| Wednesday, 12th March 2025, 12:48 pm

ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ടെലഗ്രാമില്‍ സിനിമ കാണുന്നത് കേരളത്തില്‍, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് മലയാളത്തിനോടുള്ള താത്പര്യം കുറയാന്‍ അതുമൊരു കാരണം: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയയാളാണ് ദിലീഷ് പോത്തന്‍. നിരവധി ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടാറായ ദിലീഷ് അഭിനേതാവായിട്ടാണ് തുടക്കകാലത്ത് തിളങ്ങിയത്. മഹേഷിന്റെ പ്രതികാരത്തിലൂടെ സ്വതന്ത്രസംവിധായകനായ ദിലീഷ് പോത്തന്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങളും ഒരുക്കി.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പ്രേമലുവിന്റെ നിര്‍മാതാക്കളിലൊരാള്‍ ദിലീഷ് പോത്തനായിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് മലയാളസിനിമയോട് അടുത്തിടെയുണ്ടായ വിമുഖതയെക്കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം വരുമാനമുണ്ടാക്കിയ ഇന്‍ഡസ്ട്രികളില്‍ ഒന്നാണ് മോളിവുഡെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു.

അധികം ബജറ്റില്ലാത്ത സിനിമകളിലൂടെ വലിയ കളക്ഷന്‍ നേടിയ സിനിമകളായിരുന്നു മലയാളത്തില്‍ അധികവും ഉണ്ടായതെന്ന് ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ കാര്യം നോക്കുമ്പോള്‍ മറ്റ് ഭാഷകളെ വെച്ച് മലയാളസിനിമ കാണുന്ന പ്രേക്ഷകര്‍ കുറവാണെന്നും അക്കാരണം കൊണ്ട് അവര്‍ മലയാളസിനിമക്ക് അധികം പ്രാധാന്യം കൊടുക്കുന്നില്ലെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളെ സംബന്ധിച്ച് മലയാളം സംസാരിക്കുന്നവര്‍ കുറവായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു. മുംബൈയിലെ ഒരു കമ്പനി നടത്തിയ സര്‍വേ പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ടെലഗ്രാമില്‍ സിനിമ കാണുന്നത് കേരളത്തിലാണെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

കേരളത്തിലാണ് ഏറ്റവുമധികം പൈറസി സിനിമകള്‍ കാണുന്നവരെന്ന് ആ പഠനം പറയുന്നുണ്ടെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു. ഔസേപ്പിന്റെ ഒസ്യത്ത് എന്ന സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.

‘കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം റെവന്യൂ ജനറേറ്റ് ചെയ്ത ഇന്‍ഡസ്ട്രി മലയാളമാണ്. ഇന്‍വെസ്റ്റ് ചെയ്ത പൈസക്ക് തിരിച്ച് എത്ര കിട്ടിയത് എന്ന് നോക്കുമ്പോള്‍ 2023ല്‍ 6.4 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം അത് 12 ശതമാനമായി ഉയര്‍ന്നു. അതൊക്കെ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് വലിയൊരു കാര്യമാണ്.

അപ്പോഴും പല മലയാളസിനിമക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ കിട്ടുന്നില്ല എന്നത് സത്യമായിട്ടുള്ള കാര്യമാണ്. മറ്റ് ഭാഷകളെ വെച്ച് നോക്കിയാല്‍ ഒ.ടി.ടിയില്‍ മലയാളത്തില്‍ സിനിമ കാണുന്ന പ്രേക്ഷകരുടെ എണ്ണം കുറവാണ്. തമിഴും തെലുങ്കും പോലെ ഒരുപാട് ആളുകള്‍ സംസാരിക്കുന്ന ഭാഷയല്ല മലയാളം. അതാണ് ഒന്നാമത്തെ കാരണം.

രണ്ടാമത്തേത്, ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ടെലഗ്രാമില്‍ സിനിമ കാണുന്നത് കേരളത്തിലാണെന്ന് മുംബൈയിലുള്ള ഒരു സ്ഥാപനം നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. പലരും പൈറസി പ്രിന്റാണ് കാണുന്നത്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Dileesh Pothan shares his view on OTT platform’s negligence to Malayalam cinema

We use cookies to give you the best possible experience. Learn more