|

പോത്തേട്ടന്‍ ബ്രില്യന്‍സ് എന്ന് കേട്ടപ്പോള്‍ എനിക്ക് ചളിപ്പാണ് തോന്നിയത്: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ലോകത്തെത്തി പിന്നീട് അഭിനയത്തിലും സംവിധാനത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ദിലീഷ് പോത്തന്‍. 2016ല്‍ തിയേറ്ററുകളിലെത്തിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് സ്വതന്ത്ര സംവിധായകനായത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയ്ക്ക് 64ാം ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ദിലീഷ് പോത്തന്റെ സംവിധാന മികവിന് ‘പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്’ എന്നാണ് നിരൂപകര്‍ കൊടുത്ത വിശേഷണം. ഇപ്പോള്‍ പോത്തേട്ടന്‍ ബ്രില്ല്യന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍. ആദ്യ സിനിമാ ഇറങ്ങിയതിന് ശേഷം എല്ലാവരും പോത്തേട്ടന്‍ ബ്രില്ല്യന്‍സ് എന്ന് പറഞ്ഞ് വന്നപ്പോള്‍ തനിക്ക് ചളിപ്പാണ് ആദ്യം തോന്നിയതെന്ന് ദിലീഷ് പോത്തന്‍ പറയുന്നു.

പൊതുവെ തന്നെയിരുത്തികൊണ്ട് തന്നെപ്പറ്റി നല്ലത് പറയുന്നത് കേള്‍ക്കാന്‍ തനിക്ക് ബുദ്ധിമുട്ടായ കാര്യമാണെന്നും എന്നാല്‍ താന്‍ ഉദ്ദേശിച്ചതിനേക്കാള്‍ അപ്പുറം ഇതൊരു പോസിറ്റീവ് കാര്യമായിട്ടാണ് മാറിയതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രം ചെയ്തപ്പോള്‍ കുറച്ച് കാലം തിയേറ്ററില്‍ ഓടുന്ന ഒരു സിനിമയാകണം എന്ന് മാത്രമാണ് കരുതിയതെന്നും അതിന് വേണ്ടിയാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.

ബ്രില്യന്‍സ് എന്നെല്ലാം പറഞ്ഞുകൊണ്ട് വന്നപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല- ദിലീഷ് പോത്തന്‍

‘പോത്തേട്ടന്‍ ബ്രില്ല്യന്‍സ് എന്ന് ആദ്യം കേട്ടപ്പോള്‍ എനിക്ക് ചളിപ്പാണ് തോന്നിയത്. പൊതുവെ എനിക്ക് എന്നെ ഇരുത്തികൊണ്ട് എന്നെപ്പറ്റി സംസാരിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

പ്രത്യേകിച്ച് നല്ലതും കൂടെയാണ് പറയുന്നതെങ്കില്‍ അത് കേട്ടോണ്ടിരിക്കാന്‍ എനിക്ക് കുറച്ച് ബുദ്ധിമുട്ടാണ്. ആ നിലക്ക് ഈ ബ്രില്ല്യന്‍സ് എന്നെല്ലാം പറഞ്ഞുകൊണ്ട് വന്നപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. പക്ഷെ ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ അപ്പുറം ഇതൊരു പോസിറ്റീവ് കാര്യമായിട്ടാണ് മാറിയത്.

മഹേഷിന്റെ പ്രതികാരം എല്ലാം ചെയ്തപ്പോള്‍ എങ്ങനെയെങ്കിലും ഈ ചിത്രം തിയേറ്ററില്‍ കുറച്ച് കാലം ഓടണം, രണ്ടാമത്തെ സിനിമക്ക് ഇവന്‍ കൊള്ളാം എന്ന് ഒരു നിര്‍മാതാവിന് തോന്നണം എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അതിന് വേണ്ടിയാണ് ഞാന്‍ ശ്രമിച്ചത്,’ ദിലീഷ് പോത്തന്‍ പറയുന്നു.

Content Highlight: Dileesh Pothan Talks About Maheshinte Prathikaram And Pothettan Brilliance

Video Stories