പ്രേമലു വർക്ക്‌ ആവാത്തവർക്ക് ആ ചിത്രവും ഇഷ്ടമാവില്ല: ദിലീഷ് പോത്തൻ
Entertainment
പ്രേമലു വർക്ക്‌ ആവാത്തവർക്ക് ആ ചിത്രവും ഇഷ്ടമാവില്ല: ദിലീഷ് പോത്തൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th May 2024, 9:28 am

ഈ വർഷം ബോക്സ് ഓഫീസിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി വമ്പൻ വിജയമായ ചിത്രമാണ് പ്രേമലു. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ ഇറങ്ങിയ റോം കോം ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായ ഒന്നാണ്.

നസ്‌ലെൻ, മമിത ബൈജു, മാത്യു തോമസ്, ശ്യാം മോഹൻ തുടങ്ങി യുവതാരങ്ങൾ അണിനിരന്ന ചിത്രം തെലുങ്കിലും തമിഴിലുമെല്ലാം ഒരുപോലെ സ്വീകരിക്കപ്പെട്ടു. സംവിധായകൻ രാജമൗലിയടക്കമുള്ള പ്രമുഖർ സിനിമയെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു.

നൂറ് കോടിയും കടന്ന് സിനിമ വമ്പൻ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുമെന്ന വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. നസ്‌ലെൻ അവതരിപ്പിച്ച സച്ചിൻ എന്ന കഥാപാത്രം യു.കെയിലോട്ട് പോവുന്നിടത്താണ് പ്രേമലു അവസാനിച്ചത്.

എന്നാൽ ചിത്രത്തിന്റെ രണ്ടാംഭാഗത്തെ കുറിച്ച് സംവിധായകൻ ഗിരീഷിനെ കൂടുതൽ പറയാൻ കഴിയുള്ളൂവെന്ന് ചിത്രത്തിന്റെ നിർമാതാവിൽ ഒരാളായ ദിലീഷ് പോത്തൻ പറയുന്നു.


പ്രേമലു ഇഷ്ടമുള്ളവർക്ക് ചിത്രം ഇഷ്ടമാവുമെന്നും എന്നാൽ പ്രേമലു വർക്ക്‌ ആവാത്തവർക്ക് സിനിമ വർക്ക്‌ ആവണമെന്നില്ലെന്നും ദിലീഷ് പോത്തൻ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രേമലു 2വിനെ കുറിച്ച് ഞാനൊരു സ്റ്റേറ്റ്മെന്റ് പറയുന്നത് ബുദ്ധിയായിരിക്കില്ല. ഗിരീഷ് എ. ഡി തന്നെ അതിനെ കുറിച്ച് പറയും. പ്രേമലുവിന്റെ ആദ്യ ഭാഗം ഇഷ്ടപ്പെട്ടവർക്ക് ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും പ്രേമലു2 എന്നാണ് എനിക്ക് തോന്നുന്നത്.

എന്തെങ്കിലും കാരണത്താൽ ആദ്യ ഭാഗം വർക്ക്‌ ആയിട്ടില്ലെങ്കിൽ അവർക്ക് പ്രേമലു 2 വർക്ക്‌ ആവണമെന്നില്ല. കാരണം ആ ഴോണറിൽ തന്നെയാവും പ്രേമലു 2 ഉണ്ടാവുക. ബാക്കി ഗിരീഷ് പറയട്ടെ. ഗിരീഷിനാണ് അത് പറയാൻ പറ്റുക,’ദിലീഷ് പോത്തൻ പറയുന്നു.

 

Content Highlight: Dileesh Pothan Talk About Premalu 2