| Wednesday, 6th March 2024, 4:52 pm

ആദ്യത്തെ സിനിമയിൽ അഭിനയിച്ചതോടെ ആ തീരുമാനമെടുത്തു, കണ്ടുകൊണ്ടിരിക്കാൻ പ്രയാസമാണ്: ദിലീഷ് പോത്തൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിലവിൽ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ദിലീഷ് പോത്തൻ.

അഭിനയരംഗത്ത് ആദ്യം മുതലേ ഉണ്ടെങ്കിലും സംവിധായകനായി ദിലീഷ് തന്റെ കരിയർ ആരംഭിക്കുന്നത് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ്. അന്ന് വരെ മലയാള സിനിമ കാണാത്ത തരത്തിലായിരുന്നു ദിലീഷ് മഹേഷിന്റെ പ്രതികാരം അണിയിച്ചൊരുക്കിയത്. ആദ്യചിത്രം തന്നെ ദേശീയ സംസ്ഥാന പുരസ്കാരങ്ങൾക്കിടയിൽ തിളങ്ങുകയും ചെയ്തു.

റിയലിസ്റ്റിക് സിനിമകളുടെ നവ തരംഗത്തിന് തുടക്കമിട്ട ചിത്രം എന്ന നിലയിൽ വലിയ ചർച്ചകളിൽ ഇടം നേടിയ സിനിമയാണ് മഹേഷിന്റെ പ്രതികാരം.

പോത്തേട്ടൻസ് ബ്രില്ല്യൻസ് എന്ന പേരിലാണ് ദിലീഷ് പോത്തന്റെ സംവിധാനത്തെ കുറിച്ച് ആളുകൾ പറഞ്ഞു തുടങ്ങിയത്. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രത്തിൽ ദിലീഷ് പോത്തനും അഭിനയിച്ചിരുന്നു.

എന്നാൽ തന്റെ സിനിമകളിൽ അഭിനയിക്കുന്നത് ഒരു ബുദ്ധിമുട്ടാണെന്ന് ദിലീഷ് പോത്തൻ പറയുന്നു. ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ തന്നിലെ സംവിധായകൻ പുറത്ത് വരാറില്ലെന്നും അദ്ദേഹം പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ എന്നിലെ സംവിധായകനെ അങ്ങനെ ഉണർത്താറില്ല. എനിക്ക് എന്റെ സിനിമയിൽ തന്നെ അഭിനയിക്കാൻ നല്ല ബുദ്ധിമുട്ടാണ്. ആദ്യത്തെ ഒരു സിനിമയിൽ അഭിനയിച്ചതോടെ ഞാൻ അങ്ങനെയൊരു തീരുമാനമെടുത്തു.

നമ്മുടെ അഭിനയത്തെ നമ്മൾ തന്നെ വിലയിരുത്തേണ്ടി വരുന്നതും അതിനെ തിരുത്തേണ്ടി വരുന്നതും ഒട്ടും എളുപ്പമുള്ള കാര്യമല്ല. എന്നെ കണ്ടുകൊണ്ടിരിക്കുന്നത് തന്നെ എനിക്ക് ബുദ്ധിമുട്ടാണ്. കാരണം അതിലെ നല്ലതും ചീത്തതും മനസിലാക്കാൻ പ്രയാസമാണ്. അതുകൊണ്ട് തന്നെ ഞാൻ ആ ഒരു രീതിയിലല്ല സമീപിക്കാറുള്ളത്,’ ദിലീഷ് പോത്തൻ പറയുന്നു.

Content Highlight:  Dileesh Pothan Talk About His Acting

We use cookies to give you the best possible experience. Learn more