മലയാള സിനിമയില്‍ നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ദിലീഷ് പോത്തന്‍. 2011ല്‍ പുറത്തിറങ്ങിയ സാള്‍ട്ട് എന്‍ പെപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയം ആരംഭിക്കുന്നത്.
പിന്നീട് 22 ഫീമെയില്‍ കോട്ടയം, അഞ്ച് സുന്ദരികള്‍, ഇടുക്കി ഗോള്‍ഡ്, ഇയ്യോബിന്റെ പുസ്തകം ഉള്‍പ്പെടെയുള്ള സിനിമകളിലെ അഭിനയത്തിലൂടെ താരം ശ്രദ്ധ നേടി.
2016ല്‍ ഫഹദ് ഫാസിലെ നായകനാക്കി പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തന്‍ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ വന്ന തൊണ്ടിമുതലും ദൃസാക്ഷിയും, ജോജി എന്നീ ചിത്രങ്ങളും വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു.
ഈ വര്‍ഷം ദിലീഷ് പോത്തന്‍ അഭിനയിച്ച അഞ്ച് സിനിമകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. അബ്രഹാം ഓസ്‌ലര്‍, മനസാ വാചാ, ടര്‍ബോ, തലവന്‍, ഗോളം എന്നിവയാണ് അവ. ഇതില്‍ അബ്രഹാം ഓസ്‌ലര്‍, തലവന്‍, ഗോളം എന്നീ സിനിമകള്‍ ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്നതാണ്.
ഗോളത്തിന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ ഓരോ കഥാപാത്രങ്ങളും താന്‍ വളരെയധികം തെരഞ്ഞടുത്ത് ചെയ്തതാണെന്നും ആദ്യ കാലങ്ങളില്‍ അഭിനയം എന്ന മോഹം ഇല്ലാതെയാണ് തുടങ്ങിയതെന്നും ദിലീഷ് പറഞ്ഞിരുന്നു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും നോക്കിയാല്‍ ദിലീഷ് പോത്തന്‍ എന്ന നടന്റെ തെരഞ്ഞെടുപ്പ് എത്ര മികച്ചതാണെന്ന് മനസിലാക്കാന്‍ സാധിക്കും.
2024ല്‍ താരത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ സിനിമയായിരുന്നു അബ്രഹാം ഓസ്‌ലര്‍. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ എത്തിയ ഈ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ സുധാകരന്‍ പയ്യാരത്ത് എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്.
ജയറാം, മമ്മൂട്ടി, അനശ്വര രാജന്‍, ജഗദീഷ്, സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍, അനൂപ് മേനോന്‍, ആര്യ സലിം, സെന്തില്‍ കൃഷ്ണ ഉള്‍പ്പെടെയുള്ള മികച്ച താരനിരയായിരുന്നു അബ്രഹാം ഓസ്‌ലറില്‍ ഒന്നിച്ചത്.
ജിസ് ജോയ് സംവിധാനത്തില്‍ 2024ല്‍ എത്തിയ ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമാണ് തലവന്‍. ബിജു മേനോന്‍, ആസിഫ് അലി, മിയ ജോര്‍ജ്, അനുശ്രീ, കോട്ടയം നസീര്‍ എന്നിവര്‍ ഒന്നിച്ച സിനിമയില്‍ ഡി.വൈ.എസ്.പി ഉദയബാനുവായിട്ടാണ് ദിലീഷ് പോത്തന്‍ എത്തിയത്.
ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് ഡി.വൈ.എസ്.പി ഉദയബാനു. തലവനിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധനേടിയിരുന്നു. മെയ് 24ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോഴും തിയേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.
ദിലീഷ് പോത്തന്റെ ഏറ്റവും പുതിയ സിനിമയാണ് ഗോളം. നവാഗതനായ സംജാദാണ് ഈ സസ്‌പെന്‍സ് മിസ്റ്ററി ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന് പുറമെ രഞ്ജിത്ത് സജീവ്, സണ്ണി വെയ്ന്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളാണ് ഒന്നിച്ചത്.
മലയാളത്തില്‍ ഈ വര്‍ഷമെത്തിയ മൂന്ന് ത്രില്ലര്‍ ചിത്രങ്ങളുടെ ഭാഗമായിരിക്കുകയാണ് ദിലീഷ് പോത്തന്‍. ഈ മൂന്ന് സിനിമകള്‍ക്കും ഇനി തുടര്‍ച്ചയെന്നോണം രണ്ടാം ഭാഗവും ഉണ്ടാകും. എന്നാല്‍ അതില്‍ രണ്ട് സിനിമകളില്‍ ദിലീഷിന്റെ കഥാപാത്രങ്ങള്‍ കൊല്ലപ്പെട്ടു എന്നതാണ് ഇതിലെ രസകരമായ കാര്യം.
Content Highlight: Dileesh Pothan’s Thriller Movies In 2024