Advertisement
Entertainment
തിലകന്‍ ചേട്ടനെ പോലെ കഥാപാത്രങ്ങളെ വ്യത്യസ്തമാക്കുന്ന നടന്‍; പുതിയ ആളെപ്പോലെ വര്‍ക്ക് ചെയ്യും: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 16, 03:18 am
Sunday, 16th March 2025, 8:48 am

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും, ജോജി തുടങ്ങി വെറും മൂന്ന് ചിത്രങ്ങളിലൂടെ തന്നെ മലയാളത്തിലെ മികച്ച സംവിധായകനായി മാറിയ ആളാണ് ദിലീഷ് പോത്തന്‍. അദ്ദേഹം അഭിനയിച്ച് അവസാനം തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു ഔസേപ്പിന്റെ ഒസ്യത്ത്.

ചിത്രത്തില്‍ നടന്‍ വിജയരാഘവനും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ വിജയരാഘവനെ കുറിച്ച് പറയുകയാണ് ദിലീഷ് പോത്തന്‍. വളരെ ഡെഡിക്കേറ്റഡായ നടനാണ് അദ്ദേഹമെന്നും സീനിയറാണെങ്കിലും പുതിയ ആളെപ്പോലെ ഓരോ സിനിമയിലും വര്‍ക്ക് ചെയ്യുന്നത് പോലെയാണ് തനിക്ക് തോന്നാറുള്ളതെന്നും ദിലീഷ് പറയുന്നു.

സാമ്യതകള്‍ വരാന്‍ സാധ്യതയുള്ള കഥാപാത്രങ്ങളെ എങ്ങനെ പെര്‍ഫോമന്‍സിലൂടെ വ്യത്യസ്തമാക്കാമെന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് വിജയരാഘവനെന്നും അദ്ദേഹം പറഞ്ഞു. പണ്ട് നടന്‍ തിലകന്‍ തന്റെ കഥാപാത്രങ്ങളെ അഭിനയത്തിലൂടെ വ്യത്യസ്തമാക്കുന്നത് പോലെയാണ് വിജയരാഘവന്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു.

‘കുട്ടേട്ടനെ കുറിച്ച് ഞാന്‍ മുമ്പും സംസാരിച്ചിട്ടുണ്ട്. വളരെ ഡെഡിക്കേറ്റഡായ നടനാണ് അദ്ദേഹം. വിജയരാഘവന്‍ എന്ന നടന്‍ സീനിയറാണെങ്കിലും പുതിയ ആളെപ്പോലെ ഓരോ സിനിമയിലും വര്‍ക്ക് ചെയ്യുന്നത് പോലെയാണ് എനിക്ക് തോന്നാറുള്ളത്.

ഇത്രയും വര്‍ഷമായിട്ട് ഒരുപാട് അച്ഛന്‍ കഥാപാത്രങ്ങള്‍ കുട്ടേട്ടന്‍ ചെയ്തിട്ടുണ്ട്. അതേ ടൈപ്പ് കഥാപാത്രങ്ങള്‍ ഒരുപാട് വന്നിട്ടുണ്ട്. നമ്മളെല്ലാവരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നതാണ്. അദ്ദേഹത്തിന്റെ സിനിമകളും കഥാപാത്രങ്ങളും ശ്രദ്ധിക്കുന്നതാണ്.

പലപ്പോഴും നമുക്കൊക്കെ ഒരേ പോലെയുള്ള കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി കിട്ടാറുണ്ട്. ഓരോ കഥാപാത്രങ്ങളും തമ്മില്‍ എന്തെങ്കിലുമൊക്കെ സാമ്യതകള്‍ ഉണ്ടാകും. അത്തരത്തില്‍ സാമ്യതകളുള്ള കഥാപാത്രങ്ങളെ എങ്ങനെ പെര്‍ഫോമന്‍സിലൂടെ വ്യത്യസ്തമാക്കാമെന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് കുട്ടേട്ടന്‍.

മുമ്പ് നമ്മള്‍ തിലകന്‍ ചേട്ടനെ കണ്ടിട്ടുണ്ട്. ഒരു പള്ളീലച്ചന്‍ കഥാപാത്രത്തില്‍ നിന്നും അടുത്ത പള്ളീലച്ചനിലേക്ക് പോകുമ്പോള്‍ അതിന് രണ്ടിനും ഒരു ബന്ധവും കാണില്ല.

ഒരു പൊലീസുകാരനില്‍ നിന്നും അടുത്ത പൊലീസുകാരനിലേക്ക് പോകുമ്പോഴും അങ്ങനെ തന്നെയാണ്. അത്രയും വ്യത്യസ്തമായാണ് തിലകന്‍ ചേട്ടന്‍ ചെയ്യാറുള്ളത്. അതുപോലെ തന്നെയാണ് കുട്ടേട്ടന്റെ കാര്യവും,’ ദിലീഷ് പോത്തന്‍ പറയുന്നു.

Content Highlight: Dileesh Pothan Says Vijayaraghavan’s Acting Is Look Like Thilakan