Entertainment
എമ്പുരാന്‍ വിജയിക്കേണ്ടത് എന്റെയും കൂടി ആവശ്യമാണ്, അതിനൊരു കാരണമുണ്ട്: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 12, 03:08 am
Wednesday, 12th March 2025, 8:38 am

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയയാളാണ് ദിലീഷ് പോത്തന്‍. ചെറിയ വേഷങ്ങളിലൂടെ അഭിനേതാവായി തിളങ്ങിയ ദിലീഷ് പോത്തന്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. പിന്നീട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായി മാറി. സംവിധാനത്തിന് പുറമെ അഭിനയത്തിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ദിലീഷിന് സാധിച്ചു.

മലയാളസിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്‍ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍. എമ്പുരാന്‍ വലിയ വിജയമാകേണ്ടത് തന്റെ ആവശ്യമാണെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. ഇന്‍ഡസ്ട്രി ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് എമ്പുരാന്‍ ഒരുങ്ങുന്നതെന്നും അത് വിജയിക്കേണ്ടത് തന്റെ മാത്രമല്ല, ഇന്‍ഡസ്ട്രിയുടെയും ആവശ്യമാണെന്ന് ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ തനിക്ക് ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിന് എമ്പുരാന്‍ പോലുള്ള സിനിമകള്‍ വിജയിക്കണമെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. എന്നാല്‍ മാത്രമേ ബിഗ് ബജറ്റ് സിനിമകള്‍ക്ക് പൈസ ചെലവാക്കാന്‍ പല പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും പ്രചോദനമാകുള്ളൂവെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു.

ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും ഉടമസ്ഥതയിലുള്ള ഭാവനാ സ്റ്റുഡിയോസിന്റെ അടുത്ത പ്രൊജക്ടുകളെക്കുറിച്ചും ദിലീഷ് പോത്തന്‍ സംസാരിച്ചു. പ്രേമലുവിന്റെ വിജയാഘോഷവേളയില്‍ അനൗണ്‍സ് ചെയ്ത കരാട്ടേ ചന്ദ്രന്‍, പ്രേമലു 2 എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം ഷൂട്ടിങ് ആരംഭിക്കുമെന്നും രണ്ടും ഒരേ സമയം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. ഔസേപ്പിന്റെ ഔസ്യത്ത് എന്ന സിനിമയുടെ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.

‘എമ്പുരാന്‍ എന്ന സിനിമക്കായി ഇന്‍ഡസ്ട്രി മുഴുവന്‍ കാത്തിരിക്കുകയാണ്. ആ സിനിമ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരില്‍ ഞാനുമുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റില്‍ വരുന്ന സിനിമയാണത്. ആ സിനിമ വിജയിക്കേണ്ടത് എന്റെ കൂടെ ആവശ്യമാണ്. കാരണം, ആ സിനിമയുടെ വിജയമാണ് ഭാവിയില്‍ ഞാന്‍ ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതിനുള്ള പ്രചോദനം.

എമ്പുരാന്‍ പരാജയമായാല്‍ അത്തരം റിസ്‌ക് വീണ്ടുമെടുക്കാന്‍ ആരും തയാറാകില്ല. ചെറിയ ബജറ്റിലുള്ള പടങ്ങള്‍ മാത്രമല്ല, ബിഗ് ബജറ്റ് പടങ്ങളും ഇവിടെ വിജയിക്കണമല്ലോ. ഭാവനാ സ്റ്റുഡിയോസിന്റെ അടുത്ത പ്രൊജക്ടുകള്‍ കരാട്ടേ ചന്ദ്രനും പ്രേമലു 2വുമാണ്. രണ്ട് പടങ്ങളുടെയും ഷൂട്ട് ഈ വര്‍ഷം തുടങ്ങും. ഒരേ സമയത്ത് തന്നെ രണ്ട് പടത്തിന്റെയും വര്‍ക്ക് തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്,’ ദിലീഷ് പോത്തന്‍ പറയുന്നു.

Content Highlight: Dileesh Pothan saying Empuran movie want to success is his need