെ വിളിക്കുന്നതെന്ന്. പക്ഷെ പിന്നീട് എങ്ങനെയോ അതൊക്കെ ഞാന്‍ അഭിനയിച്ചു. മമ്മൂക്ക ഓള്‍ ടൈം ഫേവറൈറ്റല്ലേ,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പയാണ് ദിലീഷ് അഭിനയിച്ച് തിയേറ്ററിലെത്തിയ ഏറ്റവും പുതിയ സിനിമ. ജി.ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, ജഗദീഷ്, അന്ന ബെന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് കാപ്പയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് നിര്‍മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയും കാപ്പക്കുണ്ട്. ഡിസംബര്‍ 22നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.

content highlight: dileesh pothan talks about mammootty

We use cookies to give you the best possible experience. Learn more