| Saturday, 2nd March 2024, 10:01 pm

സിനിമ ചെയ്യുന്നതിനെ കുറിച്ച് രണ്ടുപേരോടും സംസാരിച്ചിട്ടുണ്ട്, ശ്രമങ്ങൾ നടക്കുകയാണ്: ദിലീഷ് പോത്തൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ദിലീഷ് പോത്തൻ. അഭിനയ രംഗത്ത് മുമ്പ് തന്നെയുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ദിലീഷ് പോത്തൻ മുന്നോട്ട് വരുന്നത്.

ആദ്യചിത്രം തന്നെ സംസ്ഥാന ദേശീയ അവാർഡുകളും കരസ്ഥമാക്കി. ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കിയ ചിത്രം മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ്. ഇന്ന് മലയാളത്തിൽ കാണുന്ന റിയലിസ്റ്റിക് സിനിമകൾക്ക് തുടക്കം കുറിച്ച സിനിമകളിൽ ഒന്നാണ് മഹേഷിന്റെ പ്രതികാരം.

പോത്തേട്ടൻ ബ്രില്ല്യൻസ് എന്ന തരത്തിലെല്ലാം ദിലീഷ് പോത്തനിലെ സംവിധായകൻ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദിലീഷ് വീണ്ടും മലയാളത്തെ ഞെട്ടിച്ചു. കൊവിഡ് കാലത്ത് ഒ.ടി.ടിയിൽ ഇറങ്ങിയ ജോജിയെന്ന ചിത്രവും വലിയ പ്രശംസയാണ് നേടിയത്.

മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലിനൊപ്പവും മമ്മൂട്ടിയോടൊപ്പവും സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തൻ.

ഇരുവരോടൊപ്പവും തനിക്ക് സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിനെക്കുറിച്ച് അവരോട് പറഞ്ഞിട്ടുണ്ടെന്നും ദിലീഷ് പറയുന്നു. എന്നാൽ കഥയൊന്നും തയ്യാറല്ലെന്നും അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ദിലീഷ് സില്ലി മോങ്ക്സ് മോളിവുഡിനോട് പറഞ്ഞു.

‘എനിക്ക് തോന്നുന്നത് കഴിഞ്ഞ ഒരു പത്ത് നാല്പത് വർഷമായി മലയാള സിനിമയിൽ എല്ലാവർഷവും മികച്ച കഥാപാത്രങ്ങൾ നൽകികൊണ്ടിരിക്കുന്ന താരങ്ങളാണ് ഇരുവരും. എന്റെ മാത്രമല്ല ഏതൊരു സംവിധായകന്റെയും ആഗ്രഹമായിരിക്കും അത്രയും കഴിവുള്ള രണ്ട് നടന്മാരോടൊപ്പം സിനിമ ചെയ്യുകയെന്നത്. അതുപോലെ തന്നെ തീർച്ചയായും എനിക്കും ആഗ്രഹമുണ്ട്. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഞാൻ നടത്തി കൊണ്ടിരിക്കുന്നു. നടത്തുന്നുമുണ്ട്.

ഞാൻ ഇതുവരെ മോഹൻലാലിനോടോ മമ്മൂട്ടിയോടൊ കഥ പറഞ്ഞിട്ടില്ല. പക്ഷെ ഇവരോട് രണ്ട് പേരോടും ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയും ആഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

അവർക്കും താത്പര്യമുണ്ടെന്നാണ് ഞാൻ കരുതുന്നത്,’ദിലീഷ് പോത്തൻ പറയുന്നു.

Content Highlight: Dileesh Pothan Talk About  Mamootty And Mohanlal

We use cookies to give you the best possible experience. Learn more