| Sunday, 3rd March 2024, 5:56 pm

മഹേഷിനും തൊണ്ടിമുതലിനും ജോജിക്കും ശേഷം ചിലപ്പോള്‍ എന്റെ അടുത്ത സിനിമയിലും ഫഹദുണ്ടാകാം: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മൂന്നു സിനിമകളിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് ദിലീഷ് പോത്തന്‍. മലയാള സിനിമയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്ന സംവിധായകന്‍ കൂടെയാണ് അദ്ദേഹം.

2016ല്‍ തിയേറ്ററിലെത്തിയ മഹേഷിന്റെ പ്രതികാരമായിരുന്നു ദിലീഷിന്റെ ആദ്യ ചിത്രം. അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തിലെ മികച്ച ഫീച്ചര്‍ ഫിലിം അവാര്‍ഡ് സ്വന്തമാക്കാന്‍ ഈ ചിത്രത്തിന് സാധിച്ചിരുന്നു.

2017ല്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമായിരുന്നു ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രം. ആ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായിരുന്നു ഇത്. 2021 ഏപ്രിലില്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ജോജിയായിരുന്നു അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം.

ഈ മൂന്ന് ചിത്രങ്ങളിലും നായകനായത് ഫഹദ് ഫാസിലായിരുന്നു. ഇപ്പോള്‍ തന്റെ സിനിമകളില്‍ ഫഹദ് നായകനാവുന്നതിനെ കുറിച്ച് പറയുകയാണ് ദിലീഷ് പോത്തന്‍. ജിഞ്ചര്‍ മീഡിയ കട്ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫഹദ് എന്റെ പടത്തില്‍ റിപ്പീറ്റ് വരുന്നത് കൊണ്ട് എനിക്ക് കുഴപ്പമൊന്നുമില്ല. അത് ഒരു സ്വാഭാവികമായ കാര്യമാണ്. പിന്നെ ആദ്യത്തെ രണ്ട് പടങ്ങളും സ്വാഭാവികമായി സംഭവിച്ചതാണ്. മൂന്നാമത്തെ സിനിമ പ്ലാന്‍ ചെയ്തതാണ്.

ജോജിയില്‍ ഫഹദിനെ തന്നെയായിരുന്നു നായകനാക്കാന്‍ ഉദ്ദേശിച്ചത്. അടുത്ത ഒരു സിനിമ ചെയ്യുമ്പോള്‍ ബോധപൂര്‍വം ഇയാളെ ഇനി അഭിനയിപ്പിക്കില്ലെന്ന് തീരുമാനിക്കാന്‍ കഴിയില്ല. അങ്ങനെ തീരുമാനിക്കേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു.

രണ്ടോ മൂന്നോയല്ല ഒരുപാട് പടങ്ങള്‍ ഒരുമിച്ച് ചെയ്യാം. ചിലപ്പോള്‍ എന്റെ അടുത്ത സിനിമയിലും ഫഹദ് ഉണ്ടാകാം, ഇല്ലാതെയിരിക്കാം. പിന്നെ എല്ലാ ആക്ടേഴ്‌സിനെയും ട്രൈ ചെയ്യാനുള്ള ആഗ്രഹം നമുക്കുണ്ടാകാം,’ ദിലീഷ് പോത്തന്‍ പറഞ്ഞു.


Content Highlight: Dileesh Pothan Talks About Fahadh Faasil

Latest Stories

We use cookies to give you the best possible experience. Learn more