|

സിനിമയില്‍ കാണുന്നതെല്ലാം അങ്ങനെയെടുത്ത് തലയില്‍ വെക്കുന്നയാളല്ല ഞാന്‍: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തി പിന്നീട് സംവിധാനത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ചയാളാണ് ദിലീഷ് പോത്തന്‍. 2016ല്‍ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് സ്വതന്ത്രസംവിധായകനായത്. ആ സിനിമയ്ക്ക് 64ആം ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ദിലീഷ് പോത്തന്റെ സംവിധാന മികവിന് ‘പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്’ എന്നാണ് നിരൂപകര്‍ കൊടുത്ത വിശേഷണം. ഏഴോളം ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് ദിലീഷ് പോത്തന്‍.

സ്വാതന്ത്യത്തോട് കൂടി സിനിമ ചെയ്യാന്‍ പറ്റുമ്പോഴാണ് പുതിയ ചിത്രങ്ങളുണ്ടാകുന്നതെന്ന് ദിലീഷ് പോത്തന്‍ പറയുന്നു. എന്നാല്‍ ഫിലിം മേക്കര്‍ ഇന്നത്തെ സൊസൈറ്റിയില്‍ ജീവിക്കുന്നയാളും സമൂഹത്തോടും ചുറ്റുപാടുകളോടും ചുമതലയുള്ളയാളുമാണെങ്കില്‍ അയാളുടെ പേഴ്‌സണല്‍ കാഴ്ചപ്പാടില്‍ നിന്നുമാണ് സിനിമ ചെയ്യുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്നും പറയുകയാണ് ദിലീഷ് പോത്തന്‍.

ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ അയാളുടെ സ്വാതന്ത്യത്തില്‍ അയാളുടെ ഇഷ്ടമുള്ള വിഷയത്തില്‍ സിനിമ ചെയ്യാന്‍ പറ്റുമ്പോഴാണ് പുതിയ ചിത്രങ്ങളുണ്ടാകുന്നത്

ഔസേപ്പിന്റെ ഒസ്യത്ത് സിനിമ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് ദിലീഷ് ഇക്കാര്യം പറഞ്ഞത്.

ഇതിന് രണ്ടിനും ഇടയിലൂടെയാണ് ഓരോ ഫിലിം മേക്കറും സഞ്ചരിക്കുന്നതെന്നും സിനിമയെ ജീവിതത്തില്‍ തന്നെ സ്വാധീനിച്ചിട്ടില്ലെന്നും പറയുന്നുണ്ട് ദിലീഷ്.

‘ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ അയാളുടെ സ്വാതന്ത്യത്തില്‍ അയാളുടെ ഇഷ്ടമുള്ള വിഷയത്തില്‍ സിനിമ ചെയ്യാന്‍ പറ്റുമ്പോഴാണ് പുതിയ ചിത്രങ്ങളുണ്ടാകുന്നതെന്ന് തന്നെയാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്. പക്ഷെ ഫിലിം മേക്കര്‍ ഇന്നത്തെ സൊസൈറ്റിയില്‍ ജീവിക്കുന്നവരും സമൂഹത്തോടും ചുറ്റുപാടുകളോടും ചുമതലയുള്ള വ്യക്തിയാണെങ്കില്‍ അതയാളുടെ പേഴ്‌സണല്‍ കാഴ്ചപ്പാടില്‍ നിന്നാണ് ചെയ്യുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഇതിന് രണ്ടിനും ഇടയിലൂടെയാണ് ഓരോ ഫിലിം മേക്കറും സഞ്ചരിക്കുന്നത്.

സിനിമകളെ സിനിമയായിട്ടല്ലാതെ ജീവിതത്തില്‍ എന്നെ സ്വാധീനിച്ചിട്ടില്ല. ഞാനൊരു സിനിമയും കണ്ടിട്ട് നന്നായിട്ടുമില്ല മോശമായിട്ടുമില്ല പേഴ്‌സണലി. എല്ലാവര്‍ക്കും അങ്ങനെയാകണമെന്നും ഇല്ല.

ഞാന്‍ ചെറുപ്പം മുതല്‍ സിനിമ കാണുന്നയാളാണ്. കുട്ടിയായിരിക്കുമ്പോള്‍ സിനിമ കണ്ടെന്ന് കരുതി സിനിമയാണെന്ന ബോധത്തോട് കൂടി തന്നെയാണ് കണ്ടിട്ടുള്ളത്. സിനിമയില്‍ കാണുന്നതെല്ലാം അങ്ങനെയെടുത്ത് തലയില്‍ വെക്കുന്നയാളല്ല ഞാന്‍. ഞാനിങ്ങനെയാണ് മൊത്തത്തില്‍ എങ്ങനെയാണ് സ്വാധീനിക്കുകയെന്ന് എനിക്കറിയില്ല. എല്ലാവര്‍ക്കും ചിലപ്പോള്‍ അങ്ങനെയായിരിക്കില്ല. അത്തരം ബോധ്യങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള വനിതാ ഫിലിം അവാര്‍ഡ് കരസ്ഥമാക്കി ദിലീഷ് പോത്തന്‍. ആദ്യ രണ്ട് ചിത്രങ്ങളിലൂടെ 2016ലെയും 2017ലെയും മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്‌ക്കാരങ്ങള്‍ നേടിയ അപൂര്‍വ്വ നേട്ടത്തിനുടമയും കൂടിയാണ് ദിലീഷ് പോത്തന്‍.

Content Highlight: Dileesh Pothan Says About The Change in Malayalam Films