അഭിനയത്തിലേക്ക് വരാന്‍ ആഗ്രഹം ഇല്ലാതെയായിരുന്നു ആ സിനിമകള്‍ ചെയ്തിരുന്നത്: ദിലീഷ് പോത്തന്‍
Entertainment
അഭിനയത്തിലേക്ക് വരാന്‍ ആഗ്രഹം ഇല്ലാതെയായിരുന്നു ആ സിനിമകള്‍ ചെയ്തിരുന്നത്: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th May 2024, 9:57 pm

മലയാള സിനിമയില്‍ നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ദിലീഷ് പോത്തന്‍. ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

സാള്‍ട്ട് എന്‍ പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഇടുക്കി ഗോള്‍ഡ്, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. ആക്ടര്‍ എന്ന നിലയില്‍ സോഫ്റ്റായിട്ടുള്ള കഥാപാത്രമാണോ അതോ ഡെപ്ത്തുള്ളത് ചെയ്യുന്നതാണോ കൂടുതല്‍ ആസ്വദിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ദിലീഷ് പോത്തന്‍.

നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഗോളം എന്ന ചിത്രത്തിന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ക്യാരക്ടര്‍ സെലക്ഷനെ പറ്റിയും ഫിലിം മേക്കിങ്ങിനെ കുറിച്ചും സംസാരിക്കുകയായിരുന്നു താരം.

‘ആക്ടര്‍ എന്ന നിലയില്‍ എനിക്ക് പോസിറ്റീവ് കഥാപാത്രം ചെയ്യാനാണ് ഇഷ്ടം. നെഗറ്റീവ് ചെയ്യുന്നത് എനിക്ക് സ്ട്രെസ്ഫുള്‍ ആണ്. ഞാന്‍ അപ്പോള്‍ ഒരുപാട് സ്ട്രസ്ഡ് ഔട്ടായിരിക്കും. അതുപോലെ മൊത്തത്തില്‍ ഇറിറ്റേറ്റടായിരിക്കും.

ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ പൊതുവെ ഞാന്‍ ഇത്തിരി ക്ഷീണം ഉണ്ടാകുന്ന ആളാണ്. അപ്പോള്‍ ഞാന്‍ ഒന്നു കൂടെ ഇറിറ്റേറ്റടാവും. അന്ന് ഞാന്‍ എന്റെ ഫാമിലിയോടോ, സുഹൃത്തുകളോടോ സംസാരിക്കുമ്പോള്‍ അതില്‍ ആ സ്ട്രസ് കാണിക്കും. അതുകൊണ്ട് ഞാന്‍ നെഗറ്റീവ് കഥാപാത്രം കൂടുതലും ഒഴിവാക്കും.

ഞാന്‍ ആദ്യത്തെ സിനിമ മുതല്‍ അഭിനയിക്കാന്‍ ശ്രമിച്ചിരുന്ന ആളായിരുന്നില്ല. അതുകൊണ്ട് എനിക്ക് കഥാപാത്രങ്ങളെ ചൂസ് ചെയ്യാനുള്ള ഓപ്ഷന്‍സ് ഉണ്ടായിരുന്നു. എനിക്ക് താത്പര്യം ഉള്ള കഥാപാത്രങ്ങള്‍ മാത്രമെ ഞാന്‍ അഭിനയിച്ചിട്ടുള്ളു. ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഒന്നും ആരും എന്നെ നിര്‍ബന്ധിച്ച് ചെയ്യിച്ചതല്ല,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

തന്റെ അഭിനയത്തിലെ ഓരോ കഥാപാത്രങ്ങളും താന്‍ വളരെയധികം തെരഞ്ഞടുത്ത് ചെയ്തതാണെന്നും ആദ്യ കാലങ്ങളില്‍ അഭിനയം എന്ന മോഹം ഇല്ലാതെയാണ് തുടങ്ങിയതെന്നും ദിലീഷ് അഭിമുഖത്തില്‍ കൂട്ടിചേര്‍ത്തു.

Content Highlight: Dileesh Pothan Talks About His Early Films