| Sunday, 3rd March 2024, 8:08 am

കുറച്ചുകൂടെ മുമ്പ് തന്നെ മമ്മൂക്ക ആ ചിത്രങ്ങൾ തെരഞ്ഞെടുക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം: ദിലീഷ് പോത്തൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂപ്പർതാരങ്ങൾ അവരുടെ താരപദവി മറന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത് ഒരു സംവിധായകനെ സംബന്ധിച്ച് ഏറെ സ്വാതന്ത്ര്യം നൽകുന്ന കാര്യമാണെന്ന് ദിലീഷ് പോത്തൻ പറയുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി മമ്മൂട്ടി തെരഞ്ഞെടുക്കുന്ന സിനിമകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

താരങ്ങൾ അത്തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ തയ്യാറായാൽ ഒരു ഫിലിം മേക്കറിന് ധൈര്യമായി പുതിയ കഥകൾ ആലോചിക്കാമെന്നും തന്റെ അഭിപ്രായത്തിൽ മമ്മൂട്ടി കുറച്ചുകൂടി മുമ്പ് തന്നെ ഈ സിനിമകളെല്ലാം തെരഞ്ഞെടുക്കണമായിരുന്നുവെന്നും ദിലീഷ് പോത്തൻ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്ക ഇപ്പോൾ കുറച്ചുകൂടി ഇൻട്രസ്റ്റിങായി കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്ന പോലെ തോന്നിയിട്ടുണ്ട്. ഒരു സൂപ്പർതാര പദവിയിൽ നിൽക്കുന്ന അഭിനേതാവ് കാത്തുസൂക്ഷിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.

അതിൽ നിന്ന് വ്യത്യസ്തമായി ഓപ്പണായ തരത്തിൽ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുകായെന്ന് പറയുമ്പോൾ ഏറ്റവും സന്തോഷം വരുക ഒരു ഫിലിം മേക്കറിനാണ്.

കാരണം അങ്ങനെയുള്ളപ്പോൾ നമുക്ക് ധൈര്യമായി ഒരുപാട് കഥകൾ ചിന്തിക്കാം. അല്ലെങ്കിൽ നമ്മുടെ കഥ അഭിനേതാവിനെ തൃപ്തിപ്പെടുത്തുമോ എന്ന സംശയമുണ്ടാവും. അങ്ങനെ ഒരു തോന്നൽ എല്ലാ ഫിലിം മേക്കേഴ്‌സിന്റെയും ചിന്തകളെ തടസ്സപ്പെടുത്തുമെന്നാണ് എനിക്ക് തോന്നുന്നത്.

വേറൊരു തരത്തിലുള്ള കഥാപാത്രം അദ്ദേഹം ചെയ്യുമ്പോൾ നമുക്ക് അത്ഭുതം തോന്നും. കാരണം നമ്മുടെ മുമ്പിൽ സാധ്യതകൾ തുറന്നുവരും. എന്റെ അഭിപ്രായത്തിൽ മമ്മൂക്ക കുറച്ചുകൂടി മുമ്പേ ഇത്തരം സിനിമകൾ തെരഞ്ഞെടുക്കണമായിരുന്നു. മമ്മൂക്ക മാത്രമല്ല ലാലേട്ടനാണെങ്കിലും. കാരണം താരപരിവേഷത്തിനപ്പുറമുള്ള കഥാപാത്രങ്ങൾ അവർ ചെയ്യുമ്പോൾ ഫിലിം മേക്കേഴ്സിന് കിട്ടുന്ന ഒരു സ്വാതന്ത്ര്യമുണ്ട്.

ഒരേ അച്ചിലേക്കുള്ള കഥാപാത്രങ്ങൾ നമ്മൾ ഉണ്ടാക്കേണ്ടി വരില്ല. പുതിയ തരത്തിലുള്ള കഥാപാത്രങ്ങളെ ഉണ്ടാക്കാൻ പറ്റുമെന്നതാണ് കാര്യം,’ദിലീഷ് പോത്തൻ പറയുന്നു.

Content Highlight: Dileesh Pothan Talk About Film Selections Of Mammootty

We use cookies to give you the best possible experience. Learn more