മമ്മൂട്ടിയോടും മോഹൻലാലിനോടും കഥ പറയാൻ ചെല്ലുമ്പോൾ ക്വാളിറ്റിയുള്ള കഥയുമായി ചെല്ലണമെന്ന് ദിലീഷ് പോത്തൻ. അവർക്ക് കഥ ഇഷ്ടമായില്ലെങ്കിൽ താൻ തകർന്ന് പോവുമെന്നും ദിലീഷ് പറഞ്ഞു.
മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളത്തിന് ലഭിച്ച റിയലിസ്റ്റിക് ഫിലിം മേക്കറാണ് ദിലീഷ് പോത്തൻ.
സംവിധാനം ചെയ്ത മൂന്ന് സിനിമകളും വലിയ രീതിയിൽ ശ്രദ്ധ നേടിയപ്പോൾ ഒരു മികച്ച സംവിധായകനെയാണ് മലയാളത്തിന് ലഭിച്ചത്. മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനൊപ്പവും സിനിമ ചെയ്യാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് പറയുകയായിരുന്നു ദിലീഷ് പോത്തൻ. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ഇതുവരെ മോഹൻലാലിനോടോ മമ്മൂട്ടിയോടൊ കഥ പറഞ്ഞിട്ടില്ല. പക്ഷെ ഇവരോട് രണ്ട് പേരോടും ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയും ആഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തിട്ടുണ്ട്. അവർക്കും താത്പര്യമുണ്ടെന്നാണ് ഞാൻ കരുതുന്നത്.
ഞാൻ ചെയ്ത മൂന്ന് സിനിമയിൽ ജോജി ഒഴികെ ബാക്കി രണ്ടും ഒരു നടന് വേണ്ടി ചെയ്ത സിനിമയൊന്നുമല്ല. ജോജി ഒരു പരിധി വരെ മുമ്പേ തീരുമാനിച്ചതായിരുന്നു. അത് കൊവിഡ് സാഹചര്യം ആയതുകൊണ്ട് മാത്രമാണ്. ബാക്കിയൊക്കെ അങ്ങനെ സംഭവിച്ചു പോയതാണ്.
മോഹൻലാലിനോടോ മമ്മൂട്ടിയോടോ പോയി ഒരു കഥ പറയുമ്പോൾ എന്തെങ്കിലുമൊരു ക്വാളിറ്റി ആയിട്ട് വേണം നമ്മൾ ചെല്ലാൻ. അവിടെ ചെന്നിട്ട് അവർക്ക് ആ കഥ ഇഷ്ടപ്പെട്ടിലെങ്കിൽ ഞാൻ തകർന്ന് പോവും.
കഴിഞ്ഞപടം ഞാൻ മമ്മൂക്കയോടൊപ്പം ചെയ്ത സമയത്ത് സെറ്റിൽ നിന്ന് കാണുന്ന സമയത്തൊക്കെ മമ്മൂക്ക എന്നോട് ചോദിക്കും, വല്ലതും നടക്കുമോയെന്ന്. ഞാൻ ആലോചിക്കുന്നുണ്ടെന്ന് പറയുമ്പോൾ മമ്മൂക്ക പറയും, അങ്ങനെ ആലോചിച്ചാൽ ഒന്നും നടക്കില്ല ഇരുന്ന് ആലോചിക്കണമെന്ന്.
അങ്ങനെ സപ്പോർട്ടീവാണ് അവരൊക്കെ. നല്ലൊരു പരിപാടി വന്ന് വീഴാത്തത് കൊണ്ടാണ്. എക്സൈറ്റിങ് ആയിരിക്കണമല്ലോ സിനിമ. അവരെയും എക്സൈറ്റിങ് ആക്കുന്ന ഒരു വലിയ വേഷം വേണമല്ലോ.