ഇന്ന് മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ദിലീഷ് പോത്തൻ. അഭിനയ രംഗത്ത് മുമ്പ് തന്നെയുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ദിലീഷ് പോത്തൻ മുന്നോട്ട് വരുന്നത്.
ആദ്യചിത്രം തന്നെ സംസ്ഥാന ദേശീയ അവാർഡുകളും കരസ്ഥമാക്കി. ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കിയ ചിത്രം മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ്. ഇന്ന് മലയാളത്തിൽ കാണുന്ന റിയലിസ്റ്റിക് സിനിമകൾക്ക് തുടക്കം കുറിച്ച സിനിമകളിൽ ഒന്നാണ് മഹേഷിന്റെ പ്രതികാരം.
പോത്തേട്ടൻ ബ്രില്ല്യൻസ് എന്ന തരത്തിലെല്ലാം ദിലീഷ് പോത്തനിലെ സംവിധായകൻ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദിലീഷ് വീണ്ടും മലയാളത്തെ ഞെട്ടിച്ചു.
മഹേഷിന്റെ പ്രതികാരം പോലെ തന്നെ ഫഹദ് ഫാസിൽ തന്നെയായിരുന്നു ചിത്രത്തിലും നായകൻ. മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്കരനും വീണ്ടും ഒന്നിച്ച് കൊവിഡ് സമയത്ത് ഒ.ടി.ടി റിലീസായ ചിത്രമായിരുന്നു ജോജി. ജോജിയും ദിലീഷ് പോത്തനിലെ ക്രാഫ്റ്റ് മാനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു.
ഫഹദ് ഫാസിലിമൊത്തുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് ദിലീഷ് പോത്തൻ. ഫഹദ് തന്റെ അടുത്ത സുഹൃതാണെന്ന് ദിലീഷ് പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫഹദ് ഒരു അടുത്ത സുഹൃത്താണ് എന്നത് ഒരു ബെനിഫിറ്റ് ആണ്. ഫഹദുമായി വർക്ക് ചെയ്യുമ്പോൾ കാര്യങ്ങൾ കുറച്ചൂടെ നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാം, കുറച്ചൂടെ എളുപ്പമാണത്.
ഫഹദ് ഒരു ഡെഡിക്കേറ്റഡായിട്ടുള്ള അഭിനേതാവാണ്. അവനെ കിട്ടാൻ ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും പക്ഷെ ഒരു സിനിമയിലേക്ക് വന്ന് കഴിഞ്ഞാൽ മൊത്തത്തിൽ സിനിമയ്ക്ക് വേണ്ടി നിൽക്കുന്ന ആളാണ്. അഭിനേതാവാണെന്ന ആവലാതിയില്ല. ഒരു നടന്റെ ഭാരങ്ങളൊന്നും പുള്ളിക്കില്ല. ഒരു സംവിധായകൻ എന്ന നിലയിൽ എനിക്കത് വളരെ എളുപ്പമാണ്. കുറഞ്ഞ അധ്വാനത്തിൽ അഭിനേതാവിനെ ഗൈഡ് ചെയ്ത് പോവാൻ പറ്റും.
എല്ലാ പടത്തിലും എനിക്ക് ആ അനുഭവമുണ്ടായിട്ടുണ്ട്. ചില ചോദ്യങ്ങൾ ചിലപ്പോൾ എനിക്ക് നേരെ വരാറുണ്ട്. അത് ആലോചനയുള്ള അഭിനേതാക്കളിൽ നിന്നാണ് വരുക. അങ്ങനെ കഥാപാത്രത്തിനായി ആലോചനയും സംശയവുമുള്ള അഭിനേതാവാണ് ഫഹദ്,’ ദിലീഷ് പോത്തൻ പറയുന്നു.
Content Highlight: Dileesh Pothan Talk About Fahad Fasil