പഴയകാലത്തെ ഫയര്‍ബ്രാന്‍ഡ് പൊലീസ് കഥാപാത്രങ്ങളെ ഇപ്പോഴും ജനങ്ങള്‍ ഏറ്റെടുക്കുമെന്നും എല്ലാകാലത്തും അത്തരം കഥാപാത്രങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്നും നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍. പുതിയ ചിത്രമായ ഗോളത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തന്‍ ഇക്കാര്യം പറഞ്ഞത്.
ഇപ്പോഴുള്ള പ്രേക്ഷകര്‍ക്കും ഇത്തരം സിനിമകളും കഥാപാത്രങ്ങളും വളെരയധികം ഇഷ്ടമാണെന്നും കാലത്തിനനുസരിച്ച് തിരക്കഥയിലും അവതരണത്തിലും മാറ്റം വരുത്തിയാല്‍ വീണ്ടും സ്വീകരിക്കുമെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. സിസ്റ്റത്തിലെ തെറ്റുകളോട് ഒറ്റക്ക് കലഹിച്ച് ന്യായത്തിന് വേണ്ടി പോരാടുന്ന നായകന്മാരെ എല്ലാ കാലത്തും ആളുകള്‍ ഏറ്റെടുക്കുമെന്നും ദിലീഷ് കൂട്ടിച്ചേര്‍ത്തു.
‘കമ്മീഷണറും കിങ്ങും പോലുള്ള സിനിമകള്‍ക്ക് ഇന്നും ആരാധകരുണ്ട്. എല്ലാ കാലത്തും ഇതുപോലുള്ള ഫയര്‍ബ്രാന്‍ഡ് കഥാപാത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കും. പക്ഷേ സിനിമയുടെ രീതികളും കഥ പറയുന്ന രീതികളും മാറിയിട്ടുണ്ട്. ആ മാറ്റം ഉള്‍ക്കൊണ്ടിട്ട് വേണം ഇത്തരം കഥകള്‍ എഴുതാന്‍.
ആളുകള്‍ക്ക് കണക്ടാകുന്ന കഥാപാത്രങ്ങളാണ് ഇവരൊക്കെ. സൊസൈറ്റിയിലും സിസ്റ്റത്തിലും നടക്കുന്ന തെറ്റുകളോട് ഒറ്റക്ക് കലഹിച്ച് ജയിക്കുന്ന നായകനെ കാണാന്‍ പ്രേക്ഷകര്‍ക്ക് ഇന്നും ഇഷ്ടമാണ്. ടി.വിയിലൊക്കെ അത്തരം സിനിമകള്‍ വന്നാല്‍ ആളുകള്‍ ഇപ്പോഴും ഇരുന്ന് കാണുന്നതിന്റെ കാരണം അതാണ്. ഈ കാലത്ത് അത്തരം സിനിമകള്‍ ഇറങ്ങുന്നുണ്ടെങ്കില്‍ ഇപ്പോഴുള്ള കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വേണം. അല്ലെങ്കില്‍ ആളുകള്‍ റിജക്ട് ചെയ്യും,’ ദിലീഷ് പോത്തന്‍ പറഞ്ഞു.
Content Highlight: Dileesh Pothan saying that movies like The King will be accepted by audience with some changes