Entertainment news
മമ്മൂക്കയെ എടാ ജബ്ബാറേ എന്ന് വിളിച്ചു; അദ്ദേഹത്തെ പുച്ഛിക്കാനും വെല്ലുവിളിക്കാനുമൊക്കെ ബുദ്ധിമുട്ടാണ്: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 13, 06:36 am
Monday, 13th February 2023, 12:06 pm

സിനിമാ മേഖലയില്‍ നായകന്‍മാര്‍ തമ്മിലും കഥാപാത്രങ്ങള്‍ തമ്മിലും രണ്ട് തരത്തിലുള്ള ബന്ധമാണ് നിലനില്‍ക്കുന്നതെന്നും, അത് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും, സംവിധായകന്‍ ദിലീഷ് പോത്തന്‍.

വലിയ താരങ്ങളുടെ കൂടെ അഭിനയിക്കുന്ന സമയത്ത് ഈ ബന്ധം നിലനിര്‍ത്താന്‍ വലിയ ബുദ്ധിമുട്ടാണെന്നും പലപ്പോഴും കോമ്പിനേഷന്‍ സീനുകളില്‍ ഡയലോഗുകള്‍ പറയാന്‍ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്റ്റ്ഫര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. സിനിമയിലെ മമ്മൂട്ടിയോടൊപ്പമുള്ള അഭിനയ നിമിഷങ്ങള്‍ പങ്കുവെങ്കുക്കയായിരുന്നു അദ്ദേഹം.

‘ക്രിസ്റ്റഫറില്‍ മമ്മുക്കയോടൊപ്പം ഒരുമിച്ചുള്ള സീനുകള്‍ ഒരുപാടുണ്ടായിരുന്നു. ഭയങ്കര കോണ്‍ഫ്‌ലിക്റ്റുകളുള്ള സീനുകളായിരുന്നു അവ. മമ്മുക്കയുമായി കുറച്ച് സിനിമകള്‍ ഇതിന് മുമ്പും ഞാന്‍ ചെയ്തിട്ടുണ്ട്. എപ്പോഴും രണ്ട് ആക്ടേര്‍സ് തമ്മിലുള്ള റിലേഷനും, രണ്ട് ക്യാരക്ടേഴ്‌സ് തമ്മിലുള്ള റിലേഷനും തമ്മില്‍ വ്യത്യാസം ഉണ്ടാവും.

മമ്മുക്കയെ വെച്ച് നോക്കിയില്‍ ഞാന്‍ വളരെ ജൂനിയറായിട്ടുള്ള ആളാണ്. നമ്മള്‍ ഭയങ്കര റെസ്പക്ടോടെ കാണുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഒരു വ്യക്തി എന്ന നിലയില്‍ ബഹുമാനം കലര്‍ന്ന ബന്ധമാണ് എനിക്ക് മമ്മുക്കയോടുള്ളത്,’ ദിലീഷ് പറഞ്ഞു

ഒരു ക്യാരക്ടറിലേക്കെത്തുമ്പോള്‍ ആ ബന്ധമായിരിക്കില്ല നമുക്കുണ്ടാവേണ്ടതെന്നും, എന്നാല്‍ ബഹുമാനം കാരണം പലപ്പോഴും അതിന് കഴിയാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മമ്മൂക്കയുടെ കൂടെ ഞാന്‍ പണ്ട് അഭിനയിച്ച ഒരു ചിത്രത്തില്‍ മമ്മൂക്കയെ എടാ ജബ്ബാറേ എന്ന് വിളിക്കുന്ന സീനുണ്ടായിരുന്നു. എന്റെ ഫസ്റ്റ് ഷോട്ടായിരുന്നു അത്. പക്ഷെ ഞാന്‍ ഡയറക്ടറോട് ചോദിച്ചത് എനിക്ക് ഇത് കുറച്ച് കഴിഞ്ഞ് തന്നൂടേ എന്നാണ്. കാരണം ആ ഡയലോഗ് പറയാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.

ഒരു വ്യക്തിയെന്ന നിലയില്‍ മമ്മൂക്കയോട് അത്രയും ഇടപഴകാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും, പലപ്പോഴും ബഹുമാനം കൊണ്ട് ക്യാരക്ടറിന്റെ റിലേഷനിലേക്ക് എത്തിപ്പെടാന്‍ പാടാണ്. നമ്മള്‍ ബഹുമാനിക്കുന്ന ആളുടെ നേരെ നിവര്‍ന്ന് നിന്ന് അവരെ പുച്ഛിക്കാനോ വെല്ലുവിളിക്കാനോ ഒക്കെ ബുദ്ധിമുട്ടാണ്. അത്‌കൊണ്ട് തന്നെ റിയല്‍ ലൈഫില്‍ നിന്നും കാരക്ടറിലേക്കുള്ള മാറ്റം വലിയ വെല്ലു വിളി തന്നെയാണ് എനിക്ക് ഉണ്ടാക്കിയത്,’ അദ്ദേഹം പറഞ്ഞു.

Content Highlight: dileesh pothan says his acting experience with mammootty