ഒരു സിനിമ കഴിഞ്ഞ് ഒന്ന് രണ്ട് വർഷം ഗ്യാപ് എടുക്കുന്നത് വെറുതെയല്ല, ആ തിരിച്ചറിവുകൾക്കാണ്: ദിലീഷ് പോത്തൻ
Entertainment
ഒരു സിനിമ കഴിഞ്ഞ് ഒന്ന് രണ്ട് വർഷം ഗ്യാപ് എടുക്കുന്നത് വെറുതെയല്ല, ആ തിരിച്ചറിവുകൾക്കാണ്: ദിലീഷ് പോത്തൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th March 2024, 5:15 pm

മഹേഷിന്റെ പ്രതികാരം, ജോജി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും മുതലായ ഹിറ്റ് സിനിമകള്‍ മലയാളിക്ക് നല്‍കിയ സംവിധായകനാണ് ദിലീഷ് പോത്തന്‍.

സംവിധായകനായും, നിര്‍മാതാവുമായി തിളങ്ങിയ താരം മികച്ചൊരു നടനും കൂടിയാണ്. വെറും മൂന്ന് സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയ ദിലീഷ് അഭിനയ രംഗത്ത് മുമ്പ് തന്നെയുണ്ട്.

അഭിനയത്തെയും സംവിധാനത്തെയും കുറിച്ച് പറയുകയാണ് ദിലീഷ് പോത്തൻ. ഒരു സിനിമ കഴിഞ്ഞ് ഒന്ന് രണ്ട് വർഷം കഴിഞ്ഞാണ് മറ്റൊരു ചിത്രം ചെയ്യുകയെന്നും ആ സമയത്തിനിടയിൽ ഒരുപാട് പേരോടൊപ്പം വർക്ക്‌ ചെയ്യാൻ കഴിയുമെന്നും അത് തന്നെ അപ്ഡേറ്റഡാക്കുമെന്നും അദ്ദേഹം മിർച്ചി മലയാളത്തോട് പറഞ്ഞു.

‘ഒരു സംവിധായകനും നടനുമാവുമ്പോൾ അങ്ങോട്ടും ഇങ്ങോട്ട് എല്ലാം നൽകാൻ സാധിക്കും. എനിക്ക് പല സിനിമകൾക്ക് വേണ്ടി വർക്ക്‌ ചെയ്യാൻ കഴിയുന്നതും, ഒരുപാട് അഭിനേതാക്കളോടൊപ്പം അഭിനയിക്കാൻ കഴിയുന്നതും വ്യത്യസ്ത എഴുത്തുക്കാരോടൊപ്പം വർക്ക്‌ ചെയുന്നതുമെല്ലാം എനിക്ക് സ്വയം എന്നെ വിലയിരുത്താൻ സഹായിക്കുന്നുണ്ട്.

എന്റെ ഒരു സിനിമ കഴിഞ്ഞാൽ ഒന്നോ രണ്ടോ വർഷം കഴിഞ്ഞിട്ടാണ് അടുത്ത സിനിമ സംഭവിക്കുന്നത്. അതിനിടയിൽ സിനിമയിൽ സംഭവിക്കുന്ന മാറ്റങ്ങൾ, ആശയങ്ങൾ തുടങ്ങി എല്ലാകാര്യത്തിലും അപ്ഡേറ്റാവാൻ പറ്റുമെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്.

നമ്മൾ അഭിനയിക്കുമ്പോഴാണ് ഒരു അഭിനേതാവിനെ എങ്ങനെ സമീപിക്കണമെന്ന് നമ്മൾ തിരിച്ചറിയുന്നത്. ഞാൻ അങ്ങനെ ഒരു സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് എനിക്ക് മനസിലാക്കാൻ സാധിക്കും.

ഒരു സംവിധായകൻ എന്ന നിലയിലുള്ള നമ്മുടെ ചില ധാരണകളെ ഒരു അഭിനേതാവെന്ന നിലയിൽ സർവൈവ് ചെയ്യാനും അത് സഹായിക്കുന്നുണ്ട്,’ ദിലീഷ് പോത്തൻ പറയുന്നു.

Content Highlight: Dileesh Pothan Talk About Films That He Acted And Directed