Entertainment
അന്നുവരെ കണ്ട സിനിമയല്ല അന്നുരാത്രി കണ്ടത്; അങ്ങനെ സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ ഞാനാകെ തകര്‍ന്നുപോയി: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 24, 04:51 am
Monday, 24th February 2025, 10:21 am

വ്യത്യസ്തമായ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി തുടങ്ങി വെറും മൂന്ന് ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ആദ്യമായി സംവിധാനം ചെയ്ത ടെലിഫിലിമിനെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍. ഷൂട്ടിങ് തുടങ്ങേണ്ട അന്നാണ് താനാണ് സംവിധാനം ചെയ്യാന്‍ പോകുന്നതെന്ന് അറിയുന്നതെന്ന് ദിലീഷ് പോത്തന്‍ പറയുന്നു. സിനിമകളും ടി.വി പ്രോഗ്രാമുകളും കണ്ടിട്ടുണ്ട് എന്നല്ലാതെ അതിന്റെ സാങ്കേതിക കാര്യങ്ങളൊന്നും തനിക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു ടെലിഫിലിമിന്റെ സംവിധായകനാവേണ്ടി വന്നു. ഷൂട്ടിങ് തുടങ്ങേണ്ട അന്നാണ് ഞാനറിയുന്നത്, സംവിധാനം ചെയ്യണമെന്ന്. സിനിമകളും ടി.വി പ്രോഗ്രാമുകളും കണ്ടിട്ടുണ്ട് എന്നല്ലാതെ അതിന്റെ സാങ്കേതിക കാര്യങ്ങളൊന്നും ഒട്ടുമറിയില്ല. എന്റെ സംസാരമൊക്കെ കേട്ട് ചേട്ടായി (അനി) എന്നെ സംവിധായകനായി നിയോഗിച്ചതാണ്.

കുറച്ച് വര്‍ക്കുകളൊക്കെ ചെയ്ത് പരിചയമുള്ള ഒരു ക്യാമറാമാനുണ്ടെന്നതാണ് ഏക ആശ്വാസം. ആദ്യ ദിവസം എങ്ങനെയൊക്കയോ ഷൂട്ട് ചെയ്തു. അടുത്ത ദിവസവും ഷൂട്ട് ഉണ്ട്. രാത്രി മുറിയില്‍ ചെന്നിരുന്ന് കുറച്ച് സിനിമകളും ടി.വി സീരിയലുകളും കണ്ടു. എങ്ങനെയാണ് സിനിമകള്‍
ഷൂട്ട് ചെയ്യുന്നത് എന്ന് പഠിക്കാനുള്ള ശ്രമമാണ്.

അന്നുവരെ ഞാന്‍ കണ്ട സിനിമയോ സീരിയലോ അല്ല അന്നുരാത്രി കണ്ടത്. അതുവരെ കാണാത്ത കാഴ്ചകളായിരുന്നു എനിക്കത്. ഓരോ സീനുകളും മേക്കിങ്ങിന്റെ ഒരു ആങ്കിളില്‍ കാണുന്നത്. അങ്ങനെ സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ ഞാനാകെ തകര്‍ന്നുപോയി.

ഇന്ന് വീഡിയോ ഷൂട്ട് ചെയ്യാനുള്ള ക്യാമറ എല്ലാവരുടേയും മൊബൈല്‍ ഫോണുകളിലുള്ളത് കൊണ്ട് എല്ലാവര്‍ക്കും ഷൂട്ട് ചെയ്യുന്നതിനെ കുറിച്ച് ഏകദേശ ധാരണ ഉണ്ടാവും. ജീവിതത്തില്‍ ഒരിക്കല്‍പോലും വീഡിയോയോ ഫോട്ടോയോ എടുക്കാത്ത ഞാനാണ് ടെലിഫിലിം സംവിധാനം ചെയ്യുന്നത്.

ഫിലിം മേക്കിങ്ങിനെക്കുറിച്ച് എനിക്ക് ഒരു അറിവുമില്ലെന്ന് ഞാന്‍ മനസിലാക്കി. ആ തിരിച്ചറിവില്‍ നിന്ന് ഞാന്‍ അടുത്ത ദിവസം ആ ടെലിഫിലിം പൂര്‍ത്തിയാക്കി. അത് കൈരളി ചാനലില്‍ സംപ്രേഷണം ചെയ്തു. അതിനുശേഷം അനിച്ചേട്ടായിയുമായി ചേര്‍ന്ന് നാലോ അഞ്ചോ ടെലിഫിലിമുകള്‍ ചെയ്തു. അതൊന്നും അത്ര മികച്ച വര്‍ക്കുകളായിരുന്നില്ല. പക്ഷേ, ഒന്നുറപ്പാണ്. ആദ്യത്തേതിനെക്കാള്‍ മെച്ചമായിരുന്നു രണ്ടാമത്തെത്,’ ദിലീഷ് പോത്തന്‍ പറയുന്നു.

Content highlight: Dileesh Pothan talks about his first telefilm as a director