ആ ചിത്രം റിലീസായ സമയത്തും ഞാൻ ഒരുപാട് കടങ്ങളുള്ള ഒരാളായിരുന്നു: ദിലീഷ് പോത്തൻ
Entertainment
ആ ചിത്രം റിലീസായ സമയത്തും ഞാൻ ഒരുപാട് കടങ്ങളുള്ള ഒരാളായിരുന്നു: ദിലീഷ് പോത്തൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd March 2024, 1:43 pm

മലയാള സിനിമയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. ആദ്യമായി സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മലയാളത്തിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ്.

സംവിധായകൻ ആകുന്നതിനുമുമ്പ് തന്നെ സഹ സംവിധായകനായും നടനായും ദിലീഷ് സിനിമയിൽ സജീവമായിരുന്നു. വെറും മൂന്നു സിനിമകളിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി ദിലീഷ് പോത്തൻ മാറി.

സിനിമയിൽ എത്തുന്നതിനു മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് ദിലീഷ് പോത്തൻ. തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെന്നും അവരായിരുന്നു തന്നെ എപ്പോഴും സാമ്പത്തികമായി സഹായിച്ചിരുന്നതെന്നും ദിലീഷ് പോത്തൻ പറയുന്നു.

ഏകദേശം 10,13 വർഷത്തോളം യാതൊരു വരുമാനവും ഇല്ലാതെയാണ് താൻ ജീവിച്ചതെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് അദ്ദേഹം പറഞ്ഞു.

‘കുറേ കട്ടയ്ക്കുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവർ ഒരുപാട് കടം തന്ന് സഹായിച്ചിട്ടുണ്ട്. ഓരോ സമയത്തും. എന്റെയൊരു 28 വയസ് മുപ്പത് വയസൊക്കെ ഒരു സ്ട്രഗിളിങ് സമയമായിരുന്നു.

എന്റെ കൂടെ പഠിച്ചിരുന്നവരിൽ പലരും ആ സമയം കൊണ്ട് സെറ്റിൽഡായിട്ടുണ്ട്. അവർക്ക് ജോലികളായി അവർക്ക് വരുമാനം വന്നുതുടങ്ങി അങ്ങനെയുള്ള സമയങ്ങളിൽ സാമ്പത്തികമായി എന്റെ സുഹൃത്തുക്കൾ എന്നെ സഹായിച്ചിട്ടുണ്ട്.

ഇടയ്ക്ക് എന്നെ വഴക്കൊക്കെ പറയും, നിനക്ക് ഭ്രാന്താണ് വേറേ വല പണിക്കും പോയ്ക്കൂടേയെന്നൊക്കെ. അങ്ങനെയൊക്കെ പറയുമെങ്കിലും എനിക്ക് കടം തന്നിട്ടെല്ലാം അവർ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവർ അങ്ങനെ എന്നെ ഫണ്ട്‌ ചെയ്തിരുന്നു എന്ന് തന്നെ പറയാം.

മഹേഷിന്റെ പ്രതികാരം റിലീസായ സമയത്ത് ഞാൻ ഒരുപാട് കടങ്ങളുള്ള ഒരാളായിരുന്നു. എന്നുപറഞ്ഞാൽ ഒരു പത്ത് പതിമൂന്ന് വർഷം ഞാൻ ജീവിച്ചത് പ്രത്യേകിച്ച് വരുമാനം ഒന്നുമില്ലാതെയായിരുന്നു.

അതുകൊണ്ട് തന്നെ അവരുടെയെല്ലാം സാമ്പത്തിക സഹായം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്,’ദിലീഷ് പോത്തൻ പറയുന്നു.

Content Highlight: Dileesh Pothan Talk About His Life Journey