| Wednesday, 6th March 2024, 9:56 pm

ആ സീനിൽ അപ്പൂപ്പൻ താടിക്കായി ഓസ്ട്രേലിയൻ പക്ഷിയുടെ തൂവലെടുത്തു; അജയൻ ചാലിശ്ശേരിയെ കുറിച്ച് ദിലീഷ് പോത്തൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് കേരളത്തിലും പുറത്തും ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കൊടൈക്കനാലിലെ ഗുണകേവിലേക്ക് ഒരു സംഘം നടത്തുന്ന യാത്രയും അവിടെ അവർ നേരിടുന്ന അപകടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിൽ ഗുണാകേവ് സെറ്റിട്ട് അണിയിച്ചൊരുക്കിയത് ആർട്ട്‌ ഡയറക്ടർ അജയൻ ചാലിശ്ശേരിയാണ്. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ അജയൻ ചാലിശ്ശേരിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്തു വലിയ വിജയമായ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ചിത്രത്തിൽ ഒരു സീനിൽ ഒരുപാട് അപ്പൂപ്പൻ താടികൾ കാണിക്കുന്നുണ്ട്. എന്നാൽ അവയെല്ലാം നിർമിച്ചതാണെന്നും അതിന് പിന്നിൽ അജയൻ ചാലിശ്ശേരിയാണെന്നും ദിലീഷ് പറയുന്നു.

‘അജയൻ ചാലിശ്ശേരിയുടെ ഗംഭീര വർക്കിൽ ഒന്നാണ് മഹേഷിന്റെ പ്രതികാരം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം അത്രയും വിശ്വസനീയമായ രീതിയിൽ ആ സ്ഥലത്തെ ഒരുക്കാൻ അജയന് കഴിഞ്ഞിട്ടുണ്ട്.


ചിത്രത്തിലേക്ക് അപ്പൂപ്പൻ താടി വേണമെന്ന് പറഞ്ഞിട്ട് അതിന് വേണ്ടി നാളുകളുടെ റിസർച്ച് നടത്തിയിട്ടാണ് അത് കണ്ടെത്തുന്നത്. ഒരു ദിവസം പെട്ടെന്ന് വേണമെന്ന് പറഞ്ഞിട്ട് അജയൻ ചാലിശ്ശേരി പോയി ഉണ്ടാക്കിയതല്ല.

സിനിമയുടെ ചർച്ചയിൽ തന്നെ അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പല സാധനങ്ങൾ വെച്ച് അതിന് വേണ്ടി ശ്രമിച്ച് നോക്കിയിരുന്നു. ബോംബെയിലെവിടെയോ പോയിട്ട് ഓസ്ട്രേലിയയിലെ ഏതോ പക്ഷിയുടെ തൂവൽ സംഘടിപ്പിച്ച് അതിൽനിന്നൊക്കെയാണ് അത് ഉണ്ടാക്കിയത്.

അപ്പൂപ്പൻ താടി നല്ല വില വരുന്ന ഒന്നായിരുന്നു. അതുകൊണ്ട് അത് നന്നായിട്ട് വരണമെന്ന് ഞാൻ ഡിമാന്റ് ചെയ്തിരുന്നു. ആ സീസണിൽ അല്ലാതെ പ്രൊപ്പറായി അത് കിട്ടില്ല.

സൂക്ഷിച്ച് വെച്ചതെല്ലാം പിന്നെ കേടായപ്പോഴാണ് അങ്ങനെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാമെന്ന് കരുതിയത്. അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്,’ദിലീഷ് പോത്തൻ പറയുന്നു.

Content Highlight: Dileesh Pothan Talk About Ajayan Chalissery

We use cookies to give you the best possible experience. Learn more