| Sunday, 22nd December 2024, 9:16 am

എന്നെ തിരുത്താന്‍ സ്വാതന്ത്ര്യമുള്ള രണ്ടുപേര്‍; അവര്‍ക്കിടയില്‍ ഞാന്‍ കംഫേര്‍ട്ടബിളാണ്: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ വ്യത്യസ്തമായ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. വെറും മൂന്ന് ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ദിലീഷ് പോത്തന്‍ അഭിനയിച്ച് ഏറ്റവും പുതുതായി തിയേറ്ററില്‍ എത്തിയ ചിത്രമാണ് റൈഫിള്‍ ക്ലബ്. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് കഥ എഴുതിയത് ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നായിരുന്നു.

സിനിമയില്‍ സെക്രട്ടറി അവറാന്‍ എന്ന ശക്തമായ കഥാപാത്രമായിട്ടാണ് ദിലീഷ് പോത്തന്‍ എത്തിയത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ കഥാപാത്രത്തെ കുറിച്ചും റൈഫിള്‍ ക്ലബിനെ കുറിച്ചും പറയുകയാണ് ദിലീഷ്.

ആഷിഖ് അബുവും ശ്യാം പുഷ്‌കരനും തന്നെ തിരുത്താന്‍ സ്വാതന്ത്ര്യമുള്ള ആളുകളാണെന്നും തന്നെ അടുത്തറിയാവുന്നവരാണെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് റൈഫിള്‍ ക്ലബ് തനിക്ക് ഏറ്റവും നന്നായി അഴിഞ്ഞാടി ചെയ്യാനുള്ള അവസരം തന്നെയായിരുന്നെന്നും ദിലീഷ് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ കുറച്ച് വര്‍ഷമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഓര്‍ത്തുവെക്കാന്‍ പറ്റുന്ന ഒരു നല്ല കഥാപാത്രം ലഭിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. അങ്ങനെ കിട്ടിയിട്ടുള്ളതില്‍ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് റൈഫിള്‍ ക്ലബിലെ സെക്രട്ടറി അവറാന്‍.

ഇങ്ങനെ ഒരു കഥാപാത്രം എനിക്ക് കിട്ടുകയും അത് എനിക്ക് ഏറ്റവും കംഫേര്‍ട്ടായ ഒരു ക്യാമ്പിനകത്ത് ആവുകയും ചെയ്തു. അത് എനിക്ക് കിട്ടാവുന്ന ഏറ്റവും നല്ല ഒരു അവസരം തന്നെയാണ്. അത് പോയാല്‍ പിന്നെ പോയതാണ്. അത്രയും കംഫേര്‍ട്ടബിളായ ആളുകള്‍ക്കിടയിലാണ് ഈ കഥാപാത്രം കിട്ടുന്നത്.

റൈഫിള്‍ ക്ലബില്‍ ശ്യാമുണ്ട്, ആഷിക്കേട്ടനുണ്ട്. എന്നെ തിരുത്താന്‍ സ്വാതന്ത്ര്യമുള്ള ആളുകളാണ് അവര്‍. എന്നെ അടുത്തറിയാവുന്ന ആളുകളാണ്. അതുകൊണ്ട് തന്നെ എനിക്ക് ഏറ്റവും നന്നായി അഴിഞ്ഞാടി ചെയ്യാനുള്ള അവസരം തന്നെയായിരുന്നു.

അത് ഞാന്‍ നഷ്ടപ്പെടുത്തിയാലും വൃത്തിയില്‍ ചെയ്തില്ലെങ്കിലും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാകും. അങ്ങനെയാണ് ഞാന്‍ ആ കഥാപാത്രത്തെ സമീപിച്ചത്. നന്നായി ചെയ്യാന്‍ പറ്റിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Dileesh Pothan Talks About Aashiq Abu And Shyam Pushkaran

We use cookies to give you the best possible experience. Learn more