Entertainment
ഷൂട്ട് കാണാന്‍ പോയ എന്നെ പിടിച്ച് ഒരു സീനില്‍ ഇരുത്തി, രണ്ട് വട്ടം തിയേറ്ററില്‍ നിന്ന് കണ്ടപ്പോഴാണ് എന്റെ സീന്‍ വന്നത്: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 08, 12:07 pm
Saturday, 8th March 2025, 5:37 pm

വ്യത്യസ്തമായ സിനിമകളിലൂടെ മലയാളികള്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി തുടങ്ങി വെറും മൂന്ന് ചിത്രങ്ങളിലൂടെയാണ് മലയാളത്തിലെ മികച്ച സംവിധായകനായി അദ്ദേഹം മാറിയത്. സംവിധാനത്തിന് പുറമെ അഭിനയത്തിലും ദിലീഷ് പോത്തന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ് ദിലീഷ് പോത്തന്‍ അഭിനേതാവായി അരങ്ങേറിയത്. എന്നാല്‍ അതിന് മുമ്പ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ ചെറിയൊരു ഷോട്ടില്‍ ദിലീഷ് പോത്തന്‍ അഭിനയിച്ചിരുന്നു. ആ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ദിലീഷ് പോത്തന്‍.

മൈസൂരില്‍ പഠിക്കുന്ന സമയത്തായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന്റെ ഷൂട്ട് നടന്നതെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. അന്ന് ഷൂട്ട് കാണാന്‍ വേണ്ടി പോയതാണെന്നും അഭിനയിക്കണമെന്ന് അന്ന് പ്ലാനില്ലായിരുന്നെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു. മലയാളിയായതിനാല്‍ തന്നെപ്പിടിച്ച് ആ സീനില്‍ ഇരുത്തിയതാണെന്നും ദിലീഷ് പോത്തന്‍ പറയുന്നു.

സിനിമ റിലീസായപ്പോള്‍ പോയി കണ്ടെന്നും എന്നാല്‍ താന്‍ എത്താന്‍ കുറച്ച് വൈകിയെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. സിനിമയുടെ തുടക്കത്തില്‍ തന്നെയുള്ള സീനായിരുന്നു തന്റേതെന്നും എന്നാല്‍ അക്കാര്യം തനിക്ക് അറിയില്ലായിരുന്നെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു. അവസാനം വരെ കണ്ടിട്ടും തന്നെ കാണാന്‍ സാധിച്ചില്ലെന്നും രണ്ടാമത് കണ്ടപ്പോഴാണ് തന്റെ മുഖം കണ്ടതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.

‘ചന്ദ്രനുദിക്കുന്ന ദിക്കിലെ സീന്‍ പല സമയത്തായി ആളുകള്‍ കുത്തിപ്പൊക്കും. അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയതല്ല. മൈസൂരില്‍ പഠിക്കാന്‍ പോയ സമയത്താണ് ആ പടത്തിന്റെ ഷൂട്ട് നടന്നത്. ഷൂട്ടിങ്ങൊക്കെ കാണാമല്ലോ എന്ന ചിന്തയില്‍ പോയതാണ്. ‘വൈകുന്നേരം വരെ നില്‍ക്കാമോ’ എന്ന് അവര്‍ ചോദിച്ചു. നില്‍ക്കാമെന്ന് ഞാന്‍ പറഞ്ഞു.

തിയേറ്ററില്‍ ഇരിക്കുന്ന ആളുകളുടെ കൂട്ടത്തില്‍ എന്നെയും ഇരുത്തി. അവര്‍ക്ക് ഈസിയായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്നതുകൊണ്ടാണ് എന്നെ തെരഞ്ഞെടുത്തത്. സിനിമ റിലീസായപ്പോള്‍ പോയി കണ്ടു. പക്ഷേ, തിയേറ്ററിലെത്താന്‍ കുറച്ച് ലേറ്റായി. ഈ സീന്‍ പടത്തിന്റെ തുടക്കത്തിലായിരുന്നു. അവസാനം വരെ ഇരുന്ന് കണ്ടിട്ടും എന്റെ സീന്‍ വന്നില്ല. എടുത്തുകളഞ്ഞെന്ന് വിചാരിച്ചു. പിന്നീട് ഒന്നുകൂടെ കണ്ടപ്പോഴാണ് എന്റെ സീന്‍ കാണാന്‍ പറ്റിയത്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Dileesh Pothan shares the experience of acted in Chandranudikkunna Dikkil movie