Advertisement
Entertainment
ശ്യാം പുഷ്കരനൊപ്പം ഒരുങ്ങുന്ന അടുത്ത ചിത്രത്തിലെ നായകനെ കുറിച്ച് തുറന്ന് പറഞ്ഞ് ദിലീഷ് പോത്തൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 12, 05:43 am
Monday, 12th February 2024, 11:13 am

ഇന്ന് മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ദിലീഷ് പോത്തൻ. അഭിനയ രംഗത്ത് മുമ്പ് തന്നെയുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ദിലീഷ് പോത്തൻ മുന്നോട്ട് വരുന്നത്.

ആദ്യചിത്രം തന്നെ സംസ്ഥാന ദേശീയ അവാർഡുകളും കരസ്ഥമാക്കി. ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കിയ ചിത്രം മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ്. ഇന്ന് മലയാളത്തിൽ കാണുന്ന റിയലിസ്റ്റിക് സിനിമകൾക്ക് തുടക്കം കുറിച്ച സിനിമകളിൽ ഒന്നാണ് മഹേഷിന്റെ പ്രതികാരം.

 

പോത്തേട്ടൻ ബ്രില്ല്യൻസ് എന്ന തരത്തിലെല്ലാം ദിലീഷ് പോത്തനിലെ സംവിധായകൻ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദിലീഷ് വീണ്ടും മലയാളത്തെ ഞെട്ടിച്ചു.

മഹേഷിന്റെ പ്രതികാരം പോലെ തന്നെ ഫഹദ് ഫാസിൽ തന്നെയായിരുന്നു ചിത്രത്തിലും നായകൻ. മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്കരനും വീണ്ടും ഒന്നിച്ച് കൊവിഡ് സമയത്ത് ഒ.ടി.ടി റിലീസായ ചിത്രമായിരുന്നു ജോജി. ജോജിയും ദിലീഷ് പോത്തനിലെ ക്രാഫ്റ്റ് മാനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു.

നല്ല സിനിമകൾ ഒരുക്കുന്നതിനോടൊപ്പം കുമ്പളങ്ങി നൈറ്റ്സ്, തങ്കം തുടങ്ങി സിനിമകൾ നിർമിക്കുന്നതിലും ഈ കൂട്ടുകെട്ട് മുന്നിലാണ്. അതുകൊണ്ട് തന്നെ ദിലീഷും ശ്യാം പുഷ്കരനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

എന്നാൽ ശ്യാം പുഷ്കാരൻ തനിക്ക് വേണ്ടിയൊരു സ്ക്രിപ്റ്റ് എഴുതുകയാണെന്നാണ് ദിലീഷ് പോത്തൻ പറയുന്നത്. ചിത്രത്തിലെ അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ലെന്നും ഉടനെ തന്നെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ചിത്രം പ്രേമലുവിന്റെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശ്യാം പുഷ്കരൻ എനിക്ക് ഡയറക്റ്റ് ചെയ്യാൻ വേണ്ടിയൊരു സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ്. നായകനെയൊന്നും തീരുമാനിച്ചിട്ടില്ല. ആ ചിത്രത്തിന്റെ ഴോണറൊന്നും തീരുമാനിച്ചിട്ടില്ല. എന്തായാലും താമസിക്കാതെ തന്നെ ഞങ്ങളുടെ ഒരു സിനിമ ഉണ്ടാവും,’ദിലീഷ് പോത്തൻ പറയുന്നു.

Content Highlight: Dileesh Pothan Talk About His Next Movie With Shyam Pushkaran